ന്യൂസിലാൻഡിനെതിരെ ഇന്ത്യ പൊരുതുന്നു

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിൽ. ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ശുഭ്മൻ ഗില്ലിന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് തുണയായത്. 52 റൺസ് എടുത്ത ഗിൽ ജാമിസണ് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

ചായക്ക് പിരിയുമ്പോൾ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ശ്രേയസ് അയ്യർ 17 റൺസുമായും രവീന്ദ്ര ജഡേജ 6 റൺസുമായും ക്രീസിൽ ഉണ്ട്. ഇന്ത്യക്ക് വേണ്ടി മായങ്ക് അഗർവാൾ 13 റൺസ് എടുത്ത് പുറത്തായപ്പോൾ പൂജാര 26 റൺസ് എടുത്തും ക്യാപ്റ്റൻ അജിങ്കെ രഹാനെ 35 റൺസ് എടുത്തും പുറത്തായി.

ന്യൂസിലാൻഡിനു വേണ്ടി 3 വിക്കറ്റ് എടുത്ത കെയ്ൽ ജാമിസൺ ആണ്‌ മികച്ച പ്രകടനം പുറത്തെടുത്തത്. ടിം സൗത്തീ ഒരു വിക്കറ്റും നേടി.

രോഹിത് ശർമ്മയെയും ബുംറയെയും മുംബൈ ഇന്ത്യൻസ് നിലനിർത്തും

ഡിസംബറിൽ നടക്കുന്ന ഐ.പി.എൽ മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെയും നിലനിർത്തും. ഓരോ ടീമിനും നാല് താരങ്ങളെ നിലനിർത്താനാണ് ബി.സി.സി.ഐ അനുവാദം നൽകിയിട്ടുള്ളത്. നവംബർ 30ന് ടീമുകൾ എല്ലാം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ബി.സി.സി.ഐക്ക് സമർപ്പിക്കണം.

ഇരുവരെയും കൂടാതെ വെസ്റ്റിൻഡീസ് താരം കിറോൺ പോളാർഡിനെയും യുവതാരം ഇഷാൻ കിഷനെയും ടീമിൽ നിലനിർത്താൻ ആണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത്. അതെ സമയം മുംബൈ ഇന്ത്യൻസിന് വേണ്ടി കഴിഞ്ഞ 2 സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവിനെ ലേലത്തിലൂടെ സ്വന്തമാക്കാനാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത്.

ടി20 റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് തിരിച്ചടി, ആദ്യ പത്തിൽ നിന്ന് പുറത്ത്

ഐ.സി.സിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. ഐ.സി.സി പുറത്തുവിട്ട റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് ആദ്യ പത്തിൽ ഇടം നേടാനായില്ല. നിലവിലെ റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ പിറകോട്ട് പോയി വിരാട് കോഹ്‌ലി പതിനൊന്നാം സ്ഥാനത്താണ്. 18 മാസത്തിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി ഐ.സി.സിയുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്ന് പുറത്താവുന്നത്.

കഴിഞ്ഞ ദിവസം അവസാനിച്ച ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല. അതെ സമയം ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഐ.സി.സിയുടെ ടി20 റാങ്കിങ്ങിൽ ആദ്യ പത്തിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരം കെ.എൽ രാഹുൽ ആണ്. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കെ.എൽ രാഹുൽ അഞ്ചാം സ്ഥാനത്താണ്. ബൗളർമാരുടെയും ഓൾ റൗണ്ടർമാരുടെയും പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം പോലും ഇടം പിടിച്ചിട്ടില്ല.

ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ പാകിസ്ഥാൻ താരം ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബൗളർമാരുടെ പട്ടികയിൽ ശ്രീലങ്കൻ ബൗളർ ഹസാരംഗയാണ് ഒന്നാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്.

ചെൽസിക്ക് വമ്പൻ തിരിച്ചടി, സൂപ്പർ താരങ്ങൾക്ക് പരിക്ക്

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെൽസിക്ക് വമ്പൻ തിരിച്ചടി. അടുത്ത ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കുന്ന ചെൽസി നിരയിൽ മിഡ്ഫീൽഡർ എൻഗോളോ കാന്റെയും പ്രതിരോധ താരം ബെൻ ചിൽവെല്ലും കളിക്കുന്ന കാര്യം സംശയത്തിൽ.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരായ മത്സരത്തിനിടയിലാണ് ഇരു താരങ്ങൾക്കും പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് എൻഗോളോ കാന്റെ കളം വിട്ടിരുന്നു. തുടർന്ന് റൂബൻ ലോഫ്റ്റസ് ചീക് ആണ് ചെൽസിക്ക് വേണ്ടി ഇറങ്ങിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബെൻ ചിൽവെല്ലിന് പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞ താരത്തെ ചെൽസി മെഡിക്കൽ സംഘമാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. ഇന്ന് നടക്കുന്ന സ്കാനിംഗിന് ശേഷം മാത്രമാവും ഇരു താരങ്ങളുടെയും പരിക്കിന്റെ വ്യാപ്തി വ്യക്തമാവുക.

ചെൽസി പരിശീലകനായി തോമസ് ടൂഹലിന് 50 മത്സരങ്ങൾ

ചെൽസി പരിശീലകനായി 50 മത്സരങ്ങൾ തികച്ച് തോമസ് ടൂഹൽ. ഇന്നലെ യുവന്റസിനെതിരായ മത്സരം ചെൽസി പരിശീലകനായുള്ള ടൂഹലിന്റെ 50മത്തെ മത്സരമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ചെൽസി പരിശീലകനായിരുന്ന ഫ്രാങ്ക് ലമ്പാർഡിനെ പുറത്താക്കിയതിനെ പിന്നാലെയാണ് ടൂഹൽ ചെൽസി പരിശീലകനായി എത്തുന്നത്.

പരിശീലകനായി ചുമതലയേറ്റു അധികം വൈകാതെ തന്നെ ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാനും പ്രീമിയർ ലീഗിൽ ടോപ് ഫോർ നേടി കൊടുക്കാനും തോമസ് ടൂഹലിന് കഴിഞ്ഞിരുന്നു. ഇന്നലെ യുവന്റസിനെതിരെ നേടിയ വമ്പൻ ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് നോക്ഔട്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു. പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുന്ന ചെൽസി നിലവിൽ ഒന്നാം സ്ഥാനത്താണ്.

പരിശീലകനായുള്ള 50 മത്സരങ്ങളിൽ 32 എണ്ണത്തിലും ജയം നേടാൻ തോമസ് ടൂഹാലിനായി. 11 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ 7 മത്സരങ്ങൾ മാത്രമാണ് തോമസ് ടൂഹലിന്റെ കീഴിൽ ചെൽസി പരാജയപ്പെട്ടത്. ഇത്രയും മത്സരങ്ങളിൽ നിന്ന് വെറും 24 ഗോൾ മാത്രം വഴങ്ങിയ ചെൽസി 31 ക്ലീൻ ഷീറ്റുകളും 50 മത്സരങ്ങളിൽ നിന്ന് നേടിയിട്ടുണ്ട്.

രാഹുൽ ദ്രാവിഡിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് പൂജാര

ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ അനുഭവസമ്പത്ത് യുവതാരങ്ങൾക്കും സീനിയർ താരങ്ങൾക്കും ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ രാഹുൽ ദ്രാവിഡിന് കീഴിൽ കളിക്കാനിരിക്കെയാണ് പൂജാരയുടെ പ്രതികരണം.

രാഹുൽ ദ്രാവിഡിന് കീഴിൽ അണ്ടർ 19/ ഇന്ത്യ എ ടീം മത്സരങ്ങളിൽ കളിച്ച താരങ്ങൾക്ക് ദ്രാവിഡ് ഇന്ത്യൻ പരിശീലകൻ ആവുന്നത് ഗുണം ചെയ്യുമെന്നും പൂജാര പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 164 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അനുഭവസമ്പത്ത് ഉള്ള താരമാണ് രാഹുൽ ദ്രാവിഡ്. രവി ശാസ്ത്രിയിൽ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണ് ന്യൂസിലാൻഡിനെതിരെയുള്ളത്. വ്യാഴാഴ്ച ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.

ലണ്ടനിൽ ഇന്ന് ചെൽസി – യുവന്റസ് പോരാട്ടം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെൽസി യുവന്റസിനെ നേരിടും. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് മത്സരം. നേരത്തെ യുവന്റസിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെൽസി ആ ഫോം ചാമ്പ്യൻസ് ലീഗിലും അവർത്തിക്കാനാവും ഇന്ന് ശ്രമിക്കുക.

ചെൽസി ഫോർവേഡ് റൊമേലു ലുകാകു പരിക്ക് മാറി ടീമിനൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും ഇന്ന് കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. കൂടാതെ മറ്റൊരു ഫോർവേഡ് ടിമോ വെർണറും പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ കായ് ഹാവേർട്സ് ഇന്നത്തെ മത്സരത്തിന് ഉണ്ടാവുമെന്ന് ഉറപ്പില്ല. താരത്തിന്റെ ഹാംസ്ട്രിങ്ങിനു പരിക്കേറ്റിട്ടുണ്ടെന്ന് പരിശീലകൻ തോമസ് ടൂഹൽ വ്യക്തമാക്കി.

അതെ സമയം യുവന്റസ് നിരയിലും പരിക്ക് അലട്ടുന്നുണ്ട്. പരിക്ക് മൂലം രണ്ട് പുറത്തുള്ള ഡാനിലോ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. പരിക്കിൽ നിന്ന് മോചിതനായി ടീമിനൊപ്പം ചേർന്ന ഡിബാല ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പില്ല. കൂടാതെ ആരോൺ റംസിയും കില്ലീനിയും പരിക്കിന്റെ പിടിയിലാണ്. ഇന്നത്തെ മത്സരത്തിൽ ഒരു സമനില പോലും യുവന്റസിനെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കും. അതെ സമയം യുവന്റസിനെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമത് എത്താൻ ആവും ചെൽസിയുടെ ശ്രമം.

ടി20യിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ

ഇന്ത്യക്ക് വേണ്ടി ടി20യിൽ ഏറ്റവും കൂടുതൽ 50ൽ കൂടുതൽ റൺസ് എടുത്ത താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡാണ് രോഹിത് ശർമ്മ ന്യൂസിലാൻഡിനെതിരെ മറികടന്നത്. മത്സരത്തിൽ 31 പന്തിൽ 56 റൺസ് എടുത്ത രോഹിത് ശർമ്മ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക്വഹിച്ചിരുന്നു.

ഇന്നലത്തെ പ്രകടനം ഇന്ത്യൻ ജേഴ്സിയിൽ രോഹിത് ശർമ്മയുടെ 50ൽ കൂടുതൽ റൺസ് എടുത്ത 30മത്തെ മത്സരമായിരുന്നു. മുൻ ടി20 ക്യാപ്റ്റൻ വിരാട് കോഹ്‌ലി 29 തവണയാണ് 50ൽ കൂടുതൽ റൺസ് ഇന്ത്യക്ക് വേണ്ടി ടി20യിൽ സ്വന്തമാക്കിയത്. മത്സരത്തിൽ 73 റൺസിന്റെ അനായാസ ജയം സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലാൻഡിനെതിരായ പരമ്പര 3-0ന് സ്വന്തമാക്കിയിരുന്നു.

കമ്മിൻസിനെ ഓസ്‌ട്രേലിയൻ ക്യാപ്റ്റനാക്കണമെന്ന് ഷെയിൻ വോൺ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ആകണമെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയിൻ വോൺ. ഇതാണ് കമ്മിൻസിനെ ക്യാപ്റ്റനാക്കാനുള്ള ശെരിയായ സമയമെന്നും ഷെയിൻ വോൺ പറഞ്ഞു.

കഴിഞ്ഞ ദിവസം ക്യാപ്റ്റനായിരുന്ന ടിം പെയിൻ ടെക്സ്റ്റ് മെസ്സേജ് വിവാദത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള തിരച്ചിൽ ഓസ്ട്രേലിയ ആരംഭിച്ചത്. ടിം പെയിൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനും മുൻപും താൻ പാറ്റ് കമ്മിൻസിനെ ക്യാപ്റ്റൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും വോൺ പറഞ്ഞു. നേരത്തെ ആഷസിൽ ഓസ്‌ട്രേലിൻ ടീമിന്റെ വൈസ് ക്യാപ്റ്റനായും പാറ്റ് കമ്മിൻസ് പ്രവർത്തിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ ടി20യിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ

ഇന്റർനാഷണൽ ടി20 ക്രിക്കറ്റിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമായി മാറി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിലാണ് രോഹിത് ശർമ്മ 150 സിക്സുകൾ തികച്ചത്. 119 ടി20 മത്സരങ്ങളിൽ നിന്നാണ് രോഹിത് ശർമ്മ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ പവർ പ്ലേയിൽ ലോക്കി ഫെർഗൂസണെതിരെ സിക്സ് അടിച്ചുകൊണ്ടാണ് രോഹിത് ശർമ്മ 150മത്തെ സിക്സ് തികച്ചത്.

161 സിക്സുകൾ നേടിയ ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്ടിൽ ആണ് ടി20 ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയത് താരം. 112 ടി20 ഇന്റർനാഷണൽ മത്സരങ്ങളിൽ നിന്നാണ് മാർട്ടിൻ ഗുപ്ടിൽ 161 സിക്സുകൾ സ്വന്തമാക്കിയത്. അതെ സമയം ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്താണ്. 404 മത്സരങ്ങളിൽ നിന്ന് 454 സിക്സുകളാണ് രോഹിത് ശർമയുടെ സമ്പാദ്യം. 553 സിക്സുകൾ നേടിയ മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ ഒന്നാമതും 476 സിക്സുകൾ നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി രണ്ടാം സ്ഥാനത്തുമാണ്.

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടവുമായി ദക്ഷിണാഫ്രിക്കൻ ബൗളർ

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ സ്പിൻ ബൗളറായ സാം വൈറ്റ്. ദക്ഷിണാഫ്രിക്കൻ ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് താരം ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ സെക്കന്റ് ഡിവിഷൻ ലീഗിലെ ഫ്രാഞ്ചൈസി സീരീസിലാണ് സാം വൈറ്റ് 10 വിക്കറ്റ് നേട്ടം കൈവരിച്ചത്.

ആദ്യ ഇന്നിങ്സിൽ 64 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ സാം വൈറ്റ് രണ്ടാം ഇന്നിങ്സിൽ 36 വഴങ്ങിയാണ് 10 വിക്കറ്റ് വീഴ്ത്തിയത്. 115 വർഷത്തെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരു ഇന്നിങ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്നത്. 2016ൽ ദക്ഷിണാഫ്രിക്കയെ അണ്ടർ 19 ലോകകപ്പിൽ പ്രതിനിധികരിച്ച താരം കൂടിയാണ് സാം വൈറ്റ്.

അവസാന മത്സരം ചെന്നൈയിൽ തന്നെ ആവുമെന്ന് ആവർത്തിച്ച് ധോണി

തന്റെ അവസാന ടി20 മത്സരം ചെന്നൈയിലെ കാണികൾക്ക് മുൻപിൽ വെച്ച് തന്നെയാവുമെന്ന് ആവർത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. എന്നാൽ താൻ വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അതിന് സമയം ഉണ്ടെന്നും ധോണി പറഞ്ഞു.

തന്റെ ക്രിക്കറ്റ് കരിയർ താൻ നല്ല രീതിയിൽ പ്ലാൻ ചെയ്യാറുണ്ടെന്നും തന്റെ ജന്മദേശമായ റാഞ്ചിയിൽ വെച്ച് അവസാന മത്സരം കളിച്ച കാര്യം ഓർമിപ്പിച്ചുകൊണ്ട് ധോണി പറഞ്ഞു. തന്റെ അവസാനം ടി20 മത്സരം ചെന്നൈയിൽ വെച്ചവുമെന്നും എന്നാൽ അത് അടുത്ത വർഷമാണോ അതോ അഞ്ച് വർഷത്തിന് ശേഷമാണോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും ധോണി പറഞ്ഞു. ചെന്നൈയിൽ വെച്ച് നടന്ന ഒരു പരിപാടിക്ക് ഇടയിലാണ് ധോണി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Exit mobile version