ടി20 ക്രിക്കറ്റിൽ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ രോഹിത് ശർമ്മക്ക്‌ കഴിയും : രവി ശാസ്ത്രി

ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് കഴിയുമെന്ന് ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രി. നമീബിയക്കെതിരായ ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെയാണ് രോഹിത് ശർമ്മക്ക് ടി20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന് രവി ശാസ്ത്രി പറഞ്ഞത്.

രോഹിത് കഴിവുള്ള ഒരു ക്യാപ്റ്റൻ ആണെന്നും ഐ.പി.എല്ലിൽ ഒരുപാട് കിരീടങ്ങൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഏറെ കാലമായി ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആണെന്നും രവി ശാസ്ത്രി പറഞ്ഞു. നേരത്തെ ടി20 ലോകകപ്പോടെ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു. നമീബിയക്കെതിരായ മത്സരത്തിൽ ടോസ് സമയത്ത് തനിക്ക് ശേഷം രോഹിത് ശർമ്മ ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആവുമെന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

24 വർഷത്തിന് ശേഷം പാകിസ്ഥാൻ പര്യടനത്തിന് ഒരുങ്ങി ഓസ്ട്രേലിയ

24 വർഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാനിൽ പര്യടനം നടത്താനൊരുങ്ങി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് ഓസ്‌ട്രേലിയൻ ടീം പാകിസ്ഥാനിൽ പര്യടനം നടത്തുന്ന കാര്യം അറിയിച്ചത്. അവസാനമായി 1998ലാണ് ഓസ്ട്രേലിയ പാകിസ്ഥാനിൽ പര്യടനം നടത്തിയത്.

പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവുമാണ് ഉണ്ടാവുക. 2022 മാർച്ചിൽ ആവും പരമ്പര നടക്കുക. കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിൽ വെച്ചാവും ടെസ്റ്റ് മത്സരങ്ങൾ നടക്കുക. മാർച്ച് 3, 12, 21 തിയ്യതികളിലാവും ടെസ്റ്റ് മത്സരങ്ങൾ നടക്കുക.

തുടർന്ന് മാർച്ച് 29, 31, ഏപ്രിൽ 2 തിയ്യതികളിൽ ഏകദിന മത്സരവും ഏപ്രിൽ 5ന് ടി20 മത്സരവും നടക്കും. ഈ മത്സരങ്ങൾ എല്ലാം ലാഹോറിൽ വെച്ചാവും നടക്കുക. 2009ൽ ശ്രീലങ്കൻ ടീമിന് നേരെയുണ്ടായ തീവ്രവാദി ആക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ ദീർഘ കാലം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്നില്ല. അടുത്തിടെ ന്യൂസിലാൻഡ് ടീം പാകിസ്ഥാനിൽ പര്യടനത്തിന് എത്തിയെങ്കിലും സുരക്ഷാ ഭീഷണിയെ തുടർന്ന് മത്സരം കളിക്കാതെ ടീം തിരിച്ചുപോയിരുന്നു.

“രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ താരങ്ങൾ ഐപിഎല്ലിന് മുൻഗണന നൽകിയാൽ നമുക്ക് എന്ത് പറയാൻ കഴിയും”

ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ ഐ.പി.എൽ ടീമുകൾക്ക് കളിക്കുന്നതിന് താരങ്ങൾ മുൻഗണന നൽകിയത് എന്ത് പറയാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം സെമി ഫൈനൽ കാണാതെ പുറത്തായതിന് ശേഷം സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ.

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് മുൻപ് ബി.സി.സി.ഐ മികച്ച രീതിയിൽ കാര്യങ്ങൾ പ്ലാൻ ചെയ്യണമെന്നും കപിൽ ദേവ് പറഞ്ഞു. ഐ.പി.എല്ലിനും ടി20 ലോകകപ്പിനും ഇടയിൽ കുറച്ച ഇടവേള വേണ്ടിയിരുന്നു എന്നും കപിൽ ദേവ് പറഞ്ഞു. ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പാഠമെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.

9 വർഷത്തിന് ശേഷം ഐ.സി.സി ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ ഇന്ത്യ പുറത്ത്

9 വർഷത്തെ ഇടവേളക്ക് ശേഷം ഐ.സി.സി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതെ ഇന്ത്യ പുറത്ത്. ടി20 ലോകകപ്പിൽ ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാനെതിരെ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സെമി കാണാതെ പുറത്തായത്. അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലാൻഡ് 8 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. 2012ൽ ശ്രീലങ്കയിൽ വെച്ച് നടന്ന ടി20 ലോകകപ്പിലാണ് ഇന്ത്യ ഐ.സി.സി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാനമായി പുറത്തായത്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 10 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനോടും 8 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെയും സ്കോട്ലാൻഡിനെയും മികച്ച നെറ്റ് റൺ റേറ്റോടെ തോൽപിച്ചെങ്കിലും അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി സാധ്യത ഇല്ലാതെയാവുകയായിരുന്നു. പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ടി20 ലോകകപ്പിന്റെ സെമി ഉറപ്പിച്ചത്.

ഐ.പി.എൽ ടീമിന്റെ പരിശീലകനാവാൻ രവി ശാസ്ത്രി

പുതുതായി ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് എത്തിയ അഹമ്മദാബാദ് ടീം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെ പരിശീലകനായി എത്തിക്കാൻ ശ്രമം തുടങ്ങി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

അഹമ്മദാബാദ് ടീമിന്റെ ഉടമകളായ സി.വി.സി ക്യാപിറ്റൽസ് രവി ശാസ്ത്രിയെ ടീമിന്റെ പരിശീലകനാവാൻ സമീപിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കാൻ കുറച്ച് സമയം വേണമെന്ന് രവി ശാസ്ത്രി ആവശ്യപെട്ടിട്ടുണ്ട്. ടി20 ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഈ കാര്യത്തിൽ രവി ശാസ്ത്രി തീരുമാനം എടുക്കുമെന്നാണ് കരുതപ്പെടുന്നത്. രവി ശാസ്ത്രി അഹമ്മദാബാദ് ടീമിന്റെ പരിശീലകനാവുകയാണെങ്കിൽ ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീമിൽ സഹ പരിശീലകരായ ഭരത് അരുണും ആർ.ശ്രീധറും ശാസ്ത്രിക്കൊപ്പം ടീമിന്റെ ഒപ്പം ചേരും.

റീസ് ജെയിംസ് ഷോയിൽ ന്യൂ കാസിലിനെ വീഴ്ത്തി ചെൽസി

പ്രതിരോധ താരം റീസ് ജെയിംസ് രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ചെൽസി മത്സരത്തിലെ മൂന്ന് ഗോളുകളും നേടിയത്. ജയത്തോടെ ചെൽസി പ്രീമിയർ ലീഗി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെൽസി മത്സരം നിയന്ത്രിച്ചെങ്കിലും ന്യൂ കാസിൽ യുണൈറ്റഡിന് വലിയ വെല്ലുവിളി സൃഷ്ടിക്കാൻ ചെൽസിക്കയില്ല. ഹകീം സീയെച്ചിലൂടെ ചെൽസി ഗോൾ നേടിയെങ്കിലും താരം ഓഫ് സൈഡ് ആയത് ആദ്യ പകുതിൽ ചെൽസി തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയ ചെൽസി റീസ് ജെയിംസിന്റെ ഇടം കാലൻ ഷോട്ടിലൂടെ ആദ്യ ഗോൾ നേടുകയായിരുന്നു.

അധികം താമസിയാതെ തന്നെ ആദ്യ ഗോളിന് സമാനമായ രീതിയിൽ റീസ് ജെയിംസ് ചെൽസിക്ക് രണ്ടാമത്തെ ഗോളും നേടിക്കൊടുത്തു. ഇത്തവണ ജെയിംസിന്റെ വലം കാലൻ ഷോട്ട് ആണ് ന്യൂ കാസിൽ വല കുലുക്കിയത്. തുടർന്ന് അധികം താമസിയാതെ ചെൽസി താരം ഹാവെർട്സിനെ ന്യൂ കാസിൽ ഗോൾ കീപ്പർ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിക്ക് മൂന്നാമത്തെ ഗോളും നേടികൊടുക്കുകയായിരുന്നു.

ഇന്ത്യൻ പരിശീലകനാവാൻ രാഹുൽ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നൽകി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള അപേക്ഷ നൽകി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെയാണ് രാഹുൽ ദ്രാവിഡ് അപേക്ഷ സമർപ്പിച്ചത്. നിലവിൽ രാഹുൽ ദ്രാവിഡ് തന്നെ ഇന്ത്യൻ ടീമിന്റെ പരിശീലകനാവുമെന്നാണ് കരുതപ്പെടുന്നത്.

രാഹുൽ ദ്രാവിഡിനെ കൂടാതെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകരായ പരാസ് മാംബ്രെ ബൗളിംഗ് പരിശീലകനായും അഭയ് ശർമ്മ ഫീൽഡിങ് പരിശീലകനായും നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നു. ന്യൂസിലാൻഡിനെതിരായ ഹോം പാരമ്പരയാവും രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇറങ്ങുന്ന ആദ്യ പരമ്പര. ദ്രാവിഡ് നാഷണൽ ക്രിക്കറ്റ് അക്കാദമി മേധാവി സ്ഥാനം ഉപേക്ഷിക്കുന്നതോടെ വി.വി.എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ എന്നിവരിൽ ഒരാളെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയാക്കാൻ ബി.സി.സി.ഐ ശ്രമിക്കുന്നുണ്ട്.

ദയ കാണിക്കാതെ ചെൽസിയും മൗണ്ടും, നോർവിച്ച് ഗോൾ വല നിറച്ച് ജയം

പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തുള്ള നോർവിച്ച് സിറ്റിക്കെതിരെ ചെൽസിക്ക് വമ്പൻ ജയം. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസി ഏകപക്ഷീയമായ 7 ഗോളുകൾക്കാണ് മത്സരം ജയിച്ചത്. നോർവിച്ച് താരം ഗിബ്‌സൺ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് നോർവിച്ച് മത്സരം അവസാനിപ്പിച്ചത്. ഹാട്രിക് നേടിയ മേസൺ മൗണ്ടിന്റെ പ്രകടനമാണ് ചെൽസിയുടെ ജയം അനായാസമാക്കിയത്. ചെൽസിക്ക് വേണ്ടി മേസൺ മൗണ്ടിന്റെ ആദ്യ ഹാട്രിക് കൂടിയായിരുന്നു ഇത്.

മത്സരത്തിന്റെ തുടക്കം മുതൽ നോർവിച്ച് സിറ്റിക്ക് ഒരു അവസരവും നൽകാതെയുള്ള പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മേസൺ മൗണ്ട്, ഹഡ്സൺ ഒഡോയ്, റീസ് ജെയിംസ് എന്നിവരുടെ ഗോളിൽ 3-0 മുൻപിലായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ചിൽവെല്ലിലൂടെ ഗോളടി തുടങ്ങിയ ചെൽസി മേസൺ മൗണ്ടിന്റെ ഇരട്ട ഗോളുകളും ആരോൻസിന്റെ സെൽഫ് ഗോളും ചേർന്ന് നോർവിച്ച് ഗോൾ വല നിറക്കുകയായിരുന്നു. മേസൺ മൗണ്ടിന്റെ ആദ്യ പെനാൽറ്റി ശ്രമം നോർവിച്ച് ഗോൾ കീപ്പർ തടഞ്ഞെങ്കിലും കിക്ക്‌ എടുക്കുന്നതിന് മുൻപ് ടിം ക്രൂൾ ടച് ലൈൻ വിട്ടതോടെ റഫറി പെനാൽറ്റി വീടും എടുപ്പിക്കുകയും രണ്ടാം ശ്രമത്തിൽ മൗണ്ട് ഗോൾ നേടുകയുമായിരുന്നു. ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ചെൽസി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകനാവാൻ അഭയ് ശർമ്മ

ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് പരിശീലകനാവാൻ അഭയ് ശർമ്മയും രംഗത്ത്. നിലവിലെ ഫീൽഡിങ് പരിശീലകനായ ആർ ശ്രീധറിന്റെ കാലാവധി ഈ ടി20 ലോകകപ്പോടെ അവസാനിക്കും. കൂടാതെ ഇന്ത്യൻ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിയുടെയും കാലാവധി ടി20 ലോകകപ്പോടെ അവസാനിക്കും. തുടർന്നാണ് അഭയ് ശർമ്മ ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകനാവാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

നവംബർ 3 വരെയാണ് ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകനാവാൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി. നേരത്തെ ഇന്ത്യൻ അണ്ടർ 19ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും ഇന്ത്യൻ വനിത ടീമിന്റെ കൂടെയും അഭയ് ശർമ്മ പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ ഇന്ത്യൻ ടീം സിംബാബ്‌വെയിലും വെസ്റ്റിൻഡീസിലും പര്യടനം നടത്തിയപ്പോൾ അഭയ ശർമ്മ ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകനായിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ രാഹുൽ ദ്രാവിഡിന്റെ കീഴിയിലും അഭയ് ശർമ്മ പ്രവർത്തിച്ചിട്ടുണ്ട്.

മാൽമോയെ ഗോളിൽ മുക്കി ചെൽസി, ജയത്തിലും തിരിച്ചടിയായി താരങ്ങളുടെ പരിക്ക്

ചാമ്പ്യൻസ് ലീഗിൽ സ്വീഡിഷ് ചാമ്പ്യന്മാരായ മാൽമോക്കെതിരെ ചെൽസിക്ക് വമ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ചെൽസി മാൽമോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ ഒരിക്കൽ പോലും ചെൽസി ഗോൾ കീപ്പർ മെൻഡിക്ക് വെല്ലുവിളി സൃഷ്ട്ടിക്കാൻ മാൽമോക്കായില്ല. അതെ സമയം മത്സരം അനായാസം ജയിച്ചെങ്കിലും പ്രമുഖ താരങ്ങളുടെ പരിക്ക് ചെൽസിക്ക് തിരിച്ചടിയായി. ചെൽസി ഫോർവേഡ് ലുകാകുവും വെർണറുമാണ് പരിക്കേറ്റ് പുറത്തുപോയത്.

ചെൽസിക്ക് വേണ്ടി പ്രതിരോധ താരം ക്രിസ്റ്റൻസൺ ആണ്‌ ആദ്യ ഗോൾ നേടിയത്. ചെൽസിക്ക് വേണ്ടി താരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിയുടെ ലീഡ് ആദ്യ പകുതിയിൽ തന്നെ ഇരട്ടിയാക്കി. തുടർന്ന് രണ്ടാം പകുതിയിൽ ഹാവെർട്സിലൂടെ മൂന്നാമത്തെ ഗോൾ നേടിയ ചെൽസി അധികം താമസിയാതെ മത്സരത്തിലെ നാലാമത്തെ ഗോളും നേടി. മത്സരത്തിൽ രണ്ടാമത്തെ പെനാൽറ്റി ഗോളാക്കി ജോർഗീനോയാണ് ചെൽസിയുടെ നാലാമത്തെ ഗോൾ നേടിയത്.

പാകിസ്ഥാനെതിരെ ശർദ്ധുൽ താക്കൂർ കളിക്കണമെന്ന് അഗർക്കാർ

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ മൂന്നാം ബൗളറായി ശർദ്ധുൽ താക്കൂറിനെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗർക്കാർ. ഹർദിക് പാണ്ഡ്യ പന്ത് എറിയുന്നില്ലെങ്കിൽ ഭുവനേഷ്വർ കുമാറിന് പകരം ശർദ്ധുൽ താക്കൂറിനു അവസരം നൽകണമെന്നും അജിത് അഗർക്കാർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ ഒരു പന്ത് പോലും ഹർദിക് പാണ്ട്യ എറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലും ഹർദിക് പാണ്ട്യ പന്തെറിഞ്ഞിരുന്നില്ല. ബുംറ, ഷമി, ശർദ്ധുൽ താക്കൂർ, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവരാണ് തന്റെ 6 ബൗളർമാർ എന്നും അഗർക്കാർ പറഞ്ഞു. ഒക്ടോബർ 24നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.

ടി20 ലോകകപ്പിൽ രോഹിത് ശർമ്മയും കെ.എൽ രാഹുലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്‌ലി

ഈ മാസം തുടങ്ങുന്ന ടി20 ലോകകപ്പിൽ രോഹിത് ശർമ്മയും കെ.എൽ രാഹുലും ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. നേരത്തെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ ഓപ്പണറായി ഇറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കെ.എൽ രാഹുൽ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് വിരാട് കോഹ്‌ലി ഓപ്പണറാവുമെന്ന തീരുമാനത്തിൽ മാറ്റം വന്നത്.

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിന്റെ ടോസ്സിനിടയിലാണ് കെ.എൽ രാഹുൽ രോഹിത് ശർമ്മക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന കാര്യം വിരാട് കോഹ്‌ലി പറഞ്ഞത്. താൻ മൂന്നാം നമ്പറിലാവും ബാറ്റ് ചെയ്യുകയെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

Exit mobile version