തിം ഇന്ത്യൻ വെൽസ് ചാമ്പ്യൻ

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ റോജർ ഫെഡററെ അട്ടിമറിച്ച് ഡൊമിനിക് തിം കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഡൊമിനിക് തിമിന്റെ തിരിച്ചു വരവ്. ഫെഡറർ വരുത്തിയ പിഴകളും തിമിന്റെ വിജയം എളുപ്പമാക്കി. ജയത്തോടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് എത്താനും ഈ ഓസ്ട്രിയക്കാരന് സാധിച്ചു.

കഴിഞ്ഞ വർഷവും ഫെഡറർ ഇവിടെ ഫൈനലിൽ തോറ്റിരുന്നു. ആദ്യ സെറ്റ് പൂർണ്ണമായ ആധിപത്യത്തോടെ കളിച്ച ഫെഡറർ രണ്ടും മൂന്നും സെറ്റുകളിൽ അലസമായി കളിച്ചത് മുതലെടുത്താണ് തിം ജയിച്ചു കയറിയത്. ഇതിന് മുന്നേ നടന്ന രണ്ട് മാസ്റ്റേഴ്സ് ഫൈനലിലും തോറ്റ ശേഷമാണ് തിം കിരീടം നേടിയത്.

ഫെഡറർക്ക് ‘സെഞ്ച്വറി’

എട്ടാമത്തെ തവണയും ദുബായ് ഓപ്പണിൽ മുത്തമിട്ടതോടെ കിരീടനേട്ടത്തിൽ ഫെഡറർ സെഞ്ച്വറി തികച്ചു. കുറച്ച് മുൻപ് നടന്ന ഫൈനലിൽ ഗ്രീസിന്റെ യുവതാരവും, ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡററെ കീഴടക്കുകയും ചെയ്ത സിസിപ്പാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ 6-4,6-4) മറികടന്നാണ് ഫെഡറർ നൂറാം കിരീടം നേടിയത്.

ഇതോടെ ജിമ്മി കോണേഴ്‌സിന് ശേഷം 100 കിരീടങ്ങൾ എന്ന മാന്ത്രിക സംഖ്യയിൽ എത്തുന്ന രണ്ടാമത്തെ കളിക്കാരൻ എന്നുള്ള റെക്കോർഡും ഫെഡറർ സ്വന്തമാക്കി. ടൂർണമെന്റിന്റെ അവസാനത്തിൽ കാഴ്ച വെച്ച മേൽക്കൈ ഫൈനലിലും ഫെഡറർ ആവർത്തിക്കുകയായിരുന്നു. ഈ വിജയം ഓസ്‌ട്രേലിയൻ ഓപ്പണിൽ നേരിട്ട തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി ഫെഡറർക്ക്.

ഒസാക്ക കോച്ചുമായി വഴിപിരിഞ്ഞു

ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരവും, നിലവിലെ യുഎസ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ ജേത്രിയുമായ നവോമി ഒസാക്ക കോച്ച് സാഷ ബാജിനുമായുള്ള കരാർ അവസാനിപ്പിച്ചു. കഴിഞ്ഞ 13 മാസത്തോളം ഒസാക്കയുടെ കോച്ച് സാഷ ആയിരുന്നു. ഇക്കാലയളവിൽ രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങളും, ലോക ഒന്നാം നമ്പർ താരമെന്ന നേട്ടവും ജപ്പാനിൽ നിന്നുള്ള ഈ യുവതാരം സ്വന്തമാക്കി.

പിരിയുന്നതിന്റെ കാരണങ്ങൾ വ്യക്തമല്ല എങ്കിലും സാഷയുമായി പിരിയുകയാണ് എന്ന് നവോമി ട്വീറ്റ് ചെയ്തു.

 

നോവാക്കിന് ഏഴാം കിരീടം

ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തിൽ റോജർ ഫെഡററേയും, റോയ് എമേഴ്‌സണേയും, ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ പീറ്റ് സംപ്രാസിനേയും ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തോടെ ജോക്കോവിച്ച് മറികടന്നു. ഇന്നലത്തെ ഫൈനലിൽ നദാലിനെ 6-3,6-3,6-3 എന്ന ഏകപക്ഷീയമായ സ്കോറിന് നിലം പരിശാക്കിയായിരുന്നു നോവാക്കിന്റെ കിരീട നേട്ടം. കഴിഞ്ഞ 3 സ്ലാമുകളും നേടി എതിരാളികൾ ഇല്ലാതെയാണ് ജോക്കോവിച്ച് മുന്നേറുന്നത്.

കടുത്ത മത്സരം പ്രതീക്ഷിച്ച സകലരേയും നിരാശരാക്കുന്ന വിധത്തിലായിരുന്നു നോവാക്കിന്റെ പ്രകടനം. ഗ്രൗണ്ട് സ്ട്രോക്കുകളിലും സർവ്വുകളിലും മികച്ച് നിന്ന ജോക്കോവിച്ച് നദാലിന് മേലെ ആദ്യ ഗെയിം മുതലേ കരുത്ത് കാട്ടി. എതിരാളിക്ക് ഒരു സെറ്റ് പോലും നൽകാതെ ഫൈനൽ വരെ എത്തിയ നദാലിനെ തുടർച്ചയായി വേണ്ട സമയങ്ങളിലെല്ലാം ബ്രേക്ക് ചെയ്ത് തുടക്കം മുതലേ മത്സരത്തിന്റെ ഗതി നിശ്ചയിക്കാൻ ജോക്കോവിച്ചന്റെ ഗെയിം പ്ലാനിന് കഴിഞ്ഞു എന്നുവേണം പറയാൻ.

ഇതുപോലെ നദാൽ അടുത്ത കാലത്തൊന്നും തോറ്റിട്ടില്ലെന്നത് എത്രമാത്രം ആധിപത്യത്തോടെയാണ് നൊവാക്ക് കളിച്ചതെന്ന് വ്യക്തമാക്കും. ഈയൊരു ലെവലിൽ കളിക്കാൻ മറ്റെന്തെങ്കിലും കണ്ടെത്തണം എന്നാണ് നദാൽ മത്സരശേഷം പ്രതികരിച്ചത്.

ഒസാക്കയ്ക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാന്റെ നവോമി ഒസാക്ക സ്വന്തമാക്കി. അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ രണ്ടുതവണ വിംബിൾഡൺ ജേത്രി കൂടിയായ ചെക്കിന്റെ ക്വിവിറ്റോവയെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് യുവതാരം കീഴടക്കിയത്. സ്‌കോർ 7-6,5-7,6-4.

രണ്ടാം സെറ്റിൽ മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ലഭിച്ചെങ്കിലും ഒന്ന് പോലും മുതലാക്കാൻ ഒസാക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. തിരിച്ചടിച്ച് സെറ്റ് ക്വിവിറ്റോവ നേടിയതോടെ മത്സരം ആവേശകരമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. തുടക്കത്തിലെ ബ്രേക്ക് നിലനിർത്തിയ ഒസാക്ക സെറ്റും മത്സരവും സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടനേട്ടത്തോടെ ഒന്നാം സ്ഥാനവും ഒപ്പം ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിൽ എഴുതാനും ജപ്പാൻ താരത്തിനായി. കഴിഞ്ഞ യുഎസ് ഓപ്പണിൽ സെറീനയെ തകർത്ത് ആദ്യ സ്ലാം നേടിയ ശേഷം തുടർച്ചയായി ഒരു സ്ലാം കൂടി നേടുന്ന താരം, (2001 ന് ശേഷം), ആദ്യ ഏഷ്യൻ ഒന്നാം നമ്പർ, വോസ്നിയാക്കിക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ അങ്ങനെ ഒരുപിടി റെക്കോർഡുകളുമായാണ് ഒസാക്ക മടങ്ങുന്നത്.

മറുവശത്ത് ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച പ്രതിസന്ധികളിൽ നിന്ന് കയറി വന്നാണ് ക്വിവിറ്റോവ ഫൈനലിൽ എത്തിയത്. അതുകൊണ്ട് തന്നെയാകണം ക്വിവിറ്റോവയക്ക് എതിരെ കളിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ഒസാക്ക പറഞ്ഞതും.

കത്തിയിൽ തീരുന്നതല്ല ക്വിവിറ്റോവയെന്ന കോർട്ടിലെ കവിത

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ 2019 എഡീഷനിൽ വനിതാ സിംഗിൾസിൽ ഫൈനലിൽ എത്തിയ പെട്ര ക്വിവിറ്റോവ എന്ന പേര് ടെന്നീസ് പ്രേമികൾക്കിടയിൽ പുതിയതല്ല. ഒരു കവിത പോലെ മനോഹരമായ, ഇടം കൈ കൊണ്ടുള്ള ക്രോസ് കോർട്ട് ഷോട്ടുകളാൽ, വിംബിൾഡൺ പോലുള്ള സ്വപ്നവേദികളിൽ അവർ രചിച്ച ചരിത്രങ്ങൾ ഇന്നും ആരാധകർ മറന്നിട്ടില്ല. ഇടക്കെപ്പഴോ നിറം മങ്ങി പോയിരുന്നെങ്കിലും ആദ്യ പത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു 2017 വർഷത്തിൽ ക്വിവിറ്റോവ.

പക്ഷേ അറ്റകുറ്റപ്പണിയ്ക്ക് എന്ന വ്യാജേന വീട്ടിലെത്തിയ ഒരു മോഷ്ടാവിന്റെ കത്തി അരിഞ്ഞു വീഴ്ത്തിയത് അവരുടെ ടെന്നീസ് എന്ന സ്വപ്ന ചിറകുകളെ തന്നെയാണ്. ആക്രമിക്കുന്നവർക്ക് മുന്നിൽ എളുപ്പത്തിൽ കീഴ്പ്പെടാതെ, പ്രതിരോധിക്കാൻ ശീലിച്ച ഏതൊരു കായിക താരത്തേയും പോലെ അവരും പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ അതിനവർ നൽകിയ വില ഒരുപക്ഷേ അവരുടെ ടെന്നീസ് എന്ന കരിയർ തന്നെയാകുമായിരുന്നു. ഇടം കൈയ്യിലെ അഞ്ച് വിരലുകൾക്കും സാരമായി പരിക്കേറ്റ് ഇനി ടെന്നീസ് സാധ്യമല്ല എന്നു കരുതി 5 മാസം ഒന്നും ചെയ്യാനാകാതെ അവർ വീട്ടിലിരുന്നു. മോണിക്ക സെലസിനെ പോലുള്ളവരുടെ അനുഭവ കഥകൾ ഒരുനിമിഷം അവരുടെ മനസ്സിലൂടെ മിന്നി മറഞ്ഞിരിക്കണം.

ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധികളേയും അതിജീവിയ്ക്കുക എന്ന പാഠമാണ് ഏതൊരു കായിക വിനോദവും നമ്മെ പഠിപ്പിക്കുന്നത്. സാധ്യമല്ല എന്ന് മനസ്സ് പറയുമ്പോഴും സാധ്യമാണ് എന്നവരുടെ ഹൃദയം മന്ത്രിച്ചു കൊണ്ടേയിരുന്നിരിക്കണം. കോർട്ടിലെ അതേ പോരാട്ട വീര്യം അവരുടെ ഉള്ളിൽ അണയാതെ ജ്വലിച്ചിരിക്കണം. മാച്ച് പോയിന്റുകൾക്ക് മുന്നിൽ നിന്ന് അത്ഭുതകരമായി ജയിച്ചു വരുന്നവരെ പോലെ, എഴുതി തള്ളിയവർക്ക് വിജയത്തോടെ മറുപടി നല്കുന്നവരെ പോലെ അവർ തിരിച്ചു വന്നു. എളുപ്പമായിരുന്നില്ല ഒന്നും. പരാജയങ്ങൾ അവരെ തളർത്തിയില്ല, കൂടുതൽ ആവേശത്തോടെ പരിശീലനം ചെയ്തു, ജയപരാജയങ്ങൾ അല്ല, കോർട്ടിൽ ഇറങ്ങുന്ന ഓരോ നിമിഷവും അവരുടെ വിജയമായി കണ്ടു. പുനർജന്മം എന്ന പോലെ തന്റെ രണ്ടാം കരിയറിൽ അവർ വിജയങ്ങൾ എത്തിപ്പിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ‘കുത്തിൽ’ വിരാമമിടാൻ സാധ്യമല്ലാത്ത, ക്വിവിറ്റോവയുടെ പോരാട്ടം ഒരു കവിത പോലെ ഒഴുകി കൊണ്ടേയിരിക്കും. ഒരുപാട് ആളുകൾക്ക് പ്രചോദനമായി എന്നും ജ്വലിച്ചു കൊണ്ടേയിരിക്കും. ഇനിയില്ലെന്ന് ഉറപ്പിക്കുമ്പോൾ ഇവരെ ഓർക്കുക അത് നിങ്ങളെ മാറ്റിചിന്തിപ്പിച്ചേക്കും. ക്വിവി പുതിയ ആകാശത്തിൽ സ്വച്ഛന്ദം പറന്നു കൊണ്ടേയിരിക്കട്ടെ

മറെ വിട ചൊല്ലുന്നു

മൂന്ന് തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനും, ഒരുപക്ഷേ ആരും തകർക്കാൻ ഇടയില്ലാത്ത അപൂർവ്വമായ 2 ഒളിമ്പിക്‌സ് ഗോൾഡ്‌ മെഡലും നേടിയിട്ടുള്ള മുൻ ലോക ഒന്നാം നമ്പർ താരം ആന്റി മറെ ടെന്നീസിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. ദീർഘകാലമായി പരിക്കിന്റെ പിടിയിലുള്ള താരം ഈ വർഷം തിരിച്ചുവരവിന്റെ പാതയിലാണ്. അതിനിടെയാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് മറെ വിംബിൾഡൺ തന്റെ അവസാന ടൂർണമെന്റ് ആകുമെന്ന് പ്രഖ്യാപിച്ച് ടെന്നീസ് ആരാധകരെ ഞെട്ടിച്ചത്. എന്നാൽ പരിക്ക് ശക്തമാണ് എന്നതിനാൽ തന്നെ സ്വന്തം നാട്ടുകാരുടെ മുന്നിൽ വച്ച് വിംബിൾഡണോടെ വിരമിക്കാൻ സാധിക്കുമോ എന്ന സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ ഓസ്‌ട്രേലിയൻ ഓപ്പൺ അദ്ദേഹത്തിന്റെ അവസാന ടൂർണമെന്റ് ആകാനും സാധ്യതയുണ്ട്.

ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവർക്കൊപ്പം സമകാലീനരിൽ ഏറ്റവും മികച്ച കളിക്കാരൻ എന്ന പേര് നേടിയിട്ടുള്ള കളിക്കാരനാണ് മറെ. ഫൈനലുകളിൽ പലപ്പോഴും നിറം മങ്ങിയില്ല എങ്കിൽ ഒരുപിടി ഗ്രാൻഡ്സ്ലാം കിരീടങ്ങൾ മറെയുടെ ശേഖരത്തിൽ കാണുമായിരുന്നേനെ. ടിം ഹെൻമാന് ശേഷം ബ്രിട്ടീഷ് ടെന്നീസിനെ ഉയർത്തി കൊണ്ടുവരാനും, വർഷങ്ങളുടെ ഇടവേളക്ക് ശേഷം വിംബിൾഡണിൽ മുത്തമിടുന്ന ബ്രിട്ടീഷ്കാരനാവാനും കഴിഞ്ഞത് കരിയറിലെ വലിയ നേട്ടങ്ങളാണ്. അമ്മയായിരുന്നു മറെയുടെ ആദ്യ കോച്ച്, സഹോദരൻ ജെയ്മി മറെ ഡബിൾസിൽ ഒന്നാം റാങ്ക് താരമായിരുന്നു.

ഓസ്‌ട്രേലിയൻ ഓപ്പൺ : നദാൽ, ഫെഡറർ ഒരേ ഹാഫിൽ

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ലൈനപ്പ് പൂർത്തിയായി. നിലവിലെ ചാമ്പ്യൻ റോജർ ഫെഡററും, നദാലും ഒരേ ഹാഫിൽ ആണെന്നുള്ളത് ഫൈനലിന് മുന്നേയുള്ള ഫൈനൽ ആകും എന്നത് തീർച്ച. പക്ഷേ സെമി വരെ എത്തുക എന്നത് ദീർഘകാലമായി പരിക്കിന്റെ പിടിയിലുള്ള നദാലിനും, പ്രായം അത്യാവശ്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഫെഡറർക്കും എളുപ്പമാകില്ല. മറുവശത്ത് മിന്നും ഫോമിലുള്ള ജോക്കോവിച്ച് ടൂർ ഫൈനൽസിൽ തന്നെ പരാജയപ്പെടുത്തിയ സ്വരേവിന്റെ ഹാഫിലാണ്. പക്ഷേ മേജർ ടൂർണമെന്റുകളിൽ യുവനിരയ്ക്ക് കാര്യമായ വെല്ലുവിളികൾ ഉയർത്താൻ സാധിക്കുന്നില്ല എന്നത് കണക്കിലെടുത്താൽ ജോക്കോവിച്ച് ഫൈനൽ വരെ എത്തുമെന്ന് തന്നെ കണക്ക് കൂട്ടാം. പരിക്കിൽ നിന്ന് മുക്തനായി മറെയും എത്തുന്നുണ്ട്. ഇതോടെ കുറേ കാലങ്ങൾക്ക് ശേഷം ‘ബിഗ് ഫോർ’ ഒരുമിച്ച് കളത്തിൽ ഇറങ്ങുന്ന ടൂർണമെന്റ് എന്ന പ്രത്യേകതയും ഓസ്‌ട്രേലിയൻ ഓപ്പണിനുണ്ട്.

വനിതകളിൽ സിമോണ ഹാലെപ്, സെറീന എന്നിവർ ഒരേ ഹാഫിലാണ്. ആദ്യ മത്സരത്തിൽ സിമോണ നേരിടുന്നത് കനേപ്പിയെ ആണെന്നത് തുടക്കം മുതൽ ഒന്നാം സീഡിന് കാര്യങ്ങൾ അവതാളത്തിലാക്കും.

പ്രവചനം : കഴിവിനൊത്ത് ഉയരാത്ത യുവനിര ഇത്തവണ പുരുഷന്മാരുടെ ഫൈനലിൽ എത്തുകയോ, കപ്പ് ഉയർത്തുകയോ ചെയ്താൽ അത്ഭുതപ്പെടാനില്ല. പുരുഷ ടെന്നീസിൽ മാറ്റങ്ങൾക്ക് സമയമായി എന്നുതന്നെയാണ് കഴിഞ്ഞ വർഷം നൽകുന്ന സൂചന.

ഇന്റർവ്യൂവിൽ വിതുമ്പി ഫെഡറർ

നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും സാധാരണ മനുഷ്യനാണ് ഫെഡറർ. തോൽക്കുമ്പോഴും, വിജയിക്കുമ്പോഴും ആ മനുഷ്യൻ ഒരു കുട്ടിയെ പോലെ വിതുമ്പുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തവണ സിഎൻഎൻ ഇന്റർവ്യൂവിൽ മുൻ കോച്ച് പീറ്റർ കാർട്ടറെ കുറിച്ചുള്ള ചോദ്യത്തിനാണ് റോജർ ഫെഡറർ വിതുമ്പിയത്. 20 ഗ്രാൻഡ്സ്ലാമുകൾ നേടിക്കഴിഞ്ഞു, എന്തായിരിക്കും പീറ്റർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹം ചിന്തിച്ചിരിക്കുക ? എന്ന ചോദ്യമാണ്‌ ഫെഡററെ കരയിച്ചത്.

ടെന്നീസിലേക്ക് പിച്ചവച്ചിരുന്ന ഫെഡററെ കൗമാരത്തിൽ കണ്ടെത്തിയത് പീറ്റർ ആയിരുന്നു. ഇന്ന് കാണുന്ന കേളീശൈലിയിൽ ഫെഡററെ വാർത്തെടുത്തതും 16 വർഷങ്ങൾക്ക് മുന്നേ വാഹനാപകടത്തിൽ മരണപ്പെട്ട പീറ്റർ കാർട്ടർ ആണെന്ന് നിസ്സംശയം പറയാം. സിഎൻഎൻ ഇന്റർവ്യൂവിൽ അടക്കം പലകുറി ഫെഡറർ അത് ആവർത്തിക്കുന്നുണ്ട്. ഫെഡറർ ആദ്യ ഗ്രാൻഡ്സ്ലാം നേടുന്നതിന് മുന്നേ ആയിരുന്നു പീറ്റർ മരണപ്പെട്ടത്.

ഇപ്പോഴും ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡററുടെ ബോക്‌സിൽ പീറ്ററിന്റെ കുടുംബം മത്സരം കാണാൻ എല്ലായിപ്പോഴും ഉണ്ടാകും. ഇന്റർവ്യൂ വൈറൽ ആയതോടെ ഫെഡററെ ആശ്വസിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ട്വീറ്റുകളാണ് വരുന്നത്.

ദോഹ ഓപ്പൺ: ജോക്കോവിച്ച് പുറത്ത്

ദോഹ ഓപ്പണിന്റെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിന് ഞെട്ടിക്കുന്ന തോൽവി. സ്‌പെയിനിന്റെ അഗൂത് ആണ് ജോക്കോവിച്ചിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് നിഷ്പ്രയാസം നേടിയ ശേഷമായിരുന്നു ജോക്കോവിച്ച് വീണത്. ടൂർണമെന്റിലെ ഏഴാം സീഡാണ് അഗൂത്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചിനെയാണ് അഗൂത് നേരിടുക.

ഇന്ത്യയിൽ നടക്കുന്ന മുൻ ചെന്നൈ ഓപ്പണും ഇപ്പോൾ മഹാരാഷ്ട്ര ഓപ്പൺ ആയി മാറിയ ടൂർണമെന്റിൽ സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്സൺ ഇവോ കാർലോവിച്ചിനെ നേരിടും. രണ്ടുപേരും കൂറ്റൻ സർവ്വുകൾക്ക് പേരുകേട്ട താരങ്ങളാണ് എന്നത് മത്സരം കടുത്താതാക്കും.

എടിപി ഫൈനൽസ് കിരീടം സാഷ സ്വരേവിന്

സെമിയിൽ റോജർ ഫെഡററെ അട്ടിമറിച്ച അതേ വീര്യം ഫൈനലിലും ആവർത്തിച്ചത്തോടെ ജർമ്മനിയുടെ ‘സ്വരേവ്’ ബ്രദേഴ്‌സിലെ ഇളയവൻ അലക്‌സാണ്ടർ സ്വരേവ് ആദ്യമായി എടിപി ഫൈനൽ കിരീടത്തിൽ മുത്തമിട്ടു. ആറാം കിരീടമെന്ന റോജർ ഫെഡററുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള സുവർണ്ണാവസരം ആയിരുന്നു ഇന്നലെ ജോക്കോവിച്ചിന്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെ എത്തിയ ലോക ഒന്നാം നമ്പർ താരത്തെ നേരിട്ടുള്ള സെറ്റുകളിലാണ് സാഷ കീഴടക്കിയത്. സ്കോർ 6-4,6-3. ലോക റാങ്കിങ്ങിൽ ആദ്യ 8 സ്ഥാനങ്ങളിലുള്ള കളിക്കാർ മത്സരിക്കുന്ന ടൂർണമെന്റാണ് എടിപി ടൂർ ഫൈനൽസ്. രണ്ട് ഗ്രൂപ്പുകളായിട്ടാണ് മത്സരം. അതുകൊണ്ട് തന്നെ സാധാരണ ടെന്നീസ് ടൂർണമെന്റുകൾ പോലെ നോക്കൗട്ട് രീതിയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നോവാക് ജോക്കോവിച്ചിനോടേറ്റ മധുര പ്രതികാരം കൂടിയായി സാഷയുടെ ഈ വിജയം.

ഡബിൾസ് വിഭാഗത്തിൽ നേട്ടങ്ങൾ കൊയ്തുകൊണ്ടേ ഇരിയ്ക്കുന്ന ജാക്ക് സോക്ക്- മൈക്ക് ബ്രയാൻ ജോഡികൾ എടിപി ഫൈനൽസ് കിരീടവും സ്വന്തമാക്കി. ബ്രയാൻ സഹോദരങ്ങളിൽ ബോബ് ബ്രയാൻ പരിക്ക് മൂലം വിട്ടു നിന്നതോടെ സോക്കുമായി ഒന്നിച്ച മൈക്ക് ഇക്കൊല്ലം 2 ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടി. ഹെർബർട്ട്-പെയ്റേ സഖ്യത്തിനെതിരെ ടൈബ്രേക്കറിൽ മാച്ച് പോയിന്റ് അതിജീവിച്ചാണ് സോക്ക്-ബ്രയാൻ സഖ്യം കിരീടം നേടിയത്.

ജോക്കോവിച്ചിനെ വീഴ്‍ത്തി കാചനോവ് ചാമ്പ്യൻ

പാരിസ് മാസ്റ്റേഴ്‌സിൽ റെക്കോർഡ് ലക്ഷ്യമാക്കി ഇറങ്ങിയ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ കാചനോവ് കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. റാഫേൽ നദാലിന്റെ 33 മാസ്റ്റേഴ്സ് കിരീടങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താനുള്ള നോവാക്കിന്റെ മോഹങ്ങൾക്ക് താൽക്കാലിക പ്രഹരമേല്പിച്ചായിരുന്നു റഷ്യൻ താരത്തിൻറെ വിജയം.

ഒരു സെറ്റ് പോലും നോവാക്കിന് നൽകാതെയാണ് കാചനോവ് വിജയിച്ചത് എന്നത് ശ്രദ്ധേയമാണ്. സ്‌കോർ 7-5,6-4. തോറ്റെങ്കിലും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ജോക്കോവിച്ച് തിരിച്ചെത്തി. നദാൽ മത്സരങ്ങൾക്ക് ഇറങ്ങാതെ പിന്മാറിയതും ജോക്കോവിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി. വർഷാവസാനത്തെ എടിപി ടൂർ ഫൈനൽസാണ് ഇനി സീസണിൽ അവശേഷിക്കുന്നത്

Exit mobile version