വാറിനെതിരെ ബാഴ്‌സലോണ താരങ്ങളും പരിശീലകനും

ജിറോണക്കെതിരായ മത്സരത്തിൽ ക്ലമന്റ് ലെങ്ലെറ്റിനെതിരെ ചുവപ്പ് കാർഡ് കാണിച്ചതിന്റെ പേരിൽ വാറിനെതിരെ വിമർശനവുമായി ബാഴ്‌സലോണ താരങ്ങളും പരിശീലകനും. തന്റെ ആദ്യ ലാ ലീഗ മത്സരത്തിൽ ജിറോണ താരം പേരെ പോൺസിന്റെ മുഖത്ത് ഇടിച്ചതിനാണ് ക്ലമന്റ് ലെങ്ലെറ്റ് ചുവപ്പ് കാർഡ് കണ്ടത്.

ബാഴ്‌സലോണ താരങ്ങളായ ബുസ്കറ്റ്‌സ്, വിദാൽ എന്നിവരാണ് വാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ബാഴ്‌സലോണ പരിശീലകൻ ഏർനെസ്റ്റോ വാൽവെർദെയും റഫറിയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. റെഡ് കാർഡ് നൽകാൻ മാത്രമുള്ള ഫൗൾ അല്ലെന്നാണ് ബാഴ്‌സലോണ താരങ്ങൾ വാദിച്ചത്.

മത്സരത്തിൽ ഭൂരിഭാഗ സമയവും 10 പേരുമായി കളിച്ച ബാഴ്‌സലോണ സമനിലയിൽ കുടുങ്ങിയിരുന്നു. പിക്വേയുടെ ഹെഡറാണ് ബാഴ്‌സലോണയെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്.  ലാ ലീഗ സീസണിൽ ആദ്യമായാണ് ബാഴ്‌സലോണ പോയിന്റ് നഷ്ടപ്പെടുത്തിയത്.

 

ബെംഗളുരുവിനെതിരെ ഗോകുലം കേരളക്ക് തോൽവി

പ്രീ സീസൺ മത്സരത്തിൽ ഗോകുലം എഫ്.സിക്ക് തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെംഗളൂരു എഫ്.സി ഗോകുലം കേരളയെ പരാജയെപ്പടുത്തിയത്. ബെംഗളൂരു എഫ് സിക്ക് വേണ്ടി മിക്കു ഹാട്രിക് നേടിയപ്പോൾ മറ്റൊരു ഗോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടി. ഗോകുലം കേരളയുടെ ആശ്വാസ ഗോൾ നേടിയത് ഉഗാണ്ടൻ താരം എറിസ സെകിസംബു ആയിരുന്നു

കഴിഞ്ഞ ദിവസം പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എ.ടി.കെയെ തോല്പിച്ചിരുന്നു. എന്നാൽ ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ഗോകുലത്തിനായില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു പോവാൻ താല്പര്യമുണ്ടായിരുന്നില്ലെന്ന് സ്റ്റീവ് കോപ്പൽ

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു മറ്റൊരു ക്ലബ്ബിലേക്ക് പോവാൻ തനിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്ന് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനും ഇപ്പോൾ എ.ടി.കെയുടെ പരിശീലകനുമായ സ്റ്റീവ് കോപ്പൽ. ഞാൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനം ആയിരുന്നെന്നും സ്റ്റീവ് കോപ്പൽ പറഞ്ഞു.  ഐ.എസ്.എൽ സീസൺ തുടങ്ങനിരിക്കെയാണ് കോപ്പലിന്റെ പ്രതികരണം.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ പരിശീലകനായ കോപ്പൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി റെനെ മുളൻസ്റ്റീൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുകയായിരുന്നു. സീസണിന്റെ മധ്യത്തോടെ റെനെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു പോവുകയും ചെയ്തു. തുടർന്നാണ് താൽകാലിക പരിശീലകനായി ഡേവിഡ് ജെയിംസ് എത്തുന്നതും ഈ സീസണിലും പരിശീലകനായി ജെയിംസ് എത്തുന്നതും.

കോപ്പലിന്റെ കീഴിൽ ഐ.എസ്.എൽ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയോട് പരാജയപ്പെടുകയായിരുന്നു. ഈ കൊല്ലാത്തെ ഐ.എസ്.എൽ സീസണിൽ എ.ടി.കെയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ മത്സരം.

ജാംഷഡ്‌പൂർ എഫ് സി ആയിരിക്കും തന്റെ ഇന്ത്യയിൽ അവസാന പരിശീലക വേഷം എന്നാണ് ആഗ്രഹിച്ചതെങ്കിലും കൊൽക്കത്ത എന്ന നഗരത്തിന്റെ ചരിത്രം തന്നെ എ.ടി.കെയുടെ പരിശീലക വേഷം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചെന്നും കോപ്പൽ പറഞ്ഞു.

ക്രിസ്റ്റൽ പാലസ് – ന്യൂ കാസിൽ പോരാട്ടം സമനിലയിൽ

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ക്രിസ്റ്റൽ പാലസ് – ന്യൂ കാസിൽ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ പലപ്പോഴും ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് ന്യൂ കാസിലിന് തിരിച്ചടിയായത്. അതെ സമയം പ്രതിരോധത്തിൽ ഊന്നിയുള്ള പ്രകടനം പുറത്തെടുത്ത ന്യൂ കാസിൽ പലപ്പോയും ക്രിസ്റ്റൽ പാലസ് പ്രതിരോധത്തിന് വെല്ലുവിളി സൃഷ്ടിക്കാനായതുമില്ല.

ഇന്നത്തെ മത്സരവും കൂടി സമനിലയിലായതോടെ ന്യൂ കാസിലിന്റെ നില പരുങ്ങലിലായി. 6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 2 പോയിന്റ് നേടിയ ന്യൂ കാസിൽ പോയിന്റ് പട്ടികയിൽ 18ആം സ്ഥാനത്താണ്. 6 മത്സരങ്ങളിൽ നിന്ന് തന്നെ 7 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് പോയിന്റ് പട്ടികയിൽ 11ആം സ്ഥാനത്താണ്.

കാർഡിഫിൽ വലയിൽ ഗോളടിച്ച്കൂട്ടി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ കാർഡിഫ് സിറ്റിക്ക് വീണ്ടും തോൽവി. സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇത്തവണ കാർഡിഫ് സിറ്റിയുടെ ഗോൾ വല നിറച്ചത്. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. കാർഡിഫ് സിറ്റിയുടെ തുടർച്ചയായ നാലാം തോൽവിയായിരുന്നു ഇത്.

ആദ്യ അര മണിക്കൂർ മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തെ സമർത്ഥമായി പ്രതിരോധിച്ച കാർഡിഫ് സിറ്റി തുടർന്ന് മത്സരം കൈവിടുകയായിരുന്നു. 32ആം മിനുട്ടിൽ അഗ്വേറോയിലൂടെ ഗോളടി തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ ഇടവേളകളിൽ ഗോൾ നേടുകയായിരുന്നു. അഗ്വേറോയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സിയിൽ 300മത്തെ മത്സരം കൂടിയായിരുന്നു ഇത്.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് ബെർണാർഡോ സിൽവയും ഗുൻഡോഗനും ചേർന്ന് മാഞ്ചസ്റ്റർ സിറ്റിയെ 3-0ന് മുൻപിലെത്തിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മഹ്റസ് ഇരട്ടഗോളുകളും കൂടി നേടിയതോടെ കാർഡിഫിന്റെ തോൽവി പൂർത്തിയായി. മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ താരത്തിന്റെ ആദ്യ ഗോളുകളായിരുന്നു ഇത്. ജയത്തോടെ ലിവർപൂളിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്താനും മാഞ്ചസ്റ്റർ സിറ്റിക്കായി.

മിട്രോവിച്ച് രക്ഷകനായി, വാട്ഫോർഡിനെ സമനിലയിൽ പിടിച്ച് ഫുൾഹാം

പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള വാട്ഫോർഡിനെ സമനിലയിൽ തളച്ച് ഫുൾഹാം. മത്സരത്തിന്റെ ഭൂരിഭാഗവും പിറകിലായിരുന്ന ഫുൾഹാം മിട്രോവിച്ചിന്റെ ഗോളിൽ സമനില കൊണ്ട് രക്ഷപെടുകയായിരുന്നു.

മത്സരം തുടങ്ങി 90 സെക്കന്റ് ആവുമ്പോഴേക്കും ഗോൾ നേടി വാട്ഫോർഡ് ഫുൾഹാമിനെ ഞെട്ടിച്ചു. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത്  ഫുൾഹാം താരങ്ങൾ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ആൻഡ്രി ഗ്രേയ്‌ ഗോളാക്കുകയായിരുന്നു.

തുടർന്നും നിരവധി അവസരങ്ങൾ വാട്ഫോർഡിനു ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മകൾ വാട്ഫോർഡിനു തിരിച്ചടിയാവുകയായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ ഫുൾഹാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർന്ന് മത്സരത്തിന്റെ 78മാത്തെ മിനുട്ടിലാണ് മിട്രോവിച്ച് ഫുൾഹാമിന്റെ രക്ഷക്കെത്തിയത്. തുടർന്ന് മത്സരം ജയിക്കാനുള്ള അവസരം ഫുൾഹാമിന്‌ ലഭിച്ചെങ്കിലും മിട്രോവിച്ചിന്റെ ശ്രമം ബാറിൽ തട്ടി തെറിച്ചത് ഫുൾഹാമിന്‌ വിനയായി.

6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി വാട്ഫോർഡ് ലീഗിൽ നാലാം സ്ഥാനത്താണ്.  6 മത്സരങ്ങളിൽ നിന്ന് തന്നെ 5 പോയിന്റുമായി ഫുൾഹാം ലീഗിൽ 15ആം സ്ഥാനത്താണ്.

ഇന്ത്യയുടെ ലോകകപ്പ് താരം കേരള ബ്ലാസ്റ്റേഴ്സിൽ

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കുകയും ഇന്ത്യക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഗോൾ നേടുകയും ചെയ്ത ജീക്സൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വാന്തമാക്കിയെന്ന് ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്തത്. ഡിഫെൻസിവ് മിഡ്‌ഫീൽഡർ സ്ഥാനത്തതാണ് ജെക്സൺ കളിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഗോൾ നേടിയ താരമാണ് ജെക്സൺ. കൊളംബിയക്കെതിരെയാണ് അണ്ടർ 17 ലോകകപ്പിൽ ജെക്സൺ ഗോൾ നേടിയത്. മിനർവ താരമായിരുന്ന ജീക്സൺ ലോൺ അടിസ്ഥാനത്തിൽ ഇന്ത്യൻ ആരോസിൽ ആയിരുന്നു കളിച്ചിരുന്നത്. അതെ സമയം കേരള ബ്ലാസ്റ്റേഴ്സും താരത്തെ ഈ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇന്ത്യൻ ആരോസിലേക്ക് തന്നെ അയക്കും.

മണിപ്പൂർ സ്വദേശിയായ ജെക്സൺ പഞ്ചാബിലാണ് ഫുട്ബോൾ ജീവിതം തുടങ്ങിയത്. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന താരം അവസാനം പഞ്ചാബിൽ നിന്നുള്ള മിനർവയിൽ എത്തിപെടുകയായിരുന്നു. ജെക്സൺ ഇപ്പോൾ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ കൂടെ സെർബിയയിലാണ്.

 

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോൺസർ

പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോൺസർ. മൊബൈൽ വിൽപന രംഗത്ത് പ്രസിദ്ധമായ മൈ ജി യാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോൺസർ ആയി എത്തിയിരിക്കുന്നത്.

63 സ്റ്റോറുകൾ ഉള്ള മൈ ജി മൊബൈൽ വിൽപന രംഗത്തെ പ്രമുഖരാണ്. 2006ൽ 3ജി എന്ന പേരിലാണ് മൈ ജി മൊബൈൽ വിൽപന രംഗത്ത് കാലെടുത്തുവെക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മൈ ജി മേധാവി ഷാജിയും കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഓ വരുണും കരാറിൽ ഒപ്പു വെച്ചു.

 

 

ഉറുഗ്വ പരിശീലകന് പുതിയ കരാർ

ഉറുഗ്വ പരിശീലകൻ ഓസ്കാർ ടാബരസിന് പുതിയ കരാർ. നാല് വർഷത്തെ പുതിയ കരാറാണ് ടാബരസിനു ഉറുഗ്വ ഫുട്ബോൾ അസോസിയേഷൻ നൽകിയത്. ഇത് പ്രകാരം 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പ് വരെ ടാബരസ് ഉറുഗ്വയുടെ പരിശീലകനായി തുടരും.

2006 മുതൽ ഉറുഗ്വ ടീമിന്റെ പരിശീലകനാണ് ഓസ്കാർ ടാബരസ്.  കഴിഞ്ഞ 3 ലോകകകപ്പുകളിൽ ഉറുഗ്വയെ പരിശീലിപ്പിച്ചത് ഓസ്കാർ ടാബരസായിരുന്നു. ഈ കഴിഞ്ഞ റഷ്യ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റാണ് ഓസ്കാർ ടാബരസിന്റെ ഉറുഗ്വ പുറത്തായത്. 2010 ലോകകപ്പിൽ ഉറുഗ്വയെ നാലാം സ്ഥാനം എത്തിച്ചതാണ് ടാബരസിന്റെ ലോകകപ്പിലെ മികച്ച പ്രകടനം.

ഒക്ടോബർ 12ന് സൗത്ത് കൊറിയക്കെതിരെയും ഒക്ടോബർ 16ന് ജപ്പാനെതിരെയുമാണ് ഉറുഗ്വയുടെ അടുത്ത മത്സരങ്ങൾ.

 

അർജന്റീനക്കെതിരെയുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ

അടുത്ത മാസം നടക്കുന്ന അർജന്റീനകെതിരെയും സൗദി അറേബ്യക്കെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ. കഴിഞ്ഞ തവണ ടീമിൽ ഉണ്ടായിരുന്ന തിയാഗോ സിൽവ, ഫെലിപെ, ഫിലിപ്പെ ലൂയിസ്, ആന്ദ്രെസ് പെരേര, വില്യൻ, ഡഗ്ലസ് കോസ്റ്റ എന്നിവർക്ക് ടീമിൽ സ്ഥാനമില്ല. മികച്ച ഫോമിലുള്ള എവർട്ടൺ ഫോർവേഡ് റീചാർലിസണും ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

നെയ്മർ, കൂട്ടീഞ്ഞോ, ഫിർമിനോ, അലിസൺ, ഫ്രെഡ് തുടങ്ങിയ പ്രമുഖ താരങ്ങൾ എല്ലാം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതെ സമയം കഴിഞ്ഞ തവണ ടീമിൽ നിന്ന് പുറത്തുപോയ മാഴ്‌സെലോയും ഗബ്രിയേൽ ജീസുസും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മിറാൻഡ, ഗോൾ കീപ്പർ എഡേഴ്സൻ എന്നിവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ബാഴ്‌സലോണ ഫോർവേഡ് മാൽകമും ആദ്യമായി ബ്രസീൽ ടീമിൽ ഇടം നേടിയിട്ടുണ്ട്

ഒക്ടോബർ 12ന് സൗദി അറേബ്യക്കെതിരെയും ഒക്ടോബർ 16ന് അർജന്റീനക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങൾ.

തുടക്കം ഗംഭീരം ! എ.എഫ്.സി കപ്പിൽ ഇന്ത്യക്ക് ജയം

വിയറ്റ്നാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഇന്ത്യൻ എ.എഫ്.സി അണ്ടർ 16ചാമ്പ്യൻഷിപ്പിൽ  തുടക്കം ഗംഭീരമാക്കി. മത്സരത്തിനിടെ തുടക്കം മുതൽ ഒടുക്കം വരെ മികച്ച പ്രകടനം ഇന്ത്യ കാഴ്ചവെച്ചെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മകൾ ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. വിയറ്റ്നാം ഗോൾ കീപ്പറുടെ മികച്ച പ്രകടനവും അവരുടെ തുണക്കെത്തി. പ്രതിരോധ നിരയിൽ മലയാളി താരം ഷബാസ് അഹമ്മദിന് അവസരം കൊടുത്തുകൊണ്ടാണ് ഇന്ത്യ മത്സരം തുടങ്ങിയത്.

തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയ ഗോൾ കണ്ടെത്തിയത്. ക്യാപ്റ്റൻ വിക്രം പ്രതാപിന്റെ മികച്ച മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പെനാൽറ്റി വിക്രം തന്നെ ഗോളാക്കിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ച ഇന്ത്യക്ക് പലപ്പോഴും ഗോൾ നേടനാവാതെ പോയതാണ് തിരിച്ചടിയായത്.

കൊച്ചിക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വക ഫുട്ബോൾ പുതിയ ക്ലബ്

കൊച്ചിക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വക ഒരു ഫുട്ബോൾ ക്ലബ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന ടിനു യോഹന്നാൻ ആണ് കൊച്ചിക്ക് പുതിയ ഫുട്ബോൾ ക്ലബ്ബുമായി രംഗത്ത് എത്തിയത്. എഫ്.സി കൊച്ചി എന്ന് പേരിട്ടിരിക്കുന്ന ക്ലബ്  ഈ വർഷത്തെ കേരള പ്രീമിയർ ലീഗിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ടിനു യോഹന്നാനു പുറമെ ക്ലബ്ബിന്റെ സഹ ഉടമയായി ഉള്ളത് ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനറായ ജോജി മാത്യുവാണ്. കൂടുതൽ യുവ താരങ്ങളെ വളർത്തിക്കൊണ്ടു വരുക എന്നത് മുൻപിൽ കണ്ടുകൊണ്ടാണ് ക്ലബ് തുടങ്ങിയതെന്ന് ടിനു യോഹന്നാൻ പറഞ്ഞു.

അതെ സമയം നേരത്തെ നിലവിലുണ്ടായിരുന്ന ഇന്ത്യയിലെ ആദ്യ പ്രഫഷണൽ ക്ലബ് ആയിരുന്ന എഫ്.സി കൊച്ചിനുമായി പുതിയ ക്ലബിന് യാതൊരു ബന്ധവുമില്ല. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അജിത് ശിവൻ, സന്തോഷ് ട്രോഫി താരങ്ങളായ വിബിൻ അജയൻ, റഫീഖ് എന്നിവരെ കേരള പ്രീമിയർ ലീഗ് മുൻപിൽ കണ്ടുകൊണ്ട് എഫ്.സി കൊച്ചി സ്വന്തമാക്കിയിട്ടുണ്ട്. സോളി സേവ്യറാണ് എഫ് സി കൊച്ചിയുടെ പരിശീലകൻ. സഹ പരിശീലകനായി സനൽ കുമാറുമുണ്ട്.

 

Exit mobile version