പ്രീ സീസൺ ജയിക്കാനല്ല, ടീമിനെ ഐ.എസ്.എല്ലിന് ഒരുക്കനാണെന്ന് ഡേവിഡ് ജെയിംസ്

പ്രീ സീസൺ മത്സരങ്ങൾ ജയിക്കാനല്ല കളിക്കുന്നത് മറിച്ച് ടീമിനെ ഐ.എസ്.എല്ലിന് വേണ്ടി ഒരുക്കനാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. പ്രീ സീസൺ എപ്പോഴും കളിക്കാർക്കും ടീമിനും ബുദ്ധിമുട്ടു ഉള്ളതാണെന്നും  അതെ സമയം പ്രീ സീസൺ താരങ്ങളെ കായിക ക്ഷമത കൈവരിക്കുന്നതിന് സഹായിക്കുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

ഫുട്ബോൾ എപ്പോഴും നമ്മുക്ക് പ്രവചിക്കാൻ പറ്റുന്നതിന് അപ്പുറത്താണെന്നും കഴിഞ്ഞ വർഷത്തെ ഐ.എസ്.എല്ലിലും അത് കണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബെംഗളൂരു ഫൈനലിൽ ചെന്നൈയിനോട് പരാജയപ്പെട്ടത് അതിന്റെ ഉദാഹരണമാണെന്നും ജെയിംസ് പറഞ്ഞു. അത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മത്സരങ്ങളിൽ സ്ഥിരത കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

ഗോൾ പോസ്റ്റിൽ അണ്ടർ 17 ഫിഫ ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ധീരജിന്റെ പ്രകടനം പ്രീ സീസണിൽ മികച്ചതായിരുന്നെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. മറ്റു ഗോൾ കീപ്പർമാരായ നവീനും സുജിതും ധീരജിനു മികച്ച വെല്ലുവിളി ഉയർത്തുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരു പ്രത്യേക താരം ശൈലിയും ആത്മാർത്ഥതയും ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. അത് നിറവേറ്റികൊടുക്കാൻ തനിക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഡേവിഡ് ജെയിംസ്പറഞ്ഞു.

പ്രീ സീസണിൽ ഗോൾ മഴ പെയ്യിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

തായ്‌ലൻഡിലെ തങ്ങളുടെ അവസാന പ്രീ സീസൺ മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബുരിരാം യുണൈറ്റഡ് എഫ് സിയുടെ ബി ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ആറു ഗോളുകൾക്ക് തോൽപ്പിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സിമിലെൻ ഡൗങ്ങൽ ഇരട്ട ഗോൾ നേടിയപ്പോൾ സ്ലാവിസ, ഹൃഷിദത്ത്, മലയാളി താരം സക്കീർ എം.പി, മറ്റെ പോപ്പ്ലാനിക്ക് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ച മുഴുവൻ മത്സരങ്ങളും ജയിച്ചിരുന്നു.

ഐ.എസ്.എൽ മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് എനി ഇന്ത്യയിലേക്ക് തിരിക്കും. ഈ മാസം 29ന് എ.ടി.കെകെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐ.എസ്.എൽ മത്സരം.

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, സിറിൽ കാലിക്ക് പരിക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് പ്രധിരോധ താരം സിറിൽ കാലിക്ക് പരിക്ക്. തായ്‌ലൻഡിൽ നടന്ന പ്രീ സീസൺ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ ബാങ്കോങ് യുണൈറ്റഡ് എഫ് സിയുടെ ബി ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. പരിക്കേറ്റതോടെ താരത്തിന് ഐ.എസ്.എല്ലിന്റെ തുടക്കം നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

അതെ സമയം വിലക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിൽ അനസ് എടത്തൊടികയുടെ സേവനവും  കേരള ബ്ലാസ്റ്റേഴ്സിന് നഷ്ട്ടമാകും. ഇതോടെ പ്രതിരോധ നിരയിൽ മികച്ച താരങ്ങളെ കളത്തിലിറക്കുന്നത് പരിശീലകൻ ഡേവിഡ് ജെയിംസിന് കടുത്ത വെല്ലുവിളിയാകും.

ഗോൾ മഴ സൃഷ്ട്ടിച്ച് സെവിയ്യക്ക് ജയം

യൂറോപ്പ ലീഗിൽ സെവിയ്യക്ക് ഉജ്ജ്വല ജയം. ബെൽജിയൻ ക്ലബായ സ്റ്റാൻഡേർഡ് ലീഗിനെയാണ് സെവിയ്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ഒപ്പത്തിനൊപ്പം പൊരുതിയ സ്റ്റാൻഡേർഡ് ലീഗിനെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സെവിയ്യ തോൽപ്പിക്കുകയായിരുന്നു.

സെവിയ്യക്ക് വേണ്ടി ബനേഗയും ബെൻ യെഡറും രണ്ടു ഗോളുകൾ നേടിയപ്പോൾ വസ്‌കസ് ഒരു ഗോൾ നേടി. സ്റ്റാൻഡേർഡ് ലീഗിന്റെ ആശ്വാസ ഗോൾ ഡെൻപോയാണ് നേടിയത്. ഒരു വേള മത്സരത്തിൽ സെവിയ്യക്കെതിരെ സമനില പിടിച്ചെങ്കിലും തുടർന്ന് സെവിയ്യ ആക്രമണത്തെ തടഞ്ഞു നിർത്താൻ സ്റ്റാൻഡേർഡ് ലീഗിനായില്ല.

യൂറോപ്പയിൽ ചെൽസിക്ക് വിജയത്തുടക്കം

യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിൽ ചെൽസിക്ക് വിജയം. ഗ്രീക്ക് ക്ലബായ പഓക് എഫ് സിയെയാണ് ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചത്. ചെൽസിക്ക് വേണ്ടി വില്യനാണ് ഗോൾ നേടിയത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടുന്നതിൽ ചെൽസി മുന്നേറ്റ നിര ഫോം കണ്ടെത്താൻ വിഷമിച്ചതാണ് ചെൽസിയുടെ വിജയം നേരിയതാക്കിയത്.

വെസ്റ്റ്ഹാമിന്‌ എതിരായ പ്രീമിയർ ലീഗ് മത്സരം മുൻപിൽ കണ്ട് ഹസാർഡിന് വിശ്രമം അനുവദിച്ചാണ് ചെൽസി ഇറങ്ങിയത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ ചെൽസി വില്യന്റെ ഗോളിൽ മുൻപിലെത്തി. റോസ് ബാർക്ലി നൽകിയ പാസിൽ നിന്നാണ് വില്യൻ ഗോൾ നേടിയത്.  മത്സരത്തിൽ ഉടനീളം കൂടുതൽ സമയം പന്ത് കൈവശം വെച്ചിട്ടും ഒന്നിൽ കൂടുതൽ ഗോൾ നേടാൻ ചെൽസിക്കായില്ല.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പഓക് എഫ് സി ഗോൾ മടക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം ഉണർന്നു കളിച്ചതോടെ മത്സരം ചെൽസി സ്വന്തമാക്കുകയായിരുന്നു. അതെ സമയം മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽകെ ചെൽസി താരം പെഡ്രോ പരിക്കേറ്റു പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായി. പഓക് ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചാണ് പെഡ്രോക്ക് പരിക്കേറ്റത്.

മോഡ്രിച്ചല്ല, റൊണാൾഡോയാണ് ബാലൺ ഡോറിനു അർഹനെന്ന് കാസെമിറോ

റയൽ മാഡ്രിഡിൽ തന്റെ സഹ താരമായ മോഡ്രിച്ചിനേക്കാൾ ഈ സീസണിൽ യുവന്റസിലേക്ക് പോയ റൊണാൾഡോ ബാലൺ ഡോർ അർഹിക്കുന്നുണ്ടെന്ന് റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ കാസെമിറോ. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോമായെ തോൽപ്പിച്ചതിന് ശേഷമാണു കാസെമിറോയുടെ പ്രതികരണം. ലുക്കാ മോഡ്രിച് ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും റൊണാൾഡോയാണ് സീസൺ മുഴുവൻ മികച്ച പ്രകടനം പുറത്തെടുത്തതെന്നും കാസെമിറോ പറഞ്ഞു.

റയൽ മാഡ്രിഡിൽ തന്റെ സഹ താരമായ മോഡ്രിച്ച് ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിക്കുകയും ഗോൾഡൻ ബോൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.  അതെ സമയം റൊണാൾഡോയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് തുടർച്ചയായ മൂന്നാം തവണയും റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. തുടർന്നാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബായ യുവന്റസിൽ എത്തിയത്.

 

പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ജയം

തായ്‌ലൻഡിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ജയം. തായ്‌ലൻഡ് ക്ലബായ ട്രൂ ബാങ്കോങ് യുണൈറ്റഡിന്റെ ബി ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മറ്റേ പോപ്ലാനിക്കും നിക്കോളയുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവസരങ്ങൾ ഗോളാക്കുന്നതിൽ മുന്നേറ്റ നിര പരാജയപ്പെട്ടതാണ്  കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. തായ്‌ലൻഡിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മത്സരം കൂടിയാണ് ബാക്കിയുള്ളത്.

കോപ്പ അമേരിക്ക വേദികളായി

2019ൽ ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂര്ണമെന്റിനുള്ള വേദികൾ പ്രഖ്യാപിച്ചു. 6 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പ്രസിദ്ധമായ മറക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിലെ ഫൈനലിനും മറക്കാന വേദിയായിരുന്നു.

ഉദഘാടന മത്സരം സാവോ പോളോയിലെ മോറുമ്പി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. സെമി ഫൈനൽ മത്സരങ്ങൾ പോർട്ടോ ആലെഗ്രിയിലെ അറീന ദോ ഗ്രീമിയോയിലും ബെലോ ഹൊറിസോന്റെയിലെ മിനിറവോ സ്റ്റേഡിയത്തിൽ വെച്ചും നടക്കും. അടുത്ത കൊല്ലം ജൂൺ 14 മുതൽ ജൂലൈ 7 വരെയാണ് കോപ്പ അമേരിക്ക.  ഇത്തവണ 10 സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യയിൽ നിന്നുള്ള ഖത്തറും ജപ്പാനും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

വെയിൽസ്‌ യുവതാരത്തിന് ചെൽസിയിൽ പുതിയ കരാർ

വെയിൽസ്‌ യുവതാരം എതൻ അമ്പടുവിന് ചെൽസിയിൽ പുതിയ കരാർ. അഞ്ച് വർഷത്തെ ദീർഘ കാല കരാറിലാണ് താരം ഏർപ്പെട്ടിട്ടുള്ളത്. പുതിയ കരാർ പ്രകാരം 2023 വരെ അമ്പടു ചെൽസിയിൽ തുടരും. പ്രതിരോധ നിരയിലും മധ്യ നിരയിലും കളിക്കാൻ കഴിവുള്ള അമ്പടു 2017ലാണ് എക്സിറ്റർ സിറ്റിയിൽ നിന്ന് ചെൽസിയിൽ എത്തുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെൽസി സീനിയർ ടീമിൽ ഇടം നേടാനും അമ്പടുവിനായി. 18 കാരനായ അമ്പടു ഇംഗ്ലണ്ടിൽ വളർന്ന് വരുന്ന യുവതാരങ്ങളിൽ മികച്ച ഭാവിയുള്ള താരങ്ങളിൽ ഒരാളാണ്.  ഈ കഴിഞ്ഞ ഇന്റർനാഷണൽ മത്സരങ്ങളിൽ വെയിൽസ്‌ സീനിയർ ടീമിനൊപ്പവും അമ്പടു കളിച്ചിരുന്നു. മത്സര ശേഷം വെയിൽസ്‌ പരിശീലകൻ ഗിഗ്‌സ് അമ്പടുവിനെ പ്രശംസിച്ചിരുന്നു.

നോർത്ത് ഈസ്റ്റിനു തിരിച്ചടി, അവ്റാം ഗ്രാന്റ് ടീം വിടുന്നു

ഐ.എസ്.എൽ സീസൺ തുടങ്ങാനിരിക്കെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തിരിച്ചടി. കഴിഞ്ഞ വർഷം ഉപദേശകനായി ടീമിൽ എത്തുകയും അവസാന മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്ത അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് വിടാനൊരുങ്ങുന്നു. ഗ്രാന്റ് ഗ്രീക്ക് ക്ലബായ പനത്തിനായികോസിന്റെ സി.ഇ.ഓ ആവാൻ വേണ്ടിയാണു നോർത്ത് ഈസ്റ്റ് വിടുന്നതെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു.

നേരത്തെ തന്നെ സാമ്പത്തിക പ്രശ്നങ്ങളുമായി പ്രതിസന്ധിയിലായ ക്ലബിന് ഗ്രാന്റിന്റെ പിൻമാറ്റം തിരിച്ചടിയാവും. ഗ്രീക്ക് ക്ലബ്ബിന്റെ സി.ഇ.ഓ ആയി ചുമതലയേറ്റെടുത്താലും ഗ്രാന്റ് നോർത്ത് ഈസ്റ്റിന്റെ ഉപദേശകനായി തുടരും എന്നും വാർത്തകൾ ഉണ്ട്. എന്നാൽ നോർത്ത് ഈസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താൻ ഗ്രാന്റിനാവില്ല.

ചെൽസിയുടെ മുൻ പരിശീലകനായ ഗ്രാന്റ് ചെൽസിയെ ഒരു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിച്ചിട്ടുണ്ട്. ഘാന ദേശീയ ടീമിന്റെ പരിശീലകനായും ഗ്രാന്റ് പ്രവർത്തിച്ചിട്ടുണ്ട്.  ഒക്ടോബർ 1ന് എഫ്.സി ഗോവക്കെതിരെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഐ.എസ്.എൽ സീസണിലെ ആദ്യ മത്സരം.

 

മെക്സിക്കോയിൽ മറഡോണക്ക് വിജയത്തുടക്കം

മെക്സിക്കോയിൽ പരിശീലകനായി ഇറങ്ങിയ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി മറഡോണ. മറഡോണയുടെ ടീമായ ഡോറാഡോസ് എതിരാളികളായ ടാപാച്ചൂളയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. 7 മത്സരങ്ങൾ കളിച്ച ഈ സീസണിലെ ഡോറാഡോസിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ഡോറാഡോസിനു വേണ്ടി ഹാട്രിക് നേടിയ വിനിസിയോ അംഗുലോയുടെ പ്രകടനമാണ് മറഡോണയുടെ ആദ്യ മത്സരത്തിൽ വിജയം എളുപ്പമാക്കിയത്. ഡോറാഡോസിന്റെ നാലാമത്തെ ഗോൾ അലോൺസോ എസ്കോബോസയാണ് നേടിയത്.  മത്സരത്തിന് ശേഷം ഡോറാഡോസ് താരങ്ങളോടും ആരാധകരോടും ഒപ്പം വൈക്കിംഗ് ക്ലാപ് നടത്തിയാണ് മറഡോണ കളം വിട്ടത്.

യു.എ.ഇ ക്ലബായ ഫുജൈറ എഫ്.സിയിൽ നിന്ന് വിട്ടതിനു ശേഷമാണു മറഡോണ മെക്സിക്കൻ ക്ലബ്ബിന്റെ ചുമതലയേറ്റെടുത്തത്.

സമനില കൊണ്ട് രക്ഷപെട്ട എ.സി മിലാൻ

ഈ സീസണിൽ പുതുതായി ടീമിലെത്തിയ ഹിഗ്വയിന്റെ ആദ്യ ഗോളിൽ സമനില കൊണ്ട് രക്ഷപെട്ട എ.സി മിലാൻ. കാഗ്ലിയറിയാണ് എ.സി മിലാനെ 1-1ന് സമനിലയിൽ പിടിച്ചത്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ജോ പെഡ്രോയുടെ ഗോളിൽ എ.സി മിലാൻ മത്സരത്തിൽ പിറകിലായി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹിഗ്വയിൻ സമനില പിടിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ എ.സി മിലാന് വേണ്ടി വിജയ ഗോൾ നേടാൻ ഹിഗ്വയിന് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ പുറത്തു പോവുകയായിരുന്നു.

3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി എ.സി മിലാൻ ലീഗിൽ പതിനാലാം സ്ഥാനത്താണ്.

Exit mobile version