ടി20യിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ബാറ്റ്സ്മാൻ

ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റ് ആയ ടി20യിൽ 8000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ താരം. 8000 റൺസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരവും ലോകത്തിലെ തന്നെ ആറാമത്തെ താരവുമായിരിക്കുകയാണ് സുരേഷ് റെയ്ന.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ പുതുച്ചേരിക്ക് എതിരെ ഉത്തർ പ്രദേശിന്‌ വേണ്ടി 12 റൺസ് നേടിയപ്പോൾ ആണ് സുരേഷ് റെയ്ന ഈ നേട്ടത്തിൽ എത്തിയത്. 300 ടി20 മത്സരങ്ങളിൽ നിന്നാണ് സുരേഷ് റെയ്ന 8000 റൺസ് നേടിയത്. 251 മത്സരങ്ങളിൽ നിന്നും 7833 റൺസ് ഉള്ള വിരാട് കോഹ്‌ലി ആണ് ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം. 300 മത്സരങ്ങൾ പൂർത്തിയാക്കിയ റെയ്‌നയ്ക്ക് മുന്നിൽ 301 മത്സരങ്ങളുമായി എംഎസ് ധോണി മാത്രമാണ് മുൻപിലുള്ളത്.