തിരിച്ചടിച്ച് ന്യൂസിലാൻഡ്, ഇന്ത്യ ജയം കൈവിടുന്നു

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസത്തെ ആദ്യ സെഷനിൽ മികച്ച പ്രകടനവുമായി ന്യൂസിലാൻഡ്. അവസാന ദിവസം 1 വിക്കറ്റ് നഷ്ടത്തിൽ 4 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് ലഞ്ചിന് പിരിയുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എടുത്തിട്ടുണ്ട്. 35 റൺസുമായി ടോം ലാതമും 36 റൺസുമായി വില്യം സോമർവില്ലെയുമാണ് ക്രീസിൽ ഉള്ളത്.

അവസാന ദിവസം രണ്ട് സെഷനുകൾ ബാക്കി നിൽക്കെ ന്യൂസിലാൻഡിനു ജയിക്കാൻ 205 റൺസ് കൂടി വേണം. ഇന്ന് ആദ്യ സെഷനിൽ 31 ഓവർ എറിഞ്ഞിട്ടും ന്യൂസിലാൻഡിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ഇന്ത്യക്കായില്ല. ഇന്ത്യൻ ബൗളർമാരെ ക്ഷമയോടെ നേരിട്ട ലാതമും സോമർവില്ലെയും കൂടുതൽ നഷ്ട്ടങ്ങൾ ഇല്ലാതെ ന്യൂസിലാൻഡ് സ്കോർ ഉയർത്തുകയായിരുന്നു.

രഹാനെക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് ലക്ഷ്മൺ

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ അജിങ്കെ രഹാനെക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. മുംബൈ ടെസ്റ്റിൽ രഹാനെക്ക് അവസരം ലഭിക്കുമെന്നും ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യർ ടീമിൽ നിന്ന് പുറത്താവാനാണ് ആണ് സാധ്യതയെന്നും ലക്ഷ്മൺ പറഞ്ഞു.

രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും രഹാനെയെ പുറത്തിരുത്തുമെന്ന് കരുതുന്നില്ലെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു. ഡിസംബർ 3നാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മുംബൈയിൽ ആരംഭിക്കുന്നത്. ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രഹാനെക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ആദ്യ ഇന്നിങ്സിൽ 35 റൺസ് എടുത്ത പുറത്തായ രഹാനെ രണ്ടാം ഇന്നിങ്സിൽ വെറും 4 റൺസിന് പുറത്തായിരുന്നു. 2021ൽ ടെസ്റ്റിൽ മോശം ഫോമിലുള്ള രഹാനെയുടെ ആവറേജ് 20ൽ താഴെയാണ്.

അർദ്ധ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ, ഇന്ത്യയുടെ ലീഡ് 200 കടന്നു

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യക്ക് 216റൺസിന്റെ ലീഡ്. അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. നിലവിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 167 റൺസ് എടുത്തിട്ടുണ്ട്. ചായക്ക് പിരിയുന്നതിനു മുൻപുള്ള അവസാന പന്തിലാണ് 65 റൺസ് എടുത്ത ശ്രേയസ് അയ്യർ പുറത്തായത്.

ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ ഇന്ത്യ തകരുമ്പോൾ ആണ് മികച്ച പ്രകടനവുമായി ശ്രേയസ് അയ്യർ ഇന്ത്യയുടെ രക്ഷക്ക് എത്തിയത്. ആദ്യ അശ്വിനെ കൂട്ടുപിടിച്ച് 52 റൺസ് ചേർത്ത ശ്രേയസ് അയ്യർ തുടർന്ന് വൃദ്ധിമാൻ സാഹയുടെ കൂടെ 64 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. അശ്വിൻ 32 റൺസ് എടുത്ത് പുറത്തായപ്പോൾ 22 റൺസുമായി സാഹ പുറത്താവാതെ നിൽക്കുകയാണ്. ന്യൂസിലാൻഡിനു വേണ്ടി ടിം സൗതിയും കെയ്ൽ ജാമിസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യക്ക് തകർച്ച, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് തകർച്ച. നാലാം ദിവസം ദിവസം 14 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 5 വിക്കറ്റിന് 84 റൺസ് എന്ന നിലയിലാണ്. 18 റൺസുമായി രവിചന്ദ്രൻ അശ്വിനും 20 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ ഉള്ളത്. നിലവിൽ ഇന്ത്യക്ക് മത്സരത്തിൽ 133 റൺസിന്റ ലീഡ് ആണ് ഉള്ളത്.

നാലാം ദിവസം മികച്ച തുടക്കം ലഭിക്കുമെന്ന പ്രതീക്ഷക്ക് ശേഷം ഇന്ത്യക്ക് ആദ്യം നഷ്ടമായത് 22 റൺസ് എടുത്ത ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ്. തുടർന്ന് അധികം താമസിയാതെ 4 റൺസ് എടുത്ത് അജിങ്കെ രഹാനെയും പുറത്തായി. പിന്നീടാണ് ഒരു ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തി ടിം സൗതി ഇന്ത്യയുടെ തകർച്ചക്ക് വേഗത കൂട്ടിയത്. 17 റൺസ് എടുത്ത മായങ്ക് അഗർവാർളിനെയും റൺസ് ഒന്നും എടുക്കാതെ രവീന്ദ്ര ജഡേജയുമാണ് സൗതി പുറത്താക്കിയത്.

5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ നിന്ന് ശ്രേയസ് അയ്യരും അശ്വിനും ഇന്ത്യക്ക് ആശ്വാസമായി കൂട്ടുകെട്ട് പടുത്തുയർത്തുകയായിരിക്കുന്നു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ ഇതുവരെ 33 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

അവസാന മിനുറ്റുകളിലെ ഗോളുകളിൽ ബാഴ്‌സലോണക്ക് ജയം

അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ വില്ലറയലിനെതിരെ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. 88ആം മിനിറ്റ് വരെ മത്സരം 1-1 എന്ന നിലയിലായിരുന്നു. എന്നാൽ വില്ലറയൽ പിഴവ് മുതലെടുത്ത് മെംഫിസ് ഡിപേ ആണ് ബാഴ്‌സലോണക്ക് ലീഡ് നേടിക്കൊടുത്തത്. അധികം താമസിയാതെ ഇഞ്ചുറി ടൈമിൽ കൗട്ടീഞ്ഞോയുടെ പെനാൽറ്റിയിലൂടെ ബാഴ്‌സലോണ മൂന്നാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബാഴ്‌സലോണ ആദ്യ ഗോൾ നേടിയത്. ഡിയോങ് ആണ് ബാഴ്‌സലോണക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യം റഫറി ഓഫ്‌സൈഡ് വിളിച്ചെങ്കിലും തുടർന്ന് വാർ പരിശോധിച്ച് ഗോൾ അനുവദിക്കുകയായിരുന്നു. എന്നാൽ അധികം താമസിയാതെ പകരക്കാരനായി ഇറങ്ങിയ സാമുവൽ ചുക്വുസ് വില്ലറയലിന് സമനില നേടികൊടുക്കുകയായിരുന്നു. തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് രണ്ട് ഗോൾ നേടി ബാഴ്‌സലോണ ജയം ഉറപ്പിച്ചത്. സാവിക്ക് കീഴിൽ ബാഴ്‌സലോണയുടെ തുടർച്ചയായ രണ്ടാമത്തെ ലീഗ് ജയമായിരുന്നു ഇത്.

വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനാവാൻ താല്പര്യം ഇല്ലെന്നും പാറ്റ് കമ്മിൻസ്

ഓസ്‌ട്രേലിയൻ വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. കഴിഞ്ഞ ദിവസമാണ് ടിം പെയ്ൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. തുടർന്നാണ് ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി പാറ്റ് കമ്മിൻസിനെ നിയമിച്ചത്.

വൈറ്റ് ബോൾ ടീമിനും ടെസ്റ്റ് ടീമിനും വേറെ വേറെ ക്യാപ്റ്റൻ വേണമെന്നാണ് തന്റെ അഭിപ്രായം എന്നും നിലവിൽ തനിക്ക് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും പാറ്റ് കമ്മിൻസ് പറഞ്ഞു. നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ആരോൺഫിഞ്ചിന്റെ ക്യാപ്റ്റൻസിയിൽ ഓസ്ട്രേലിയ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും പാറ്റ് കമ്മിൻസ് പറഞ്ഞു. ഈ കഴിഞ്ഞ ടി20 ലോകകപ്പിൽ ആരോൺ ഫിഞ്ചിന് കീഴിൽ ഓസ്ട്രേലിയ കിരീടം ഉയർത്തിയിരുന്നു.

2021ൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി അശ്വിൻ

2021ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി മാറി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിൽ യങ്ങിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. വിൽ യങ്ങിന്റെ വിക്കറ്റ് 2021ൽ അശ്വിന്റെ 39മത്തെ വിക്കറ്റ് ആയിരുന്നു. പാകിസ്ഥാൻ താരം ഷഹീൻ അഫ്രിദിയെയാണ് അശ്വിൻ മറികടന്നത്. നിലവിൽ ബംഗ്ലാദേശിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഷഹീൻ അഫ്രീദി.

ഈ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. അതെ സമയം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ അശ്വിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നാല് ഫാസ്റ്റ് ബൗളർമാരെ കളിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെയാണ് ഇംഗ്ലണ്ടിൽ അശ്വിന് അവസരം ലഭിക്കാതെ പോയത്.

ഇന്ത്യ തിരിച്ചടിക്കുന്നു, ന്യൂസിലാൻഡിന് 6 വിക്കറ്റ് നഷ്ട്ടം

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റിന്റെ മൂന്നാം ദിവസം ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ന്യൂസിലാൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ്. മൂന്നാം ദിവസത്തെ രണ്ടാം സെഷനിൽ 4 ന്യൂസിലാൻഡ് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്കായി. മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ അക്‌സർ പട്ടേലിന്റെ പ്രകടനമാണ് മൂന്നാം ദിവസം ഇന്ത്യക്ക് മത്സരത്തിൽ മുൻ‌തൂക്കം നൽകിയത്. നിലവിൽ ന്യൂസിലാൻഡ് ഇന്ത്യയേക്കാൾ 96 റൺസ് പിറകിലാണ്.

മൂന്നാം ദിവസത്തെ രണ്ടാം സെഷനിൽ ടോം ലതാം(95), റോസ് ടെയ്‌ലർ(11), ഹെൻറി നിക്കോൾസ്(2), രചിൻ രവീന്ദ്ര(13) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാൻഡിനു നഷ്ടപ്പെട്ടത്. ഇന്ത്യക്ക് വേണ്ടി അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ്,രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യൻ ബൗളർമാർ വിയർക്കുന്നു, രണ്ടാം ദിനം ന്യൂസിലാൻഡ് ശക്തമായ നിലയിൽ

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിച്ചപ്പോൾ ന്യൂസിലാൻഡ് ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 345 റൺസിന് ഓൾ ഔട്ട് ആക്കിയ ന്യൂസിലാൻഡ് രണ്ടാം ദിവസം അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 129 എന്ന ശക്തമായ നിലയിൽ ആണ്. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 216 റൺസിന് പിറകിലാണ് ന്യൂസിലാൻഡ്.

75 റൺസുമായി വിൽ യങ്ങും 50 റൺസുമായി ടോം ലതാമുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. മൂന്ന് തവണ ടോം ലതാം പുറത്തായതായി അമ്പയർ വിളിച്ചെങ്കിലും 3 തവണയും ഡി.ആർ.എസ് താരത്തിന്റെ രക്ഷക്ക് എത്തുകയായിരുന്നു. രണ്ട് തവണ വിക്കറ്റിന് മുൻപിൽ കുടുങ്ങിയതിനും ഒരു തവണ ക്യാച്ച് ആയതിനുമാണ് അമ്പയർ ഔട്ട് വിളിച്ചത്. എന്നാൽ മൂന്ന് തവണയും ഡി.ആർ.സ് ലതാമിന്റെ രക്ഷക്കെത്തുകയായിരുന്നു.

നേരത്തെ ശ്രേയസ് അയ്യരുടെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഇന്ത്യൻ സ്കോർ 345 റൺസ് എടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയും 38 റൺസ് എടുത്ത അശ്വിനും മികച്ച പിന്തുണ നൽകി. ന്യൂസിലാൻഡിനു വേണ്ടി ടിം സൗതി 5 വിക്കറ്റ് വീഴ്ത്തി.

അരങ്ങേറ്റത്തിൽ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ, ഇന്ത്യക്ക് മികച്ച സ്കോർ

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ മികച്ച സ്കോർ. അരങ്ങേറ്റത്തിൽ സെഞ്ച്വറി പ്രകടനം നടത്തിയ ശ്രേയസ് അയ്യരുടെ മികവിൽ ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിൽ ആണ്. 38 റൺസുമായി രവിചന്ദ്ര അശ്വിനും 4 റൺസുമായി ഉമേഷ് യാദവുമാണ് ക്രീസിൽ ഉള്ളത്.

ഇന്ത്യക്ക് വേണ്ടി ശ്രേയസ് 105 റൺസ് എടുത്തപ്പോൾ രവീന്ദ്ര ജഡേജ 50 റൺസ് എടുത്ത് പുറത്തായി.വൃദ്ധിമാൻ സഹ(1), അക്സർ പട്ടേൽ(3) എന്നിവരാണ് ഇന്ന് പുറത്തായ മാറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ. ഇന്ന് ഇന്ത്യക്ക് നഷ്ട്ടപെട്ട നാല് വിക്കറ്റും വീഴ്ത്തിയത് ടിം സൗതിയാണ്. മത്സരത്തിൽ 69 റൺസ് വഴങ്ങി ടിം സൗതി 5 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

രഹാനെ പുറത്തായ രീതിയെ വിമർശിച്ച് വി.വി.എസ് ലക്ഷ്മൺ

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്കെ രഹാനെ പുറത്തായ രീതിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. രഹാനെ ഷോർട്ട് തിരഞ്ഞെടുത്തത് ശരിയായില്ലെന്നും ബൗൺസ് കുറഞ്ഞ പിച്ചിൽ ഇത്തരം ഷോട്ടുകൾക്ക് ശ്രമിക്കരുതെന്നും വി.വി.എസ് ലക്ഷ്മൺ കൂട്ടിച്ചേർത്തു.

മത്സരത്തിൽ 35 റൺസ് എടുത്ത അജിങ്കെ രഹാനെ കെയ്ൽ ജാമിസണ് വിക്കറ്റ് നൽകി മടങ്ങിയിരുന്നു. ഓഫ് സൈഡിന് പുറത്തുകൂടി പോവുന്ന പന്തിന് രഹാനെ ബാറ്റ് വെക്കുകയും പന്ത് ബാറ്റിന്റെ എഡ്ജിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയുമായിരുന്നു. മോശം ഫോമിനെ തുടർന്ന് പരമ്പര തുടങ്ങുന്നതിന് മുൻപ് ഒരുപാട് വിമർശനങ്ങൾ രഹാനെക്ക് നേരിടേണ്ടിവന്നിരുന്നു. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിന് പിന്നാലെയാണ് രഹാനെ ഇന്ത്യൻ ക്യാപ്റ്റനായത്.

വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കക്ക് കൂറ്റൻ ജയം

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് കൂറ്റൻ ജയം. 187 റൺസിനാണ് ഗാലെയിൽ നടന്ന ടെസ്റ്റിൽ ശ്രീലങ്ക ജയം സ്വന്തമാക്കിയത്. സ്പിൻ ബൗളർമാരായ രമേശ് മെൻഡിസും ലസിത് എംബുൾഡെനിയയും ചേർന്നാണ് ശ്രീലങ്കയുടെ ജയം അനായാസമാക്കിയത്. ആദ്യ ഇന്നിങ്സിൽ 156 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 348 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വെസ്റ്റിൻഡീസിന് മുൻപിൽ വെച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് വെറും 160 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

പുറത്താകാതെ 68 റൺസ് എടുത്ത എൻക്രൂമ ഡോണറും 54 റൺസ് എടുത്ത ജോഷുവ ഡാ സിൽവയുമാണ് വെസ്റ്റിൻഡീസിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 6 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിൽ തകർന്ന വെസ്റ്റിൻഡീസിനെ ഇരുവരും ചേർന്ന് 100 കടത്തുകയായിരുന്നു. തുടർന്ന് ജോഷുവ ഡാ സിൽവ പുറത്തായതോടെ വെസ്റ്റിൻഡീസ് ഇന്നിംഗ്സ് 160ൽ അവസാനിച്ചു. ശ്രീലങ്കക്ക് വേണ്ടി ലസിത് എംബുൾഡെനിയ 5 വിക്കറ്റും രമേശ് മെന്റിസ് 4 വിക്കറ്റും വീഴ്ത്തി.

Exit mobile version