ഫെഡറർ 99* നോട്ടൗട്ട്

സ്വന്തം നാട്ടിൽ ഒമ്പതാം തവണ കിരീടം ചൂടി ഫെഡറർ കരിയറിൽ 99 കിരീടങ്ങൾ എന്ന നേട്ടത്തിനുടമയായി. ബാസൽ ഓപ്പണിൽ അപ്രതീക്ഷിത ഫൈനലിസ്റ്റായ റുമാനിയയുടെ കോപ്പലിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴ്പ്പെടുത്തിയാണ് ഫെഡറർ സെഞ്ച്വറിയ്ക്ക് അരികിലെത്തിയത്. 109 കിരീടങ്ങൾ നേടിയിട്ടുള്ള ജിമ്മി കോണേഴ്‌സ് മാത്രമാണ് ഫെഡറർക്ക് മുന്നിലുള്ളത്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണ് ശേഷം കാര്യമായ നേട്ടങ്ങൾ ഒന്നും ഇല്ലാതിരുന്ന ഫെഡറർ ക്യാമ്പിന് ആശ്വാസമായി ഈ വിജയം.

ആദ്യ സെറ്റിലും രണ്ടാം സെറ്റിലും എതിരാളിക്ക് ബ്രേക്ക് നൽകിയ ശേഷമായിരുന്നു ഫെഡററുടെ തിരിച്ചു വരവ്. സ്‌കോർ 7-6,6-4. വർഷങ്ങൾക്ക് മുൻപ് ഈ ടൂർണമെന്റിൽ 2 തവണ ബോൾ ബോയ് ആയിരുന്നു ഫെഡറർ. ടൂർണമെന്റിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഫെഡറർക്ക് ഈ കിരീടം നടക്കാൻ പോകുന്ന വോൾഡ് ടൂർ ഫൈനൽസിൽ ആത്മവിശ്വാസം നല്കുമെന്നുറപ്പ്.

32 മാസ്റ്റേഴ്സ് കിരീടങ്ങൾ, ഒന്നാം സ്ഥാനം 35 പോയിന്റ് അകലെ

തൊട്ടതെല്ലാം പൊന്നാണ് നൊവാക് ജോക്കോവിച്ചിന്. ഫോമിന്റെ പാരമ്യത്തിലാണ് ഈ സെർബിയൻ ഇതിഹാസം. ഈ വർഷം വിംബിൾഡൺ കിരീടം, യുഎസ് ഓപ്പൺ കിരീടം, എല്ലാ മാസ്റ്റേഴ്സ് കിരീടങ്ങളും അങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പോൾ ഷാങ്ഹായിൽ നാലാം കിരീടമെന്ന റെക്കോർഡ്. ഫെഡററെ തോല്പിച്ചെത്തിയ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്ത് കിരീടം നേടിയത് വഴി ഒന്നാം സ്ഥാനത്തിലേക്ക് ഇനി 35 പോയിന്റ് ദൂരം മാത്രം. 6-4,6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്. പരിക്ക് മൂലം റാഫേൽ നദാൽ കളിച്ചില്ല എന്നത് ജോക്കോവിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി.

നിലവിലെ ചാമ്പ്യനായ ഫെഡറർക്ക് സെമിയിൽ കാലിടറിയതോടെ രണ്ടാം സ്ഥാനവും സ്വന്തമായി. കഴിഞ്ഞ 18 പ്രൊഫഷണൽ മത്സരങ്ങളിലും ജോക്കോവിച്ച് തോൽവി അറിഞ്ഞിട്ടില്ല എന്നതും കൂടെ നോക്കിയാൽ ജോക്കോവിച്ചിന് പോന്ന എതിരാളികൾ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഇനിയും 3 ആഴ്ചകൾ കൂടെ ശേഷിക്കുന്നതിനാൽ നദാലിൽ നിന്ന് ഒന്നാം സ്ഥാനവും നൊവാക് തട്ടിയെടുക്കുമെന്നതിൽ സംശയമില്ല.

ഫെഡററെ അട്ടിമറിച്ച് കോറിച്ച് ഫൈനലിൽ

ഗാരി വെബ്ബർ ഓപ്പൺ ഫൈനലിലെ പ്രകടനം ആവർത്തിച്ച് ബോർണ കോറിച്ച് ഷാങ്ഹായ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ കടന്നു. ഒന്നാം സീഡായ റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് കോറിച്ച് ഫൈനലിൽ കടന്നത്. 6-4,6-4 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം. ഇതോടെ നൊവാക് × ഫെഡറർ ഫൈനൽ സ്വപ്നം അവസാനിച്ചു. നിലവിലെ ചാമ്പ്യൻ കൂടിയായ ഫെഡറർ തോൽവിയോടെ രണ്ടാം സ്ഥാനത്ത് നിന്നും താഴെ പോകുമെന്ന് ഉറപ്പായി.

മറുവശത്ത് അപാര ഫോം തുടരുന്ന നൊവാക് ജോക്കോവിച്ച് അലക്‌സാണ്ടർ സ്വരേവിന് യാതൊരു പഴുതും നൽകാതെയാണ് ജയിച്ചു കയറിയത്. സ്‌കോർ 6-2,6-1. നിലവിലെ സ്ഥിതി കണക്കിലെടുത്താൽ ജോക്കോവിച്ച് വർഷാവസാനം ഒന്നാം റാങ്കിൽ എത്താനുള്ള സാധ്യതയാണ്. റാഫേൽ നദാലിനാണ് നിലവിൽ ഒന്നാം റാങ്ക്. 2017 ജൂണിലാണ് ജോക്കോവിച്ച് അവസാനമായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നത്.

ജോക്കോവിച്ച്, ഫെഡറർ ക്വാർട്ടറിൽ

ഷാങ്ഹായ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു. മാർക്കോ ചെച്ചിനാറ്റോയെ നേരിറ്റുള്ള സെറ്റുകൾക്ക് തകർത്താണ് നൊവാക് അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോർ 6-4,6-0. ക്വാർട്ടറിൽ നൊവാക് ആന്ഡേഴ്സ്നെ നേരിടും. ഒന്നാം സീഡ് റോജർ ഫെഡറർ തുടർച്ചയായ രണ്ടാം മത്സരത്തിലും എതിരാളിക്ക് സെറ്റ് വഴങ്ങി ക്വാർട്ടർ ഉറപ്പാക്കി. ജപ്പാന്റെ നിഷിക്കോരിയാണ് ഫെഡററുടെ എതിരാളി. ആദ്യ സെറ്റിന് ശേഷം ഡെൽപോട്രോ പിന്മാറിയതിനാൽ കോറിച്ചും ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്.

അലക്‌സാണ്ടർ സ്വരേവ്, മാത്യു എബ്‌ഡൻ, കെയ്ൽ എഡ്മണ്ട് എന്നിവരും അവസാന എട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വർഷാവസാനത്തെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന് മുന്നിലുള്ള നൊവാക് ജോക്കോവിച്ചിനും, റോജർ ഫെഡറർക്കും ഷാങ്ഹായ് കിരീടം ആവശ്യമാണ്. ഒന്നാം നമ്പർ താരം റാഫേൽ നദാൽ പരിക്ക് മൂലം ഈ ടൂർണമെന്റ് കളിക്കുന്നില്ല.

ഫെഡറർ മുന്നോട്ട്, സിലിച്ച് പുറത്ത്

ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പണിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ റോജർ ഫെഡറർ ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ച് മുന്നേറി. ഡാനിയൽ മെദ്വ്ദേവിനെയാണ് സ്വിസ് താരം പരാജയപ്പെടുത്തിയത്. സ്‌കോർ 6-4,4-6,6-4. രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് ജെറമി ചാർഡിയെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് മുന്നേറിയപ്പോൾ അഞ്ചാം സീഡ് സിലിച്ചിന് കാലിടറി. നിക്കോളാസ് ജാരിയാണ് സിലിച്ചിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്.

ആറാം സീഡ് ഡൊമിനിക് തിമും അട്ടിമറിക്കഒപെട്ടവരുടെ ലിസ്റ്റിൽ ഉണ്ട്. മാത്യു എബ്ഡനാണ് ഫോമിലുള്ള തിമിനെ അട്ടിമറിച്ചത്. മൂന്നാം സീഡ് ഡെൽപോട്രോ, നാലാം സീഡ് സ്വരേവ്‌, ഏഴാം സീഡ് ആൻഡേഴ്‌സൻ, എട്ടാം സീഡ് നിഷിക്കോരി എന്നിവർ ജയത്തോടെ അടുത്ത റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

പ്രളയ ബാധിതർക്ക് താങ്ങായി നദാൽ

സ്‌പെയിനിലെ പ്രളയബാധിതർക്ക് താമസിക്കാൻ ഇടം ഒരുക്കി റാഫേൽ നദാൽ മാതൃകയായി. ലോകത്തിലെ തന്നെ ഒന്നാം നമ്പർ അക്കാദമികളിൽ ഒന്നായ നദാൽ ടെന്നീസ് അക്കാദമിയിൽ താമസിക്കാൻ പ്രളയ ബാധിതർക്ക് ഇടം അനുവദിച്ചാണ് ഈ ഇടം കയ്യൻ ലോകത്തിന് മാതൃകയായത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതാകുകയും, കുറച്ച് പേർ മരണപ്പെട്ടിട്ടുമുണ്ട്.

അക്കാദമിയിൽ താമസിക്കാൻ ഉള്ള ക്ഷണം സോഷ്യൽമീഡിയ വഴി നദാലിന്റെ പ്രൊഫൈലുകളിൽ നിന്ന് ഷെയർ ചെയ്തിട്ടുമുണ്ട് താരം. റോജർ ഫെഡററെ പോലെ സാമൂഹ്യസേവനങ്ങൾക്ക് വേണ്ടി ഫൗണ്ടേഷനും ഈ ഒന്നാം നമ്പർ താരത്തിന്റെ പേരിലുണ്ട്.

ചെയർ അമ്പയർക്ക് സസ്‌പെൻഷൻ

യുഎസ് ഓപ്പൺ ടെന്നീസിന്റെ രണ്ടാം റൗണ്ട് മത്സരത്തിനിടെ ഓസ്‌ട്രേലിയയുടെ നിക് ക്യൂരിയോസിന് മോട്ടിവേഷൻ നൽകിയ ചെയർ അമ്പയറെ എടിപി സസ്‌പെന്റ് ചെയ്തു. ടെന്നീസിലെ ലീഡിങ് അമ്പയർമാരിൽ ഒരാളും സ്വീഡൻകാരനുമായ മുഹമ്മദ് ലെഹ്യാനിയെയാണ് രണ്ടാഴ്ചത്തേക്ക് എടിപി സസ്‌പെന്റ് ചെയ്തത്. ഹെർബർട്ടുമായുള്ള മത്സരത്തിനിടെ ആദ്യ സെറ്റും, രണ്ടാം സെറ്റിൽ ഒരു ബ്രേക്കും വഴങ്ങി നിൽക്കുകയായിരുന്ന ക്യൂരിയോസിനെ ചെയറിൽ നിന്നിറങ്ങി ‘എനിക്ക് നിന്നെ സഹായിക്കണമെന്നുണ്ട്, ഇപ്പൊ കളിക്കുന്നതിനെക്കാൾ നന്നായി നിനക്ക് കളിക്കാൻ സാധിക്കും’ എന്ന വിധത്തിലുള്ള സംസാരമാണ് ലെഹ്യാനിക്ക് വിനയായത്.

മത്സരത്തിൽ പൊരുത്തിക്കയറിയ ക്യൂരിയോസ് ജയിക്കുകയും ചെയ്തു. അമ്പയറുടെ പെരുമാറ്റത്തിനെതിരെ റോജർ ഫെഡററെ പോലുള്ള താരങ്ങൾ അന്നേ രംഗത്ത് വന്നിരുന്നു. എന്നാൽ അമ്പയറുടെ സംസാരം തന്നിൽ യാതൊരു വിധ മാറ്റങ്ങളും ഉണ്ടാക്കിയില്ല എന്നാണ് ക്യൂരിയോസിന്റെ പക്ഷം.

ഫെഡറർ എല്ലാം തികഞ്ഞവനെന്ന് നദാൽ

റോജർ ഫെഡറർ എല്ലാം തികഞ്ഞ ഗ്രാൻഡ്സ്ലാം ചാമ്പ്യനെന്ന് ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ. സ്കൈ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് നദാൽ കോർട്ടിലെ തന്റെ എതിരാളിയെ വാനോളം പുകഴ്ത്തിയത്. നദാലിന്റെ വാക്കുകളിലൂടെ ‘ഫെഡറർക്ക് വലിയ സർവുകളുണ്ട്, ഏറ്റവും മികച്ച ഫോർഹാന്റുകളിൽ ഒന്ന്, കോർട്ട് മൂവ്മെന്റ്സിൽ അസാമാന്യ വൈഭവം ഇതിനോടൊക്കെ ഒപ്പം അതിസുന്ദരമായ ശൈലിയും’ എല്ലാം തികഞ്ഞ് ഒരാൾക്ക് ലഭിക്കുന്നത് വിരളമാണ് അതാണ് ഫെഡററെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

റോഡ് ലേവർ കപ്പിൽ ഫെഡററും നദാലും ഒരേ ടീമിലാണ്. കഴിഞ്ഞ തവണ ചചാമ്പ്യന്മാരായതും ഇരുവരുമുള്ള ടീം യൂറോപ്പ് ആയിരുന്നു. ഇത്തവണ യുഎസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കാൽ മുട്ടിലെ പരിക്ക് മൂലം പിന്മാറേണ്ടി വന്ന നദാൽ ലേവർ കപ്പിൽ കളിക്കുന്ന കാര്യം സംശയമാണ്.

ജോക്കോവിച്ച് സംപ്രാസിനൊപ്പം

തുടർച്ചയായ രണ്ട് ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തോടെ നൊവാക് ജോക്കോവിച്ച് പിസ്റ്റൾ പീറ്റിന്റെ 14 ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിനൊപ്പം എത്തി. നേരത്തേ വിംബിൾഡണിൽ ജേതാവായ നൊവാക് എതിരാളികൾക്ക് ഒരു പഴുതും നൽകാതെയാണ് യുഎസ് ഓപ്പണിൽ മുത്തമിട്ടത്. ചൂട് ദുഷ്കരമാക്കിയ ഈ വർഷത്തെ യുഎസ് ഓപ്പണിൽ മാനസികമായും, ശാരീരികമായും മികച്ച് നിന്ന ജോക്കോവിച്ച് അർജന്റീനയുടെ ഡെൽപോട്രോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കിരീടം നേടിയത്. സ്‌കോർ 6-3,7-6,6-3. യുഎസ് ഓപ്പൺ വിജയത്തോടെ റാങ്കിങ്ങിൽ രണ്ടാമത് എത്തിയ നൊവാക് നദാലുമായുള്ള പോയിന്റ് വ്യത്യാസം 1000 ൽ താഴെയാക്കി കുറച്ചു. ഇതോടെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം മുറുകി.

ആദ്യ സെറ്റിൽ നിറം മങ്ങിയ ഡെൽപോട്രോയ്ക്ക് രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും മുതലാക്കുന്നതിൽ പരാജയപ്പെട്ടു. ഡെൽപോട്രോയുടെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ ആയിരുന്നു ഇത്. 2009 ൽ റോജർ ഫെഡറർക്കെതിരെ നാടകീയ വിജയത്തോടെ ഡെൽപോട്രോ യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്. ഗ്രാൻഡ്സ്ലാമുകളിൽ ഫെഡറർ, നദാൽ, ജോക്കോവിച്ച് വിജയത്തോടെയാണ് ഈ വർഷവും സമാപിക്കുന്നത്. യുവതാരങ്ങൾക്ക് വലിയ മത്സരങ്ങളിൽ മികവ് കണ്ടെത്താൻ കഴിയുന്നില്ല എന്നത് ടെന്നീസിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തയല്ല.

മിക്സഡിൽ ‘സഖ്യകക്ഷികൾക്ക്’ വിജയം

യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസിൽ ബ്രിട്ടൻ- അമേരിക്കൻ ജോഡിയായ ജെയ്മി മറെ- മാറ്റെക് സാൻഡ്സ് സഖ്യം കിരീടം ചൂടി. റൊസോൽസ്‌ക-മെക്‌റ്റിച്ച് സഖ്യത്തെയാണ് ഫൈനലിൽ മറെ-സാൻഡ്‌സ് സഖ്യം തോൽപ്പിച്ചത്. ആദ്യ സെറ്റ് എതിരാളികൾക്ക് അടിയറ വച്ച ശേഷമായിരുന്നു ജേതാക്കളുടെ തിരിച്ചുവരവ്. സ്‌കോർ : 2-6,6-3,11-9. ആന്റി മറെയുടെ സഹോദരൻ കൂടിയായ ജെയ്മി മറെയുടെ തുടർച്ചയായ രണ്ടാം യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടമാണ് ഇത്. കഴിഞ്ഞ വർഷം ഹിംഗിസിനൊപ്പം ചേർന്നായിരുന്നു മറെയുടെ വിജയം.

കഴിഞ്ഞ വർഷം വിംബിൾഡണിൽ മുട്ടിലെ പരിക്കിന്റെ വേദനയിൽ കോർട്ടിൽ പിടഞ്ഞ് സ്ട്രച്ചറിൽ മടങ്ങിയ മാറ്റെക് സാൻഡ്സിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഈ യുഎസ് ഓപ്പൺ വിജയം.

ജപ്പാനിൽ നിന്നൊരു പുതിയ ഉദയം

വനിതാ ടെന്നീസിൽ എക്കാലത്തെയും മികച്ച കളിക്കാരിയായ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ജപ്പാനിൽ നിന്നുള്ള ഇരുപത് വയസ്സുകാരി ഒസാക്ക പുതിയ ചരിത്രമെഴുതി. സ്‌കോർ: 6-2,6-4. തന്റെ ഇഷ്ടതാരവും ആരാധനാപാത്രവുമായ സെറീനയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഒസാക്ക പുറത്തെടുത്തത്. 24 കിരീടങ്ങൾ എന്ന മാർഗരറ്റ് കോർട്ടിന്റെ എക്കാലത്തെയും റെക്കോഡിനൊപ്പം എത്തുക എന്ന സെറീനയുടെ മോഹത്തിന് ഭംഗം വരുത്തിയാണ് ജപ്പാൻ താരം കിരീടമുയർത്തിയത്. അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ രണ്ട് ഗ്രാൻഡ്സ്ലാം ഫൈനലുകളിലും സെറീനയ്ക്ക് തോറ്റു. നേരത്തേ വിംബിൾഡണിൽ കെർബർ സെറീനയെ തോല്പിച്ചിരുന്നു.

വിവാദങ്ങൾ നിറഞ്ഞു നിന്ന ഫൈനൽ മത്സരമായിരുന്നു യുഎസ് ഓപ്പണിൽ അരങ്ങേറിയത്. സെറീനയുടെ പ്ലെയർ ബോക്സിലിരുന്ന് കോച്ചിങ് ലെസ്സൺ നൽകിയതിന് സെറീനയ്ക്കെതിരെ ചെയർ അമ്പയർ കാർലോസ് റാമോസ് കോർട്ട് വയലേഷൻ വിളിച്ചത് മുതലാണ് വിവാദങ്ങളുടെ ആരംഭം. നിലവിൽ ഗ്രാൻഡ്സ്ലാമുകളിൽ കോച്ചിങ് നൽകുന്നത് കുറ്റകരമാണ്. എന്നാൽ മറ്റുമത്സരങ്ങളിൽ അതിന് വിലക്കില്ല. കോച്ചിങ്‌ നൽകി എന്നും സെറീന അത് കണ്ടിട്ടില്ലെന്നും മത്സരശേഷം കോച്ച് ട്വീറ്റ് ചെയ്തു.

ശക്തമായി പ്രതികരിച്ച സെറീന അമ്പയർ മാപ്പ് പറയണമെന്നും താൻ ഒരിക്കലും ചതി ചെയ്തിട്ടില്ല എന്നും, ചതിക്കുന്നതിൽ ഭേദം തോൽക്കുകയാണെന്നും, ഒരു കുഞ്ഞിന്റെ അമ്മയായത് കൊണ്ടു തന്നെ അവൾക്ക് കൂടെ ശരിയായത് മാത്രമേ ചെയ്യൂ എന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞ് കോർട്ടിൽ റായ്ക്കറ്റ് അടിച്ച് പൊട്ടിച്ചതിന് വീണ്ടും കോർട്ട് വയലേഷനും പോയിന്റ് നഷ്ടവും വിധിച്ചതോടെ സെറീന രൂക്ഷമായി അമ്പയർക്കെതിരെ തിരിഞ്ഞു. നിങ്ങൾ കള്ളനാണെന്ന് കൂടി പറഞ്ഞതോടെ കാണികൾ സെറീനയ്ക്ക് അനുകൂലമായി ഒച്ചവയ്ക്കാൻ തുടങ്ങി. മത്സരശേഷമുള്ള ട്രോഫി പ്രസന്റേഷനിലും ഇത് തുടർന്നത് അതിന്റെ മാറ്റ് കുറച്ചു.

വിവാദങ്ങൾ നിറഞ്ഞു നിന്ന മത്സരമായി എന്നിരുന്നാലും ഇത് ഉദയസൂര്യന്റെ നാട്ടിൽ നിന്നുള്ള പുതിയ താരോദയത്തിന്റെ പേരിൽ അറിയപ്പെടേണ്ട ഒന്നാണ്. സെറീനയ്ക്കെതിരെ ഒരിഞ്ച് പോലും പതറാതെ, കാണികളുടെ പെരുമാറ്റത്തിൽ ആശങ്കപ്പെടാതെ ഗ്രാൻഡ്സ്ലാം ഫൈനൽ പോലെ ഇത്രയും വലിയ മത്സരത്തിൽ ജയിച്ചു കയറിയതിന്. ഒസാക്കാ, ഇന്നത്തേത് പോലെ കാണികളുടെ കൂവലല്ല നിറഞ്ഞ കൈയ്യടികളാണ് നിന്നെ കാത്തിരിക്കുന്നത്

പരിക്കേറ്റ് നദാല്‍ പിന്മാറി, കലാശപ്പോരിനു ജോക്കോവിച്ചും ഡെല്‍പോട്രോയും

അർജന്റീനയുടെ ഡെൽപോട്രോ യുഎസ് ഓപ്പൺ ടെന്നീസിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരം റാഫേൽ നദാൽ മൂന്നാം സെറ്റിന് മുന്നേ പരിക്ക് മൂലം പിന്മാറിയതോടെയാണ് ഡെൽപോട്രോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കിയ ഡെൽപോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം. കാൽമുട്ടിലെ പരിക്കാണ് നദാലിന് വിനയായത്. മുൻപ് 2009 വർഷത്തിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് ഡെൽപോട്രോ. പക്ഷേ ആ വിജയത്തിന് ശേഷം പരിക്ക് മൂലം ദീർഘകാലം വിട്ടു നിൽക്കുകയും റാങ്കിങ്ങിൽ ആയിരത്തിൽ താഴെ പോവുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഫൈനൽ അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്സ്ലാം ഫൈനലാണ്.

മറുവശത്ത് പുരുഷ, വനിതാ വിഭാഗം ഫൈനലുകളിലും ജപ്പാൻ സാന്നിധ്യം എന്ന അപൂർവ്വ നേട്ടം ലക്ഷ്യമാക്കി ഇറങ്ങിയ കീ നിഷിക്കോരിയെ തകർത്ത് നൊവാക് ജോക്കോവിച്ച് ഫൈനലിൽ കടന്നു. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നോവാക്കിന്റെ വിജയം. സ്‌കോർ : 6-3,6-4,6-2. യുഎസ് ഓപ്പൺ ഫൈനൽ പ്രവേശനത്തിലൂടെ ഈ വർഷമവസാനം നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനൽസിലേക്ക് യോഗ്യത നേടുകയും ചെയ്തു സെർബിയയുടെ ഈ താരം.

പുരുഷ ഡബിൾസിൽ ഇരട്ട സഹോദരനില്ലാതെ രണ്ടാം ഗ്രാൻഡ്സ്ലാമിന്‌ ഇറങ്ങിയ മൈക്ക് ബ്രയാൻ ജാക്ക് സോക്കിനൊപ്പം രണ്ടാമത്തെ കിരീടവും സ്വന്തമാക്കി. നേരത്തേ ഈ ജോഡി വിംബിൾഡൺ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ മെലോ കുബൂത്ത് സഖ്യത്തെയാണ് അമേരിക്കൻ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോർ: 6-3,6-1.

Exit mobile version