നോർത്ത് ഈസ്റ്റിനു തിരിച്ചടി, അവ്റാം ഗ്രാന്റ് ടീം വിടുന്നു

ഐ.എസ്.എൽ സീസൺ തുടങ്ങാനിരിക്കെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തിരിച്ചടി. കഴിഞ്ഞ വർഷം ഉപദേശകനായി ടീമിൽ എത്തുകയും അവസാന മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്ത അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് വിടാനൊരുങ്ങുന്നു. ഗ്രാന്റ് ഗ്രീക്ക് ക്ലബായ പനത്തിനായികോസിന്റെ സി.ഇ.ഓ ആവാൻ വേണ്ടിയാണു നോർത്ത് ഈസ്റ്റ് വിടുന്നതെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു.

നേരത്തെ തന്നെ സാമ്പത്തിക പ്രശ്നങ്ങളുമായി പ്രതിസന്ധിയിലായ ക്ലബിന് ഗ്രാന്റിന്റെ പിൻമാറ്റം തിരിച്ചടിയാവും. ഗ്രീക്ക് ക്ലബ്ബിന്റെ സി.ഇ.ഓ ആയി ചുമതലയേറ്റെടുത്താലും ഗ്രാന്റ് നോർത്ത് ഈസ്റ്റിന്റെ ഉപദേശകനായി തുടരും എന്നും വാർത്തകൾ ഉണ്ട്. എന്നാൽ നോർത്ത് ഈസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താൻ ഗ്രാന്റിനാവില്ല.

ചെൽസിയുടെ മുൻ പരിശീലകനായ ഗ്രാന്റ് ചെൽസിയെ ഒരു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിച്ചിട്ടുണ്ട്. ഘാന ദേശീയ ടീമിന്റെ പരിശീലകനായും ഗ്രാന്റ് പ്രവർത്തിച്ചിട്ടുണ്ട്.  ഒക്ടോബർ 1ന് എഫ്.സി ഗോവക്കെതിരെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഐ.എസ്.എൽ സീസണിലെ ആദ്യ മത്സരം.

 

വെല്ലിങ്ടൺന്റെ മാജിക് ഗോളിൽ ജാംഷഡ്‌പൂരിന് ജയം

വെല്ലിങ്ടൺ പ്രിയോരിയുടെ മാജിക് ഗോളിൽ പൊരുതി നിന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് ജാംഷഡ്‌പൂരിന് ജയം. ജയത്തോടെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ജാംഷഡ്‌പൂരിനായി. പോയിന്റ് പട്ടികയിൽ ജാംഷഡ്‌പൂരിനും പൂനെക്കും 25 പോയിന്റ് ആണെങ്കിലും ഗോൾ വ്യതാസത്തിന്റെ അടിസ്ഥാനത്തിൽ പൂനെ രണ്ടാമതാണ്.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ പിറകിൽ ആവുന്നതിൽ പലപ്പോഴും ജാംഷഡ്‌പൂരിന്റെ രക്ഷക്കെത്തിയത് ഗോൾ കീപ്പർ സുബ്രത പോൾ ആയിരുന്നു. മികച്ച തുടക്കം ലഭിച്ച നോർത്ത് ഈസ്റ്റിനു പക്ഷെ അതൊന്നും ഗോളാക്കാനായില്ല. പല തവണ അനാവശ്യമായി പന്ത് നഷ്ടപ്പെടുത്തിയ ജാംഷഡ്‌പൂർ പലപ്പോഴും ഗോൾ വഴങ്ങുന്നതിനു അടുത്ത് എത്തിയെങ്കിലും ഗോൾ നേടാൻ മറന്ന നോർത്ത് ഈസ്റ്റ് ആക്രമണ നിര അവർക്ക് വിനയാവുകയായിരുന്നു.

രണ്ടാം പകുതിൽ ആഷിം ബിശ്വാസിന് പകരം മെഹ്താബിനെ ഇറക്കി മത്സരം വരുതിയിലാക്കാൻ ശ്രമിച്ചതോടെ പതിയെ ജാംഷഡ്‌പൂർ മത്സരത്തിലേക്ക് തിരിച്ചു വന്നു. അതിന്റെ പ്രതിഫലമെന്നോണം ഐ.എസ്.എൽ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറിയ വെല്ലിംഗ്ടണിന്റെ ഗോളിലൂടെ ജാംഷഡ്‌പൂർ മത്സരത്തിൽ ലീഡ് നേടി. അസുകയുടെ ഒരു ലോങ്ങ് ത്രോ ബോൾ വരുതിയിലാക്കി മികച്ചൊരു ഓവർ ഹെഡ് കിക്കിലൂടെ വെല്ലിങ്ടൺ ഗോളകുകയായിരുന്നു.

ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ജാംഷഡ്‌പൂർ നോർത്ത് ഈസ്റ്റിനു കൂടുതൽ അവസരങ്ങൾ നൽകിയില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലീഡ് ഉയർത്താനുള്ള അവസരം ഫാറൂഖ് ചൗധരി നഷ്ടപ്പെടുത്തി. മലയാളി ഗോൾ കീപ്പർ രഹനേഷിന്റെ മികച്ച രക്ഷപെടുത്തലാണ് നോർത്ത് ഈസ്റ്റിന്റെ രക്ഷക്കെത്തിയത്.

ജയത്തോടെ ജാംഷഡ്‌പൂർ  പ്ലേ ഓഫ് സാധ്യത സജീവമാക്കി. ജാംഷഡ്‌പൂരിന്റെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ 25 പോയിന്റുമായി ജാംഷഡ്‌പൂർ മൂന്നാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക്‌ ഇതോടെ അവസാനമാവും. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാനാവാതെ പോയതാണ് നോർത്ത് ഈസ്റ്റിനു വിനയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്ലേ ഓഫ് സ്വപ്നം കണ്ട് ജാംഷഡ്പൂർ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ

ഐ.എസ്.എല്ലിൽ ഇന്ന് ജാംഷഡ്പൂർ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ജാംഷഡ്പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് നാലും ജയിച്ചാണ് ജാംഷഡ്പൂർ ഇന്ന് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ജാംഷഡ്പൂരിനു ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം. അവസാന രണ്ടു മത്സരത്തിൽ എ.ടി.കെയേയും മുംബൈ സിറ്റിയെയും തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജാംഷഡ്പൂർ ഇറങ്ങുന്നത്.

അതെ സമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വിജയമറിയാതെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനു പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച മട്ടാണ്. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ട്രിനിഡാഡെ ഗോൺസാൽവസും ബെൽഫോർട്ടും നോർത്ത് ഈസ്റ്റ് ടീമിൽ ഇന്ന്  ഇടം പിടിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഞ്ചു ഗോളിന്റെ തോൽവിക്ക് പ്രതികാരം ചെയ്യാൻ നോർത്ത് ഈസ്റ്റ് പൂനെ സിറ്റിക്കെതിരെ

ലീഗിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ എല്ലാ മത്സരങ്ങളും നിർണായകമായ പൂനെ സിറ്റി ഇന്ന് പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെ കുറെ അസ്തമിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ സ്വന്തം ഗ്രൗണ്ടായ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ പൂനെയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പൂനെ നോർത്ത് ഈസ്റ്റിന്റെ വലയിൽ അഞ്ച് ഗോളടിച്ച് നാണം കെടുത്തിയിരുന്നു. അതിന്റെ പ്രതികാരം തേടിയാവും നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക.

കഴിഞ്ഞ രണ്ടു മത്സരത്തിലും വിജയം നേടാനാവാതെയാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് സമനില വഴങ്ങിയ നോർത്ത് ഈസ്റ്റ് അതിനു മുൻപത്തെ മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സിയോട് തോറ്റിരുന്നു.അതെ സമയം ഗോവയുമായുള്ള മത്സരത്തിൽ രണ്ടു തവണ പിറകിൽ പോയിട്ടും മികച്ച പ്രകടനം നടത്തിയാണ് നോർത്ത് ഈസ്റ്റ് സമനില പിടിച്ചെടുത്തത്.    കഴിഞ്ഞ മൂന്ന് ഹോം മത്സരങ്ങളിൽ രണ്ടും ജയിച്ചതിന്റെ ആത്മവിശ്വാസം സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഉണ്ടാവും.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് സ്വന്തം ഗ്രൗണ്ടിൽ തോൽവിയേറ്റുവാങ്ങിയാണ് പൂനെ ഇന്നിറങ്ങുക. ഇഞ്ചുറി ടൈമിലെ സി.കെ വിനീതിന്റെ ബുള്ളറ്റ് ഷൂട്ട് ഗോളിൽ പൂനെ പരാജയം സമ്മതിക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പൂനെക്ക് ഇന്ന് ജയിച്ച പ്ലേ ഓഫ് സാധ്യത ശക്തമാക്കാം. പൂനെ നിരയിൽ പരിക്കുമൂലം മലയാളി താരം ആഷിഖ് കുരുണിയൻ ഇന്നും ഇറങ്ങില്ല.

13 മത്സരങ്ങൾ കളിച്ച പൂനെ 22 പോയിന്റോടെ ചെന്നൈയിൻ എഫ്.സിക്ക് തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രം നേടി നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോവയെ സമനിലയിൽ പിടിച്ചുകെട്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐ.എസ്.എല്ലിലെ മികച്ച ആക്രമണ നിരായുള്ള ഗോവയെ സമനിലയിൽ പിടിച്ചു കെട്ടി നോർത്ത് ഈസ്റ്റ്. ആവേശകരമായ മത്സരത്തിൽ 2-2നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചത്. രണ്ടു തവണ പിറകിലായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. മത്സരം സമനിലയിലായതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോവ അഞ്ചാംസ്ഥാനത്തെത്തി.

ഇരു ടീമുകളും പരസ്പരം ആക്രമിച്ചുകൊണ്ടാണ് മത്സരം തുടങ്ങിയത്. ഗോവ ഗോൾ കീപ്പർ കട്ടിമണിയുടെയും നോർത്ത് ഈസ്റ്റ് കീപ്പർ രഹനേഷിന്റെയും രക്ഷപെടുത്തലുകളാണ് പലപ്പോഴും മത്സരം ഗോൾ രഹിതമാക്കിയത്.  ആദ്യ പകുതി ഗോൾ രഹിതമാവുമെന്നു തോന്നിച്ച ഘട്ടത്തിലാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്.  ജോനാതൻ കാർഡോസോയുടെ പെനാൽറ്റി ബോക്സിലേക്ക് വന്ന ക്രോസ്സ് മാർട്ടിൻ ഡയസിന്റെ കാലിൽ തട്ടി ബോക്സിലേക്ക് ഓടി വന്ന മന്ദർ റാവു ദേശായിയുടെ കാലിൽ കിട്ടുകയും മികച്ചൊരു ഫിനിഷിലൂടെ നോർത്ത് ഈസ്റ്റ് ഗോൾ വല കുലുക്കുകയായിരുന്നു.

എന്നാൽ ഗോവയുടെ ലീഡിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മാർസിഞ്ഞോയാണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടിയത്. ഇടത് വിങ്ങിൽ നിന്ന് ഹാലിച്ചരൻ നർസരിയുടെ പാസിൽ നിന്നാണ് മാർസിഞ്ഞോ സമനില ഗോൾ നേടിയത്. ഈ ഗോളോടെ ഐ.എസ്.എൽ സീസണിൽ എല്ലാ മത്സരത്തിലും ഗോൾ വഴങ്ങിയ ടീമെന്ന റെക്കോർഡ് ഗോവ കാത്തുസൂക്ഷിച്ചു.

രണ്ടാം പകുതിയിൽ വീണ്ടും ഗോവ മുൻപിലെത്തി. ഇത്തവണ ഫെറാൻ കോറോമിനാസ് ആണ് രഹനേഷിന്റെ മറികടന്ന് നോർത്ത് ഈസ്റ്റ് ഗോൾ വല കുലുക്കിയത്. മാനുവൽ ലാൻസറൊട്ടേയുടെ പാസിൽ നിന്നാണ് കോറോമിനാസ് ഗോൾ നേടിയത്. ഐ.എസ്.എൽ സീസണിൽ കോറോയുടെ 13മത്തെ ഗോളായിരുന്നു ഇത്.

ഒരു ഗോളിന് പിറകിലായതോടെ ജോൺ മോസ്‌ക്കരയെ ഇറക്കി നോർത്ത് ഈസ്റ്റ് ആക്രമണം ശക്തമാക്കി. അതിന്റെ പ്രതിഫലമെന്നോണം ജോൺ മോസ്‌ക്കരയിലൂടെ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു.  റൗളിൻ ബോർഗസും ഡൗങ്ങലും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ജോൺ മോസ്‌ക്കര ഗോൾ നേടുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മത്സരം സമനിലയിലാവസാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോവയിൽ ഇന്ന് എഫ്.സി ഗോവ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം 

ഐ.എസ്.എല്ലിൽ നിന്ന് എഫ്.ഗോവ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയാണ് ഇന്ന് ഇറങ്ങുന്നത്. ജയത്തോടെ പ്ലേ ഓഫ് സാധ്യത വർദ്ധിപ്പിക്കാനാവും ഗോവയുടെ ശ്രമം. ഇന്നത്തെ മത്സരം ജയിച്ചാൽ ഗോവക്ക് ജാംഷെദ്പുരിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏകദേശം അവസാനിച്ച മട്ടാണ്.

കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് 3-4ന് തോറ്റതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് പിന്നിലാണ് എഫ്.സി ഗോവ. അതെ സമയം കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ മൂന്ന് മത്സരങ്ങൾ കുറവ് കളിച്ച ഗോവക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാൻ എളുപ്പമാവും. ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയാണ് ഗോവക്കുള്ളത്. ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോവ  ഇതുവരെ 27 ഗോളുകൾ  നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ സെറിറ്റൻ ഫെർണാഡസിനു ഇന്നത്തെ മത്സരം നഷ്ട്ടമാകും.

പക്ഷെ ഗോളുകൾ വഴങ്ങുന്ന പ്രതിരോധമാണ് ഗോവയുടെ പ്രധാന പ്രശ്നം. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയവരുടെ പട്ടികയിൽ ഗോവ രണ്ടാം സ്ഥാനത്താണ്. 29 ഗോൾ വഴങ്ങിയ ഡൽഹിക്ക് പിന്നിൽ 21 ഗോളുമായി എഫ്.സി ഗോവയുണ്ട്. ലീഗിലെ ഇത് വരെ എല്ലാ മത്സരത്തിലും ഗോൾ വഴങ്ങിയ ഓരോ ഒരു ടീമും എഫ്.സി ഗോവയാണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്.സിയോട് 2-1ന് പരാജയപെട്ടാണ് ഇന്നിറങ്ങുന്നത്. ബെംഗളൂരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരാജയപെടാനായിരുന്നു അവരുടെ വിധി. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫിൽ കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. അതെ സമയം നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എഫ്.സി ഗോവയെ 2-1ന് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയിരുന്നു. ഇത് അവർക്ക് പ്രതീക്ഷ നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുത്തൻ ഉണർവിൽ ബെംഗളുരുവിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

പുതിയ പരിശീലകന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങുന്ന ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളൂരു എഫ്.സിയുടെ സ്വന്തം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. എ.എഫ്.സി കപ്പ്  മത്സരത്തിൽ ഭൂട്ടാൻ ക്ലബായ ട്രാൻസ്‌പോർട് യൂണൈറ്റഡിനെതിരെ സമനില വഴങ്ങിയതിനു പിന്നാലെയാണ് ബെംഗളൂരു ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ ഐ.എസ്.എൽ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ പിൻബലത്തിലാണ് ബെംഗളൂരു നോർത്ത് ഈസ്റ്റിനെ നേരിടാനിറങ്ങുന്നത്. 3-1നാണ് ബെംഗളൂരു മുംബൈ സിറ്റിയെ തറപറ്റിച്ചത്. നോർത്ത് ഈസ്റ്റ് ആവട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടും ജയിച്ചാണ് ബെംഗളുരുവിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെയാണ് നോർത്ത് ഈസ്റ്റ് 3-1നു തോൽപ്പിച്ചത്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്.സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.

മികച്ച ഫോമിലുള്ള ആക്രമണ നിരയാണ് ബെംഗളൂരുവിന്റെ ശക്തി. ഉദാന്ത സിങ്ങും സുനിൽ ഛേത്രിയും മിക്കുവും അടങ്ങിയ ആക്രമണ നിര മികച്ച ഫോമിലാണ്.11 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളുമായി മികുവും 7 ഗോളുകളുമായി ഛേത്രിയും ലീഗിലെ ഗോളടിക്കാരുടെ പട്ടികയിൽ മുൻപിലുണ്ട്. അവ്റാം ഗ്രാന്റിന് കീഴിൽ പുതിയ പ്രതീക്ഷകളുമായി ഇറങ്ങിയ നോർത്ത് ഈസ്റ്റ് പോയിന്റ് ടേബിളിൽ മുന്നേറാനുള്ള ശ്രമത്തിലാണ്. മികച്ച ഫോമിലുള്ള സിമെൻലെൻ ഡൗൺങ്കൽ കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് നാല് ഗോളും നേടിയിട്ടുണ്ട്.

11 കളികളിൽ നിന്ന് 22 പോയിന്റുമായി ബെംഗളൂരു എഫ്.സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.  10 കളികളിൽ നിന്ന് 10 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതിയ പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് ഇന്ന് ഗോവക്കെതിരെ

പുതിയ കോച്ചിന് കീഴിൽ മികച്ച തുടക്കം പ്രതീക്ഷിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റിനെ നോർത്ത് ഈസ്റ്റ് പരിശീലകനായി നിയമിച്ചിരുന്നു. ടീമിന്റെ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും ഈ സീസണിന്റെ അവസാനം വരെ ടീമിന്റെ പരിശീലകനായി അവ്റാം ഗ്രാന്റ് തുടരും.

മോശം പ്രകടനത്തെ തുടർന്ന് ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. 7 മത്സരങ്ങൾ കഴിഞ്ഞതോടെ നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതോടെയാണ് കോച്ചിനെ പുറത്താക്കാൻ നോർത്ത് ഈസ്റ്റ് നിർബന്ധിതനായത്. കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിക്കെതിരെ 5 – 0 നാണ് നോർത്ത് ഈസ്റ്റ് തോൽവിയേറ്റുവാങ്ങിയത്. തുടർച്ചയായ നാല് പരാജയങ്ങളുടെ പിന്നാലെയാണ് ഇന്ന് നോർത്ത് ഈസ്റ്റ് ഇറങ്ങുന്നത്. ഗോൾ നേടാൻ പാടുപെടുന്ന ആക്രമണ നിരയാണ് നോർത്ത് ഈസ്റ്റിന്റെ പ്രധാന പ്രശ്നം. ലീഗിൽ ഇതുവരെ വെറും 2 ഗോൾ മാത്രമാണ് നോർത്ത് ഈസ്റ്റ് ഇതുവരെ നേടിയത്.

മികച്ച ഫോമിൽ കളിച്ചിരുന്ന ഗോവ അവസാന രണ്ട് മത്സരങ്ങളിൽ വിജയം കണ്ടെത്താനാവാതെ പോയത് അവർക്ക്‌ തിരിച്ചടിയായിരുന്നു. 7 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി  ഗോവ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പൂനെയെക്കാൾ രണ്ട് മത്സരം കുറച്ച് കളിച്ച ഗോവക്ക് ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ഒന്നാം സ്ഥാനം പിടിച്ചെടുക്കാനാവും ശ്രമം. സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് എഫ്.സി ഗോവയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുൻ ചെൽസി പരിശീലകൻ അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ. ടീമിന്റെ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും ഈ സീസണിന്റെ അവസാനം വരെ ടീമിന്റെ പരിശീലകനായി തുടരും. ഐ.എസ്.എല്ലിലെ മോശം പ്രകടനത്തിന്റെ പേരിൽ നോർത്ത് ഈസ്റ്റ് കോച്ച് ആയിരുന്ന ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. 7 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ 9ആം സ്ഥാനത്തായതാണ് കോച്ചിന്റെ പുറത്താക്കലിന് കാരണമായത്.

ചെൽസിയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച വ്യക്തിയാണ് അവ്റാം ഗ്രാന്റ്. 2008ലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസി മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് തോൽക്കുകയായിരുന്നു. 2008 സീസണിൽ മൗറിഞ്ഞോയെ ചെൽസി പുറത്താക്കിയതിന്  പിന്നാലെയാണ് അവ്റാം ഗ്രാന്റ് ചെൽസിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ചെൽസി വിട്ടതിനു ശേഷം ഗ്രാന്റ് പോർട്സ്‌മൗത്തിന്റെ പരിശീലകനാവുകയും അവരെ എഫ്.എ കപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഫ്രിക്കൻ ടീമായ ഘാനയുടെ പരിശീലകനായിരുന്ന ഗ്രാന്റ് 2015ലെ ആഫ്രിക കപ്പ്  നാഷൻസിൽ ഫൈനലിൽ ഘാനയെ എത്തിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ ഐവറി കോസ്റ്റിനോട് ഘാന തോൽക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നോർത്ത് ഈസ്റ്റ് യുണൈറ്റഡും കോച്ചിനെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മുളൻസ്റ്റീൻ പുറത്ത് പോയതിനു തൊട്ടു പിന്നാലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ കോച്ച് ജാവോ ഡി ഡിയസിനെ പുറത്താക്കി. പോയിന്റ് പട്ടികയിൽ ഡൽഹിക്ക് തൊട്ടുമുകളിൽ ഒൻപതാം സ്ഥാനത്ത് ആയതോടെയാണ് നോർത്ത് ഈസ്റ്റ് കോച്ചിനെ പുറത്താക്കാൻ തീരുമാനിച്ചത്. കോച്ചിനോപ്പം സഹ പരിശീലകനായിരുന്ന ജോ പിനോയെയും ക്ലബ് പുറത്താക്കിയിട്ടുണ്ട്. ഗോൾ കീപ്പർ കോച്ച് ജോസഫ് സിദ്ദി താൽകാലികമായി ടീമിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

7 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് നോർത്ത് ഈസ്റ്റിനു ഇതുവരെ നേടാനായത്. 5 മത്സരം നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിലാവസാനിക്കുകയായിരുന്നു. 7 മത്സരങ്ങളിൽ നിന്ന് വെറും 2 ഗോൾ മാത്രം നേടിയതും ഡിയസിന്റെ പുറത്താക്കൽ വേഗത്തിലാക്കി. മികച്ച ആക്രമണ ഫുട്ബോൾ വാഗ്ദാനം ചെയ്ത് നോർത്ത് ഈസ്റ്റിനെ പരിശീലിപ്പിക്കാൻ ഇറങ്ങിയ ഡയസിന് വിജയം നേടിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version