കന്നി ടി20 ലോകകപ്പ് കിരീടം നേടാനുറച്ച് ഓസ്ട്രേലിയയും ന്യൂസിലാൻഡും

തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് കിരീടം നേടാനുറച്ച് ദുബൈയിൽ ഇന്ന് ഓസ്ട്രേലിയയും ന്യൂസിലാൻഡും ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിൽ മികച്ച ഫോമിൽ കളിച്ച പാകിസ്ഥാനെ പരാജയപ്പെടുത്തിയത് ഓസ്ട്രേലിയ ഫൈനൽ ഉറപ്പിച്ചത്. അതെ സമയം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപിച്ച ഇംഗ്ലണ്ടിനെ മറികടന്നാണ് ന്യൂസിലാൻഡ് ടി20 ലോകകപ്പിന്റെ ഫൈനൽ ഉറപ്പിച്ചത്.

ടി20 ലോകകപ്പിന്റെ തുടക്കത്തിൽ ആരും പ്രതീക്ഷയർപ്പിക്കാത്ത ടീം ആയിരുന്നു ഓസ്ട്രേലിയ. എന്നാൽ ടൂർണമെന്റിൽ മികച്ച ഫോമിൽ കളിച്ച പാകിസ്ഥാനെ തോല്പിച്ച് ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു. മികച്ച ഫോമിലുള്ള ഡേവിഡ് വാർണറും പാകിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മർകസ് സ്റ്റോയ്‌നിസും മാത്യു വെയ്‌ഡും ഫൈനലിൽ ഓസ്‌ട്രേലിയക്ക് കരുത്ത് നൽകും.

അതെ സമയം തുടർച്ചയായ മൂന്നാമത്തെ ഐ.സി.സി ഫൈനലിനാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. നേരത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ എത്തിയ ന്യൂസിലാൻഡ് ഈ വർഷം നടന്ന ഐ.സി.സി ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് കിരീടവും നേടിയിരുന്നു. അതെ സമയം കഴിഞ്ഞ ദിവസം പരിക്കേറ്റ ഡെവോൺ കോൺവേ ഫൈനൽ മത്സരത്തിന് ഇല്ലാത്തത് ന്യൂസിലാൻഡിനു തിരിച്ചടിയാവും. താരത്തിന് പകരം ടിം സെയ്‌ഫെർട്ട് ന്യൂസിലാൻഡ് ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് ഫൈനൽ മത്സരം.

മൂന്ന് പേരെ കൂടി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി ഐ.സി.സി

ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർദ്ധനെ, മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക്, മുൻ ഇംഗ്ലണ്ട് താരം ജാനെറ്റ് ബ്രിട്ടിൻ എന്നിവരെ ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി. ടി20 ലോകകപ്പ് ഫൈനൽ നാളെ നടക്കാനിരിക്കെയാണ് ഇവരെ ഐ.സി.സി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയത്. ക്രിക്കറ്റ് ചരിത്രത്തിൽ നേട്ടങ്ങൾ ഉണ്ടാക്കിയ ഇതിഹാസ താരങ്ങളെയാണ് ഐ.സി.സി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തുന്നത്. 2009 മുതൽ ക്രിക്കറ്റ് ഇതിഹാസങ്ങളായ 106 പേരെ ഈ പട്ടികയിൽ ഐ.സി.സി ഉൾപെടുത്തിയിട്ടുണ്ട്.

1979 മുതൽ 1998 വരെ ഇംഗ്ലണ്ട് വനിതാ ടീമിന് വേണ്ടി കളിച്ച താരമാണ് ജാനെറ്റ് ബ്രിട്ടിൻ. ജാനെറ്റ് ബ്രിട്ടിൻ 2017ൽ മരണപ്പെടുകയും ചെയ്തിരുന്നു. 2014ൽ ശ്രീലങ്ക ഐ.സി.സി ടി20 ലോകകപ്പ് നേടിയപ്പോൾ ടീമിന്റെ ഭാഗമായ താരമാണ് ജയവർദ്ധനെ. ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഷോൺ പൊള്ളോക്ക്. ടെസ്റ്റിലും ഏകദിനത്തിലും 3000 റൺസും 300 വിക്കറ്റും നേടിയ ആദ്യ താരം കൂടിയാണ് പൊള്ളോക്ക്.

സല തന്നെ പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരം

പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ലിവർപൂൾ താരം മുഹമ്മദ് സല. കഴിഞ്ഞ മാസം ലിവർപൂളിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ബെൻ ചിൽവെൽ, മാക്‌സ്‌വെൽ കോർനെറ്റ്, ഫിൽ ഫോഡൻ, ലിവ്‌റമെന്റോ, റംസ്ഡെയ്ൽ, ഡെക്ലാൻ റൈസ്, ടീലമെനസ് എന്നിവരെ മറികടന്നാണ് സല അവാർഡ് സ്വന്തമാക്കിയത്.

ഒക്ടോബറിൽ സല 5 ഗോളുകളും 4 അസിസ്റ്റുകളും പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി സ്വന്തമാക്കിയിരുന്നു. ഇതിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള ഹാട്രിക്കും ഉൾപ്പെട്ടിരുന്നു. കൂടാതെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും വാട്ഫോർഡിനെതിരെയും മികച്ച ഗോളുകൾ നേടാൻ സലക്കായിരുന്നു. കഴിഞ്ഞ മാസം ലിവർപൂൾ സലയുടെ മികവിൽ രണ്ട് മത്സരങ്ങൾ ജയിക്കുകയും 2 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.

ചെൽസി പരിശീലകൻ തോമസ് ടൂഹൽ ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകൻ

ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി ചെൽസി പരിശീലകൻ തോമസ് ടൂഹൽ. ഒക്ടോബറിൽ നടന്ന 4 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിച്ചാണ് തോമസ് ടൂഹൽ അവാർഡ് സ്വന്തമാക്കിയത്. നിലവിൽ ചെൽസിയെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും തോമസ് ടൂഹലിന് കഴിഞ്ഞിരുന്നു.

നേരത്തെ മാർച്ച് മാസത്തെ മികച്ച പരിശീലകനുള്ള പുരസ്കാരവും തോമസ് ടൂഹൽ സ്വന്തമാക്കിയിരുന്നു. സതാംപ്ടൺ, ബ്രെന്റ്ഫോർഡ്, നോർവിച്ച് സിറ്റി, ന്യൂ കാസിൽ യുണൈറ്റഡ് എന്നിവരെയാണ് ചെൽസി ഒക്ടോബർ മാസത്തിൽ പരാജയപ്പെടുത്തിയത്. ഒക്ടോബർ മാസം 14 ഗോളുകൾ നേടിയ ചെൽസി ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

ഹസൻ അലിക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പിനെ സെമി ഫൈനൽ മത്സരത്തിലെ നിർണായക സമയത്ത് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ പാകിസ്ഥാൻ താരം ഹസൻ അലിക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മത്സരത്തിൽ തുടർച്ചയായ മൂന്ന് സിക്സുകൾ നേടിയ മാത്യു വെയ്ഡിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റ് ജയം സ്വന്തമാക്കി ടി20 ലോകകപ്പിന്റെ ഫൈനൽ ഉറപ്പിച്ചിരുന്നു.

മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ ഓവറിൽ ഹസൻ അലി ക്യാച്ച് വിട്ടതിന് പിന്നാലെ തുടർച്ചയായി മൂന്ന് സിക്സുകൾ അടിച്ച് മാത്യു വെയ്ഡ് ഓസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചിരുന്നു. തോൽവിക്ക് പിന്നാലെ ഹസൻ അലിയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും പാകിസ്ഥാനെ ഒരുപാട് മത്സരങ്ങളിൽ ജയിപ്പിച്ച താരമാണ് ഹസൻ അലി എന്നും ബാബർ അസം പറഞ്ഞു. ഹസൻ അലി ഒരു യോദ്ധാവ് ആണെന്നും താരം ശക്തമായി തിരിച്ചുവരുമെന്നും ബാബർ അസം പറഞ്ഞു.

വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചനകൾ

ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലിയെ മാറ്റാൻ ബി.സി.സി.ഐ ശ്രമിക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മയെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കി വിരാട് കോഹ്‌ലിയുടെ മേലുള്ള സമ്മർദ്ദം കുറക്കാനാണ് ബി.സി.സി.ഐ പദ്ധതി. രോഹിത് ശർമ്മ ക്യാപ്റ്റൻ ആവുന്നതോടെ കെ.എൽ രാഹുൽ വൈസ് ക്യാപ്റ്റൻ ആവുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

നേരത്തെ ടി20 ലോകകപ്പോടെ വിരാട് കോഹ്‌ലി ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. 2022 ജനുവരിയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയുടെ രോഹിത് ശർമ്മ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഇന്ത്യ 3 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും 4 ടി20 മത്സരങ്ങളുമാണ് കളിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ പര്യടനം നടത്തുന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

വെടിക്കെട്ടുമായി ഫഖർ സമാനും മുഹമ്മദ് റിസ്‌വാനും, ഓസ്‌ട്രേലിയക്കെതിരെ മികച്ച സ്‌കോറുമായി പാകിസ്ഥാൻ

ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് മികച്ച സ്കോർ. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി അർദ്ധ സെഞ്ച്വറി നേടിയ ഫഖർ സമാനും അർദ്ധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ്‌വാനുമാണ് പാകിസ്ഥാൻ സ്കോർ മികച്ച നിലയിൽ എത്തിച്ചത്.

മുഹമ്മദ് റിസ്‌വാൻ 52 പന്തിൽ 67 റൺസ് എടുത്ത് പുറത്തായപ്പോൾ 32 പന്തിൽ നിന്ന് 55 റൺസ് എടുത്ത ഫഖർ സമാൻ പുറത്താവാതെ നിന്നു. ക്യാപ്റ്റൻ ബാബർ അസം 39 റൺസ് എടുത്ത് പുറത്തായപ്പോൾ ആസിഫ് അലി റൺസ് ഒന്നും എടുക്കാതെയും ഷൊഹൈബ് മാലിക് ഒരു റൺസ് എടുത്തും പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റും പാറ്റ് കമ്മിൻസും ആദം സാംമ്പയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ലിവർപൂൾ ഇതിഹാസം ജെറാർഡ് ആസ്റ്റൺ വില്ല പരിശീലകൻ

ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് ആസ്റ്റൺ വില്ലയുടെ പരിശീലകനായി ചുമതലയേറ്റു. സ്കോട്ടിഷ് ടീമായ റേഞ്ചേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് ജെറാർഡ് പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ലയുടെ പരിശീലകനാവുന്നത്. കഴിഞ്ഞ വർഷം റേഞ്ചേഴ്സിന് സ്കോട്ടിഷ് പ്രീമിയർ ലീഗ് കിരീടം നേടികൊടുക്കാനും ജെറാർഡിന് കഴിഞ്ഞിട്ടുണ്ട്. മൂന്നര വർഷത്തെ കരാറിലാണ് മുൻ ലിവർപൂൾ താരത്തെ ആസ്റ്റൺ വില്ല പരിശീലകനായി എത്തിച്ചത്.

തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെയാണ് നേരത്തെ പരിശീലകനായിരുന്ന ഡീൻ സ്മിത്തിനെ ആസ്റ്റൺ വില്ല പുറത്താക്കിയത്. തുടർന്നാണ് പരിശീലകനായി സ്റ്റീവൻ ജെറാർഡിനെ ആസ്റ്റൺ വില്ല ടീമിൽ എത്തിച്ചത്. ഇന്റർനാഷണൽ ഫുട്ബോൾ അവധിക്ക് ശേഷം ബ്രൈറ്റനെതിരെയാവും ആസ്റ്റൺ വില്ല പരിശീലകനായുള്ള ജെറാർഡിനെ ആദ്യ മത്സരം. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പ്രീമിയർ ലീഗ് പോയിന്റ് പറ്റീട്ടികയിൽ പതിനാറാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് ശർമ്മക്ക് വിശ്രമം, ആദ്യ മത്സരത്തിൽ രഹാനെ നായകനാവും

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മയുടെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബി.സി.സി.ഐ താരത്തിന് വിശ്രമം അനുവദിക്കുന്നത്. രോഹിത് ശർമ്മയെ കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ഷർദുൽ താക്കൂർ എന്നിവർക്കും ടെസ്റ്റ് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

കൂടാതെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിക്കും. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്കെ രഹാനെയാവും ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലി ടീമിൽ തിരിച്ചെത്തും. നേരത്തെ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. താരത്തിന്റെ അഭാവത്തിൽ രോഹിത് ശർമ്മയാവും ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുക.

ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം ആരംഭിച്ച് ബെൻ സ്റ്റോക്സ്

ഇടവേളക്ക് ശേഷം ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം ആരംഭിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ആഷസ് പരമ്പരക്ക് മുന്നോടിയായിട്ടാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. 6 മാസത്തെ ഇടവേളക്ക് ശേഷമാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുന്നത്.

ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ വെച്ച് സ്റ്റുവർട്ട് ബ്രോഡ്, ജോ റൂട്ട് എന്നിവർക്കൊപ്പമാണ് ബെൻ സ്റ്റോക്സ് പരിശീലനം നടത്തിയത്. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിൽ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ ദിവസം ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ടതോടെ ആഷസ് പാരമ്പരക്കായി താരങ്ങൾ ഉടൻ തന്നെ ദുബൈയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും.

ടി20 റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി കെ.എൽ രാഹുൽ

ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിക്ക് തിരിച്ചടി. നേരത്തെ റാങ്കിങ്ങിൽ നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി നാല് സ്ഥാനങ്ങൾ താഴോട്ട് പോയി ഇപ്പോൾ എട്ടാം സ്ഥാനത്താണ്.

അതെ സമയം ഇന്ത്യയുടെ അവസാന മൂന്ന് മത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടിയ കെ.എൽ രാഹുൽ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് എത്തി. പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഫോം കണ്ടെത്താൻ വിഷമിച്ച കെ.എൽ രാഹുൽ അഫ്ഗാനിസ്ഥാൻ, സ്കോട്ലൻഡ്, നമീബിയ എന്നിവർക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയിരുന്നു.

പാകിസ്ഥാൻ താരം ബാബർ അസം ആണ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് താരം ഡേവിഡ് മലൻ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ബൗളർമാരുടെ റാങ്കിങ്ങിൽ ശ്രീലങ്കൻ താരം വനിണ്ടു ഹസരങ്കയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ തബ്രീസ് ഷംസിയാണ് രണ്ടാം സ്ഥാനത്ത്. ഓൾ റൗണ്ടറുമാരുടെ റാങ്കിങ്ങിൽ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ ആണ് രണ്ടാം സ്ഥാനത്ത്.

പാകിസ്ഥാനിൽ ഇംഗ്ലണ്ട് 7 ടി20 മത്സരങ്ങൾ കളിക്കും

അടുത്ത വർഷം ഇംഗ്ലണ്ട് പാകിസ്ഥാനിൽ 7 ടി20 മത്സരങ്ങൾ കളിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ പാകിസ്ഥാൻ പര്യടനം റദ്ദ് ചെയ്തിരുന്നു. തുടർന്നാണ് ഇതിന് പകരം അടുത്ത വർഷം പരമ്പര കളിയ്ക്കാൻ ഇംഗ്ലണ്ട് സമ്മതം മൂളിയത്. അടുത്ത വർഷം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ആവും ഇംഗ്ലണ്ട് ടി20 പരമ്പരക്കായി പാകിസ്ഥാനിൽ എത്തുക.

നേരത്തെ നടക്കേണ്ടിയിരുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 5 ടി20 മത്സരങ്ങൾ കളിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അടുത്ത വർഷം നടക്കുന്ന പരമ്പരയിൽ 2 ടി20 മത്സരങ്ങൾ കൂടി കളിക്കാൻ ഇംഗ്ലണ്ട് സമ്മതം മൂളുകയായിരുന്നു. തുടർന്ന് ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി നവംബറിൽ വീണ്ടും പാകിസ്ഥാനിൽ എത്തും. പരമ്പരയിൽ 3 ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്.

Exit mobile version