തോമസ് ടുചൽ ഇംഗ്ലണ്ട് മാനേജരായി നിയമിതനായി

ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ഹെഡ് കോച്ചായി തോമസ് ടുച്ചൽ ചുമതലയേറ്റു. 2024 ഒക്‌ടോബർ 16 ബുധനാഴ്ച ഫുട്‌ബോൾ അസോസിയേഷൻ (എഫ്എ) പ്രഖ്യാപനം നടത്തി. സ്വെൻ-ഗോറാൻ എറിക്‌സണും ഫാബിയോ കാപ്പെല്ലോയ്ക്കും ശേഷം ഇംഗ്ലീഷ് ടീമിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് ടുച്ചൽ.

2025 ജനുവരി മുതലാകും ടുച്ചൽ ജോലി ആരംഭിക്കുക. യൂറോ 2024 ന് ശേഷം ഗാരെത് സൗത്ത്ഗേറ്റിൻ്റെ രാജിയെ തുടർന്ന് താൽക്കാലിക ചുമതലയേറ്റ കാർസ്ലി, നേഷൻസ് ലീഗ് കാമ്പെയ്ൻ അവസാനിക്കുന്നത് വരെ ചുമതലയിൽ തുടരും.

51 കാരനായ ടുച്ചൽ ഇംഗ്ലീഷ് ദേശീയ ടീമിനെ ഏറ്റെടുത്തതിൽ അഭിമാനം പ്രകടിപ്പിച്ചു.


ടൂക്കൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കില്ല, ചർച്ചകൾ അവസാനിപ്പിച്ചു

മാഞ്ചസ്റ്റർ യുണൈറ്ററിന്റെ പരിശീലകൻ ആകാൻ തോമസ് ടൂക്കൽ തയ്യാറല്ല എന്ന് ക്ലബ്ബിനെ അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി അവസാന ദിവസങ്ങളിൽ ടൂക്കൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ താൻ ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാൻ താല്പര്യപ്പെടുന്നില്ല എന്നും ഈ സീസണിൽ ഒരു ഇടവേളയാണ് താൻ ആഗ്രഹിക്കുന്നത് എന്നും ടൂക്കൽ മാഞ്ചസ്റ്റർ മാനേജ്മെൻറിനെ അറിയിച്ചു.

ബയേൺ മ്യൂണിക്ക് പരിശീലക സ്ഥാനം ഒഴിഞ്ഞ ടൂക്കൽ ഇനി ഈ സീസണിൽ ഒരു ക്ലബ്ബിനെയും പരിശീലിപ്പിക്കാൻ സാധ്യതയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോഴും ടെൻഹാഗ് തന്നെയാണ് പരിശീലകൻ എങ്കിലും അദ്ദേഹം അടുത്ത സീസണിൽ തുടരുമോ എന്നത് ഇനിയും ഉറപ്പല്ല.

അണിയറയിൽ യുണൈറ്റഡ് പകരം ഒരു പരിശീലകനെ അന്വേഷിക്കുന്നുണ്ട് എന്നാണ് പുതിയ വാർത്തകൾ തെളിയിക്കുന്നത്. ടെൻ ഹാഗിന്റെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനം മാഞ്ചസ്റ്റർ അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുണൈറ്റഡ് ഈ കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയശേഷം മാത്രമേ ടെൻഹാഗ് തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കു എന്ന് മാനേജ്മെൻറ് നേരത്തെ അറിയിച്ചിരുന്നു. സീസൺ അവസാനം എഫ് എ കപ്പ് കിരീടം നേടിയെങ്കിലും കഴിഞ്ഞ സീസണൽ മൊത്തത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം അത്ര നല്ലതായിരുന്നില്ല.

ബയേണിൽ തുടരില്ല എന്ന് പ്രഖ്യാപിച്ച് തോമസ് ടുക്കൽ

തോമസ് ടുക്കൽ ബയേൺ പരിശീലക സ്ഥാനം ഒഴിയും. നേരത്തെ തന്നെ അദ്ദേഹം ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും ബയേൺ അദ്ദേഹത്തെ നിലനിർത്താൻ കഴിഞ്ഞ ആഴ്ചകളിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ക്ലബുമായി ഒരു ധാരണയിലും എത്താൻ ആയിട്ടില്ല എന്നും ഇത് തന്റെ ബയേൺ പരിശീലകനായുള്ള അവസാനത്തെ പത്ര സമ്മേളനം ആയിരിക്കും എന്നും ടുക്കൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച ഹോഫൻഹെയിമുമായുള്ള മത്സരത്തോടെ ടുക്കലിന്റെ ബയേൺ ദൗത്യം അവസാനിക്കും. ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ ബയേണായിരുന്നില്ല. ഒരു ദശകത്തിനു ശേഷം ബയേൺ ലീഗ് കിരീടം നേടാതിരിക്കുന്നതും ആരാധകർ കാണേണ്ടി വന്നു. ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയതു മാത്രമാണ് ബയേണ് ആശ്വാസമായി ഈ സീസണിൽ ഉണ്ടായിരുന്നത്.

2023 മാർച്ചിൽ ജൂലിയൻ നാഗെൽസ്മാനെ ബയേൺ പുറത്താക്കിയതിന് പിന്നാലെ ആയിരുന്നു ടൂക്കലിന്റെ നിയമനം വന്നത്. ബയേൺ പുതിയ പരിശീലനായി അന്വേഷണം തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ടുക്കലിന് ഒരു പകരക്കാരനെ അവർക്ക് ഇനിയും കണ്ടെത്താൻ ആയിട്ടില്ല.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിയില്ലെങ്കിൽ ടൂഷൽ ബയേൺ വിടേണ്ടി വരും

2023-24 സീസൺ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിച്ച തോമസ് ടുഷൽ അതിനു മുന്നെ തന്നെ പുറത്താകാൻ സാധ്യത. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഈ വരുന്ന ആഴ്ച ബയേൺ ലാസിയോയെ മറികടന്നില്ല എങ്കിൽ ടുഷലിനെ ഉടൻ തന്നെ ബയേൺ പുറത്താകും. സ്കൈ സ്പോർട്സ് ആണ് ബയേൺ ടുഷലിനെ പെട്ടെന്ന് തന്നെ പുറത്താക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത്.

ബയേൺ ആദ്യ പാദത്തിൽ ലാസിയോയോട് 1-0ന് പരാജയപ്പെട്ടിരുന്നു. ബുണ്ടസ് ലീഗയിൽ ആകട്ടെ ബയേൺ ഒന്നാം സ്ഥാനത്ത് നിന്ന് 7 പോയിന്റ് അകലെയാണ്. ലെവർകൂസൻ കിരീടത്തിലേക്ക് അടുക്കുന്നത് ബയേൺ ആരാധകരെ വിഷമത്തിലാക്കുന്നത്.

2023 മാർച്ചിൽ ജൂലിയൻ നാഗെൽസ്മാനെ ബയേൺ പുറത്താക്കിയതിന് പിന്നാലെ ആയിരുന്നു ടൂഷലിന്റെ നിയമനം വന്നത്. ടൂഷലിനെ ഇപ്പോൾ പുറത്താക്കിയാൽ പകരം താൽക്കാലിക പരിശീലകനെ നിയമിക്കാൻ ആകും ബയേൺ പദ്ധതി

അടുത്ത സീസണ് മുന്നോടിയായി മാത്രമെ ബയേൺ പുതിയ ഒരു സ്ഥിര പരിശീലകനെ പ്രഖ്യാപിക്കുകയുള്ളൂ. ലെവർകൂസന്റെ പരിശീലകനായ സാബി അലോൺസോയെ ആണ് ബയേൺ അടുത്ത പരിശീലകനായി ലക്ഷ്യമിടുന്നത്‌

തോമസ് ടുഷൽ ബയേൺ പരിശീലക സ്ഥാനം ഒഴിയും

2023-24 സീസൺ അവസാനത്തോടെ തോമസ് ടുഷൽ ബയേൺ പരിശീലക സ്ഥാനം ഒഴിയും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബയേൺ ഇന്ന് നടത്തി. ഈ സീസണിൽ കിരീട സാധ്യതയിൽ നിന്ന് അകലുന്ന ബയേണിന്റെ സമീപ കാലത്തെ പ്രകടനങ്ങൾ ഒട്ടും നല്ലതായിരുന്നില്ല. 2023 മാർച്ചിൽ ജൂലിയൻ നാഗെൽസ്മാനെ ബയേൺ പുറത്താക്കിയതിന് പിന്നാലെ ആയിരുന്നു ടൂഷലിന്റെ നിയമനം വന്നത്.

ചാമ്പ്യൻസ് ലീഗിൻ്റെ പ്രീക്വാർട്ടറിൽ കഴിഞ്ഞ ദിവസം 1-0 തോൽവി ബയേൺ ഏറ്റു വാങ്ങിയിരുന്നു. അവസാന മൂന്ന് മത്സരങ്ങളിലും ബയേൺ തോറ്റിരുന്നു‌. ബുണ്ടസ് ലീഗയിൽ ബയർ ലെവർകൂസന് എട്ട് പോയിന്റ് പിറകിലാണ് ഇപ്പോൾ ബയേൺ ഉള്ളത്. അടുത്ത സീസണ് മുന്നോടിയായി ബയേൺ പുതിയ പരിശീലകനെ പ്രഖ്യാപിക്കും. ലെവർകൂസന്റെ പരിശീലകനായ സാബി അലോൺസോയെ ആണ് ബയേൺ പരിശീലകനായി ലക്ഷ്യമിടുന്നത്‌

ടൂഷലിൽ പൂർണ്ണ വിശ്വാസം!! അടുത്ത സീസണിൽ വലിയ സൈനിംഗുകൾ നടത്തും

ടൂഷൽ എത്തിയതു മുതൽ ബയേണിന്റെ ഫലങ്ങൾ വളരെ മോശം ആണ് എങ്കിലും പരിശീകനിൽ ബയേണ് പൂർണ്ണ വിശ്വാസം ആണ്. ടൂഷലിനെ നിയമിച്ചത് തെറ്റായിപ്പോയി എന്ന് തോന്നുന്നില്ല എന്ന് ബയേൺ പറയുന്നു. ഇതിനകം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ബയേൺ ഇന്നലെ മൈൻസിനോട് പരാജയപ്പെട്ടതോടെ ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്തേക്കും താഴ്ന്നു.

ഈ സീസണ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് ബയേണെ നയിക്കാൻ ടൂഷലിന് ആകുമെന്ന് ബയേൺ വിശ്വസിക്കുന്നു. വരുന്ന സമ്മറിൽ വലിയ ട്രാൻസ്ഫറുകൾ നടത്തി ടീമിനെ നേർ ദിശയിലാക്കാൻ ബയേൺ ശ്രമിക്കും. ടൂഷൽ ആഗ്രഹിക്കുന്ന താരങ്ങളെ ബയേൺ സൈൻ ചെയ്യും. അടുത്ത സീസണിൽ ഒരു സ്ട്രൈക്കറെ സൈൻ ചെയ്യുക ആകും ബയേണിന്റെ പ്രധാന ലക്ഷ്യം. ലെവൻഡോസ്കി ക്ലബ് വിട്ടതിന്റെ വിടവ് മാറ്റിയാൽ മാത്രമേ ബയേണിൽ കാര്യങ്ങൾ ശരിയാകൂ എന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്.

റഫറി ബയേണ് എതിരായിരുന്നു എന്ന് ടൂഷൽ

ബുധനാഴ്ച രാത്രി ബയേൺ മ്യൂണിക്ക് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ കഴിയാതെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. ഈ മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ക്ലെമന്റ് ടർപിനെതിരെ രൂക്ഷ വിമർശനവവുമായി ബയേൺ പരിശീലകൻ ടൂഷൽ രംഗത്ത്. ടൂഷലിന് ടർപിൻ മത്സരത്തിന് ഇടയിൽ ചുവപ്പ് കാർഡ് നൽകിയിരുന്നു‌‌ റഫറി രണ്ട് വിവാദ പെനാൾട്ടികളും ഇന്നലെ നൽകിയിരുന്നു‌.

ഇന്നലെ മത്സരം നിയന്ത്രിച്ച മൂന്ന് പേരും ഇംഗ്ലീഷ് ടീമിന് അനുകൂലമായാണ് പെരുമാറിയതെന്ന് ടൂഷൽ പറയുന്നു. “ഈ മൂന്നുപേർ കളി നിയന്ത്രിക്കുമ്പോൾ ഞങ്ങൾക്കെതിരെ ആയിരുന്നതിനാൽ മത്സരത്തിൽ ഞങ്ങൾക്ക് യാതൊരു അവസരവും ഉണ്ടായിരുന്നില്ല. അതൊരു സത്യമാണ്.”, മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ടൂഷൽ പറഞ്ഞു.

“ഞാൻ റഫറിക്ക് 1/10 റേറ്റിംഗ് നൽകും. അദ്ദേഹം അത്ര മോശമായിരുന്നു. ഈ തലത്തിൽ ഇത് അത്ഭുതമാണ്. എന്തിനും ഏതിനും റഫറി വിസിൽ മുഴക്കി. ആ വിസിലുകൾ എല്ലാം ഞങ്ങൾക്ക് എതിരായിരുന്നു.” ടൂഷൽ കൂട്ടിച്ചേർത്തു.

ബയേൺ പരിശീലകനെ ഉടൻ പുറത്താക്കും, ടൂഷൽ പകരമെത്തും!!

എഫ്‌സി ബയേൺ മ്യൂണിക്ക് അവരുടെ നിലവിലെ ഹെഡ് കോച്ച് ജൂലിയൻ നാഗെൽസ്‌മാനെ പുറത്താക്കുന്നത് പരിഗണിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ ക്ലബ് ഇപ്പോഴും ചാമ്പ്യൻസ് ലീഗിലും ബുണ്ടസ് ലീഗയിലും ഇരിക്കെ ആണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന വാർത്ത വരുന്നത്. അടുത്തിടെ ബയേൺ പ്രീക്വാർട്ടറിൽ പി എസ് ജിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ബുണ്ടസ് ലീഗയിൽ അവർ പക്ഷെ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.

യുവ പരിശീലകൻ ആണെങ്കിലും നാഗൽസ്മാന് ഇനിയും അവസരം വേണ്ട എന്നാണ് ബയേൺ ആലോചിക്കുന്നത്‌. മുൻ ചെൽസി പരിശീലകൻ തോമസ് ടൂഷലാണ് ബയേൺ മ്യൂണിക്കിൽ നാഗൽസ്‌മാന് പകരക്കാരനാവുക എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസി ഉടമകളുമായി തെറ്റി ക്ലബു വിട്ട ടൂഷൽ പിന്നെ ചുമതകലകൾ ഒന്നും ഏറ്റിരുന്നില്ല. ടൂഷൽ റയൽ മാഡ്രിഡ് പരിശീലകനായി അടുത്ത സീസണിൽ എത്തും എന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്തായാലും ഈ വാർത്ത ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. മുമ്പ് ബയേണിന്റെ വൈരികളായ ഡോർട്മുണ്ടിനെ ടൂഷൽ പരിശീലിപ്പിച്ചിട്ടുണ്ട്.

‘ആകെ തകർന്നു, ചെൽസിയിൽ നിന്നു ഇത്ര വേഗം വിടപറയേണ്ടി വരും എന്ന് കരുതിയില്ല’ – തോമസ് ടൂക്കൽ

ചെൽസി പുറത്താക്കിയതിനു ശേഷം ആദ്യമായി പ്രതികരിച്ചു മുൻ പരിശീലകൻ തോമസ് ടൂക്കൽ. ട്വിറ്ററിലൂടെയാണ് ജർമ്മൻ പരിശീലകൻ തന്റെ മനം തുറന്നത്. തന്റെ ജീവിതത്തിൽ എഴുതേണ്ടി വന്ന ഏറ്റവും ബുദ്ധിമുട്ടേറിയ പ്രസ്താവന ആണ് ഇതെന്ന് പറഞ്ഞു തുടങ്ങിയ ടൂക്കൽ ഇത്തരം ഒരു വിട വാങ്ങൽ പ്രസ്താവന തനിക്ക് കുറെ വർഷത്തേക്ക് ആവശ്യം ഉണ്ടാവില്ല എന്നാണ് കരുതിയത് എന്നും കൂട്ടിച്ചേർത്തു.

തന്റെ ചെൽസി പരിശീലകൻ ആയുള്ള കാലം അവസാനിച്ചു എന്നത് തന്നെ തകർക്കുന്ന കാര്യം ആണ് എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായും ജോലി സംബന്ധിച്ചും തനിക്ക് ചെൽസി വീട് പോലെ ആയിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ക്ലബിലെ ജോലിക്കാരോടും താരങ്ങളോടും ആരാധകരോടും വലിയ നന്ദിയും രേഖപ്പെടുത്തി. ചെൽസിയെ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് ജേതാക്കൾ ആക്കിയ സന്തോഷവും അഭിമാനവും തനിക്ക് ഒപ്പം എല്ലാ കാലവും ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെൽസിയുടെ ചരിത്രത്തിൽ ഭാഗം ആയതിൽ അഭിമാനം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം ചെൽസി പരിശീലകൻ ആയുള്ള 19 മാസത്തെ അനുഭവങ്ങൾക്ക് തന്റെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനം ഉണ്ടാവും എന്നും കൂട്ടിച്ചേർത്തു. മോശം തുടക്കത്തെ തുടർന്ന് എല്ലാവരെയും ഞെട്ടിച്ച് ആണ് ചെൽസി പരിശീലകനെ പുറത്താക്കിയത്. തുടർന്ന് ബ്രൈറ്റൺ പരിശീലകൻ ഗ്രഹാം പോട്ടറിനെ അവർ പരിശീലകൻ ആയി നിയമിച്ചിരുന്നു.

ഞെട്ടിച്ച് ചെൽസി, തോമസ് ടൂക്കലിനെ പുറത്താക്കി

ചെൽസി അവരുടെ പരിശീലകൻ ടൂക്കലിനെ പുറത്താക്കി. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു‌. തീർത്തും അപ്രതീക്ഷിതമായാണ് ചെൽസി ടൂക്കലിനെ പുറത്താക്കുന്ന വാർത്ത വരുന്നത്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഡൈനമോ സ്ഗ്രബിനോട് ചെൽസി പരാജയപ്പെട്ടിരുന്നു‌. ഇതിനു തൊട്ടു പിന്നാലെയാണ് തീരുമാനം.

അവസാന അഞ്ചു മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളും ചെൽസി പരാജയപ്പെട്ടിരുന്നു. 49കാരനായ ടൂക്കൽ 2021ൽ ആയിരുന്നു ചെൽസിയിൽ എത്തിയത്‌. ആ സീസണിൽ തന്നെ ചാമ്പ്യൻസ് ലീഗ് നേടാൻ അദ്ദേഹത്തിനായിരുന്നു. ചാമ്പ്യൻസ് ലീഗിന് പുറമെ യുവേഫ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും ചെൽസി ടൂക്കലിന് കീഴിൽ നേടിയിരുന്നു.

ടൂക്കലിന് പകരം ബ്രൈറ്റൺ പരിശീലകനായ ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് എത്തും എന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.

ചെൽസി പരിശീലകൻ തോമസ് ടൂഹൽ ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകൻ

ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി ചെൽസി പരിശീലകൻ തോമസ് ടൂഹൽ. ഒക്ടോബറിൽ നടന്ന 4 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിച്ചാണ് തോമസ് ടൂഹൽ അവാർഡ് സ്വന്തമാക്കിയത്. നിലവിൽ ചെൽസിയെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും തോമസ് ടൂഹലിന് കഴിഞ്ഞിരുന്നു.

നേരത്തെ മാർച്ച് മാസത്തെ മികച്ച പരിശീലകനുള്ള പുരസ്കാരവും തോമസ് ടൂഹൽ സ്വന്തമാക്കിയിരുന്നു. സതാംപ്ടൺ, ബ്രെന്റ്ഫോർഡ്, നോർവിച്ച് സിറ്റി, ന്യൂ കാസിൽ യുണൈറ്റഡ് എന്നിവരെയാണ് ചെൽസി ഒക്ടോബർ മാസത്തിൽ പരാജയപ്പെടുത്തിയത്. ഒക്ടോബർ മാസം 14 ഗോളുകൾ നേടിയ ചെൽസി ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

സിൽവ ചെൽസിയിൽ തുടരും, ടൂഹലിനു പുതിയ കരാർ ഉടൻ

ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വെറ്ററൻ പ്രതിരോധ താരം തിയാഗോ സിൽവ ചെൽസിയിൽ ഒരു വർഷം കൂടി തുടരുമെന്ന് ഉറപ്പായി. ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസി ഉറപ്പിച്ചതോടെ ഒരു വർഷം കൂടി താരത്തിന്റെ കരാർ നീട്ടാനുള്ള തീരുമാനം ചെൽസി എടുക്കുകയായിരുന്നു.

കൂടാതെ ചെൽസി പരിശീലകൻ തോമസ് ടൂഹലിന്റെ കരാറും ചെൽസി പുതുക്കും. പുതിയ കരാർ പ്രകാരം ടൂഹൽ 2023 വരെ ചെൽസിയിൽ തുടരും. കൂടാതെ ഒരുവർഷം കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്. നേരത്തെ 18 മാസത്തെ കരാറിലാണ് തോമസ് ടൂഹൽ ചെൽസിയിൽ എത്തിയത്. ചെൽസിയെ ടോപ് ഫോറിൽ എത്തിക്കുകയും ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുകയും ചെയ്തതോടെയാണ് ടൂഹലിന് പുതിയ കരാർ നൽകാൻ ചെൽസി തീരുമാനിച്ചത്.

Exit mobile version