2015 ലോകകപ്പ് മുഴുവൻ കളിച്ചത് പൊട്ടലേറ്റ കാലുമായി: മുഹമ്മദ് ഷമി

2015ലെ ക്രിക്കറ്റ് ലോകകപ്പ് മുഴുവൻ കളിച്ചത് കാൽ മുട്ടിനേറ്റ പൊട്ടലുമായിട്ടാണെന്ന് ഇന്ത്യൻ താരം മുഹമ്മദ് ഷമി. ആദ്യ മത്സരത്തിൽ തന്നെ തന്റെ കാൽ മുട്ടിന് പൊട്ടലേറ്റുവെന്നും എന്നാൽ അത് വകവെക്കാതെ കളിക്കുകയായിരുന്നുവെന്നും ഷമി വെളിപ്പെടുത്തി. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിംഗിലാണ് തന്റെ പരിക്കിനെ കുറിച്ച് മുഹമ്മദ് ഷമി വെളിപ്പെടുത്തിയത്.

മത്സരം തുടങ്ങുന്നതിന് മുൻപ് എല്ലാ ദിവസവും ഡോക്ടർമാർ തന്റെ മുട്ടിൽ നിന്ന് നീര് പുറത്തെടുക്കാറുണ്ടായിരുന്നെന്നും മുഹമ്മദ് ഷമി പറഞ്ഞു. ഓരോ മത്സരം കഴിയുമ്പോഴും തനിക്ക് നടക്കാൻ പോലും കഴിയാറുണ്ടായിരുന്നെന്നും  ദിവസവും മൂന്ന് വേദന സംഹാരികൾ കഴിച്ചാണ് താൻ കളിച്ചിരുന്നതെന്നും മുഹമ്മദ് ഷമി പറഞ്ഞു. അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയും ടീം മാനേജ്മെന്റും നൽകിയ ആത്മവിശ്വാസമാണ് തന്നെ കളിക്കാൻ സഹായിച്ചതെന്നും ഷമി പറഞ്ഞു.

2015 ലോകകപ്പിൽ 7 മത്സരങ്ങൾ കളിച്ച മുഹമ്മദ് ഷമി 17 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഉമേഷ് യാദവിന് പിന്നിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയായിരുന്നു മുഹമ്മദ് ഷമി. 2015 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു.

വാതുവെപ്പുകാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പുതിയ നിയമം വേണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിൽ വാതുവെപ്പ് നടത്തുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷ നടപടികൾ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. നിലവിലെ നിയമ പ്രകാരം ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനോ സാക്ഷികളെ വിസ്തരിക്കാനോ കഴിയുകയില്ല. ഗവൺമെന്റുമായി ഇതിനെ പറ്റി സംസാരിച്ചെന്നും ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ക്രിക്കറ്റിൽ വാതുവെപ്പ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഇഹ്‌സാൻ മാനി പറഞ്ഞു.

അതെ സമയം പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ ഐ.സി.സി അഴിമതി വിരുദ്ധ നിയമം നടപ്പിലാക്കുന്നത് തുടരുമെന്നും ഇഹ്‌സാൻ മാനി വ്യക്തമാക്കി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ വാതുവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട ഷർജീലിന് വിലക്ക് കഴിഞ്ഞതിന് ശേഷം പാകിസ്ഥാൻ ടീമിൽ കളിക്കാൻ അവസരം നൽകിയതിനെ ചെല്ലി പാകിസ്ഥാനിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

ധോണിയിൽ പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് സുരേഷ് റെയ്ന

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരമാണ് സുരേഷ് റെയ്ന. ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിനിടെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിലെ കഠിനമായ ചൂട് സഹിച്ച് മൂന്ന് മണിക്കൂറിൽ അധികം പരിശീലനം നടത്തിയെന്നും റെയ്ന പറഞ്ഞു.

ഓരോ തവണ പരിശീലനത്തിൽ ഏർപെടുമ്പോഴും വ്യത്യസ്‍തമായ രീതിയിൽ എന്തെങ്കിലും ചെയ്യാൻ ധോണി ശ്രമിച്ചെന്നും സുരേഷ് റെയ്ന പറഞ്ഞു. പരിശീലനത്തിനിടെ ധോണി മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെന്നും ധോണി ഇത്രയും മികച്ച രീതിയിൽ ബാറ്റ് ചെയുന്നത് മുൻപ് കണ്ടിട്ടില്ലെന്നും റെയ്ന പറഞ്ഞു.  ഐ.പി.എൽ ആരംഭിക്കുന്നതിന് മുൻപായി ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ധോണി പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധ പടർന്ന സാഹചര്യത്തിൽ ഐ.പി.എൽ നിർത്തിവെക്കുകയും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

രോഹിത് ശർമ്മയുടെ അനായാസ ബാറ്റിംഗ് അതിശയിപ്പിക്കുന്നതെന്ന് ജോസ് ബട്ലർ

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ അനായാസ ബാറ്റിംഗ് ശൈലി അതിശയിപ്പിക്കുന്നതാണെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. രോഹിത് ശർമ്മയുടെ ബാറ്റിംഗ് വിസ്മയം ഉളവാക്കുന്ന ഒന്നാണെന്നും എതിരാളികൾക്കെതിരെ അനായാസം സെഞ്ചുറി നേടാൻ രോഹിത് ശർമ്മക്ക് കഴിയുമെന്നും ജോസ് ബട്ലർ പറഞ്ഞു.

ഐ.പി.എൽ ടീമായ രാജസ്‌ഥാൻ റോയൽസിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നടത്തിയ ലൈവ് സെഷനിലാണ് ജോസ് ബട്ലർ രോഹിത് ശർമ്മയോടുള്ള ആരാധന വെളിപ്പെടുത്തിയത്. രോഹിത് ശർമയുടെ ബാറ്റിംഗ് പോലെ അനായാസം ബാറ്റ് ചെയുന്ന ഒരുപാട് താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടെന്നും ജോസ് ബട്ലർ പറഞ്ഞു.

രോഹിത് ശർമ്മ മികച്ച ഫോമിലെത്തിയാൽ വലിയ റൺസ് നേടുകയും അത് മത്സരത്തെ മാറ്റി മറിക്കുകയും ചെയ്യുമെന്ന് ജോസ് ബട്ലർ പറഞ്ഞു. 2016, 2017 സീസണുകളിൽ മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമ്മയും ജോസ് ബട്ലറും ഒരുമിച്ച് കളിച്ചിരുന്നു

കടുപ്പിച്ച് പാകിസ്ഥാൻ, ഐ.പി.എൽ ഉൾക്കൊള്ളിക്കാൻ ഏഷ്യ കപ്പ് റദ്ദാക്കാൻ അനുവദിക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ വേണ്ടി ഏഷ്യ കപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തെ പിന്തുണക്കിലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സെപ്റ്റംബറിൽ യു.എ.ഇയിൽ വെച്ച് നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടി20 ഒരു കാരണവശാലും മാറ്റിവെക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഇഹ്‌സാൻ മാനി പറഞ്ഞു.

നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ ഏപ്രിൽ 15നേക്കും തുടർന്ന് കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ നീട്ടിയതോടെ ഐ.പി.എൽ അനിശ്ചിതമായി നീട്ടിവെക്കുകയും ചെയ്തിരുന്നു. ഇതോടെ മറ്റു മാസങ്ങളിൽ ഐ.പി.എൽ നടത്താനുള്ള ശ്രമങ്ങളും ബി.സി.സി.ഐ തുടങ്ങിയിരുന്നു. ഏഷ്യ കപ്പ് ടൂർണമെന്റ് മാറ്റിവെച്ച് ആ സമയത്ത് ഐ.പി.എൽ നടത്താൻ ഉള്ള പദ്ധതികൾ ബി.സി.സി.ഐക്ക് ഉണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു.

തുടർന്നാണ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് പാകിസ്ഥാൻ രംഗത്തെത്തിയത്. ഏഷ്യ കപ്പ് ക്രിക്കറ്റ് ഇന്ത്യയും പാകിസ്ഥാനും മാത്രമുള്ള കാര്യമല്ലെന്നും മറ്റു രാജ്യങ്ങളും ഉൾപ്പെടുന്ന കാര്യമാണെന്നും ഇഹ്‌സാൻ മാനി വ്യക്തമാക്കി. നേരത്തെ പാകിസ്ഥാനിൽ വെച്ച് നടക്കേണ്ടിയിരുന്ന ഏഷ്യ കപ്പ് ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് ദുബൈയിലേക്ക് മാറ്റിയത്.

ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറി ഏറ്റവും പ്രിയപെട്ടതെന്ന് ശിഖർ ധവാൻ

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ മാച്ച് വിന്നിങ് സെഞ്ചുറി തനിക്ക് ഏറെ പ്രിയപെട്ടതാണെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. അന്ന് ഓസ്‌ട്രേലിക്കെതിരായ മത്സരത്തിൽ വിരലിന് പൊട്ടലേറ്റിട്ടും ബാറ്റിംഗ് തുടർന്ന ശിഖർ ധവാൻ അന്ന് ഇന്ത്യക്ക് ജയം നേടി കൊടുത്തിരുന്നു. മത്സരത്തിൽ 109 പന്തിൽ നിന്നാണ് ശിഖർ ധവാൻ 117 റൺസ് നേടിയത്. ശിഖർ ധവാന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 36 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ആ മത്സരത്തിൽ വിരലിന് പൊട്ടലേറ്റ ശിഖർ ധവാൻ തുടർന്ന് ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ കളിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഡൽഹി ക്യാപിറ്റൽസിൽ തന്റെ സഹ താരമായ ശ്രേയസ് അയ്യരുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ സംഭാഷണത്തിനിടയിലാണ് തനിക്ക് പ്രിയപ്പെട്ട ഇന്നിങ്സിനെ കുറിച്ച് ധവാൻ മനസ്സ് തുറന്നത്. കൂടാതെ താൻ നേരിട്ടതിൽ വെച്ച് ഏറ്റവും മികച്ച ബൗളർ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ ആണെന്നും ധവാൻ പറഞ്ഞു.

ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കാൻ സാധ്യതയില്ലെന്ന് സുനിൽ ഗാവസ്‌കർ

കൊറോണ വൈറസ് ബാധക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി ഇന്ത്യ – പാകിസ്ഥാൻ പരമ്പര സംഘടിപ്പിക്കിണമെന്ന മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തറിന്റെ ആഗ്രഹം നടക്കില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. മുൻ പാകിസ്ഥാൻ താരം റമീസ് രാജയുമായുള്ള സംഭാഷണത്തിനിടെയാണ് ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കാൻ സാധ്യതയില്ലെന്ന് ഗാവസ്‌കർ പറഞ്ഞത്.

ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുന്നതിനേക്കാൾ സാധ്യത ലാഹോറിൽ മഞ്ഞുപെയ്യാൻ ആണെന്നും ഗാവസ്‌കർ പറഞ്ഞു. ഇരു ടീമുകളും ലോകകപ്പിലും ഐ.സി.സി നടത്തുന്ന ടൂർണ്ണമെന്റിലും മാത്രമാവും ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുകയെന്നും ഗാവസ്‌കർ പറഞ്ഞു. നേരത്തെ മുൻ ഇന്ത്യൻ താരം കപിൽ ദേവും ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കാനുള്ള സാധ്യത കാണുന്നില്ലെന്ന് പറഞ്ഞിരുന്നു.  കൊറോണ വൈറസ് ബാധക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് കണ്ടെത്താൻ ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടത്തണമെന്ന അക്തറുടെ അഭിപ്രായത്തിനോട് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും പിന്തുണ അറിയിച്ചിരുന്നു.

ഐ.പി.എല്ലിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് സഞ്ജു സാംസൺ വെളിപ്പെടുത്തി

ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. താൻ നേരിട്ട ബൗളർമാരിൽ ഏറ്റവും കടുപ്പമേറിയ ബൗളർ ആരാധകർ പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയുമല്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന സുനിൽ നരേൻ ആണ് താൻ നേരിട്ടവരിൽ ഏറ്റവും കടുപ്പമേറിയ ബൗളറെന്ന് സഞ്ജു സാംസൺപറഞ്ഞു. സുനിൽ നരേനെതിരെ ഐ.പി.എല്ലിൽ താൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും നരേൻ മികച്ച ബൗളറാണെന്ന് സാംസൺ പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു സാംസൺ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് വെളിപ്പെടുത്തിയത്.

ടെസ്റ്റ് നാല് ദിവസമാക്കുന്നത് വിചാരിച്ച ഫലം നൽകില്ലെന്ന് വി.വി.എസ് ലക്ഷ്മൺ

ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കി ചുരുക്കുന്നത് വിചാരിച്ച ഫലം നൽകില്ലെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. 2023 മുതൽ ടെസ്റ്റ് മത്സരങ്ങളുടെ ദൈർഘ്യം നാല് ദിവസമാക്കി ചുരുക്കാനുള്ള ശ്രമങ്ങൾ ഐ.സി.സി തുടങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്നും ടെസ്റ്റ് ക്രിക്കറ്റിന് അഞ്ചു ദിവസമാണ് ചേരുകയെന്നും വി.വി.എസ് ലക്ഷ്മൺ പറഞ്ഞു. ടെസ്റ്റ് മത്സരം അഞ്ച് ദിവസം  കൂടുതൽ മത്സരങ്ങൾക്ക് ഫലം ഉണ്ടാവുമെന്നും നാല് ദിവസമാക്കിയാൽ മത്സര ഫലങ്ങൾ കുറയുമെന്നും വി.വി.എസ് ലക്ഷ്മൺ പറഞ്ഞു.

നേരത്തെ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ എന്നിവരെല്ലാം ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കി ചുരുക്കുന്നതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. കൂടുതൽ നിശ്ചിത ഓവർ മത്സരങ്ങൾ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ് ഐ.സി.സി ടെസ്റ്റ് മത്സരങ്ങളുടെ ദൈർഘ്യം അഞ്ചിൽ നിന്ന് നാലാക്കാൻ ശ്രമം നടത്തുന്നത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണി : മൈക്ക് ഹസി

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് മുൻ ഓസ്‌ട്രേലിയൻ താരം മൈക്ക് ഹസി. ഏതൊരു സമ്മർദ്ദ ഘട്ടത്തിലും കൂൾ ആയി നിൽക്കാനുള്ള കഴിവ് മഹേന്ദ്ര സിംഗ് ധോണിക്കുന്നുണ്ടെന്നും മൈക്ക് ഹസി പറഞ്ഞു.

ധോണി ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിൽ മറ്റൊരു റോളിൽ നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്‌സ് ഉടമകൾ ആഗ്രഹിക്കുന്നുണ്ടെന്നും ഹസി പറഞ്ഞു. ഈ ദശകം കഴിയുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് പുതിയൊരു ടീമിന് വാർത്തെടുക്കുമെന്നും ഹസി പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം കളിച്ച താരമാണ് ഹസി. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 59 ഐ.പി.എൽ മത്സരങ്ങൾ ധോണി കളിച്ചിട്ടുണ്ട്.

“ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ചവൻ വിരാട് കോഹ്‌ലി തന്നെ!”

നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് മികച്ചവൻ എന്ന് മുൻ പാകിസ്ഥാൻ താരം സഹീർ അബ്ബാസ്. മൂന്ന് ഫോർമാറ്റിലും സ്ഥിരതയോട് കൂടിയ പ്രകടനം നടത്തുന്ന ഏക താരവും വിരാട് കോഹ്‌ലിയാണെന്ന് സഹീർ അബ്ബാസ് പറഞ്ഞു. അതെ സമയം ടെസ്റ്റ് ക്രിക്കറ്റ് മാത്രം എടുക്കുകയാണെങ്കിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ആണ് മികച്ച ബാറ്റ്സ്മാൻ എന്നും സഹീർ അബ്ബാസ് കൂട്ടിച്ചേർത്തു.

ടെസ്റ്റിൽ മാത്രം എടുക്കുകയാണെങ്കിൽ സ്റ്റീവ് സ്മിത്തിന് വിരാട് കോഹ്‌ലിയെക്കാൾ സ്ഥിരത ഉണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടെസ്റ്റിൽ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു. എന്നാൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുണമെന്നും ഇതിൽ മറ്റു എല്ലാരെക്കാളും വിരാട് കോഹ്‌ലി സ്ഥിരത പുലർത്തുന്നുണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു.

ഇന്ത്യ – പാകിസ്ഥാൻ പരമ്പര വേണം, അക്തറിനെ പിന്തുണച്ച് അഫ്രീദി

കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിനായി ഇന്ത്യ – പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിന്റെ അഭിപ്രായത്തിന് പിന്തുണ അറിയിച്ച് മുൻ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദി.  ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പര നടത്തണമെന്ന ഷൊഹൈബ് അക്തറുടെ ആശയത്തോട് എതിർപ്പില്ലെന്നും അഫ്രീദി പറഞ്ഞു.

അതെ സമയം ഇന്ത്യ പാകിസ്ഥാൻ നടത്തേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ അഭിപ്രായത്തോട് അഫ്രീദി തന്റെ വിയോജിപ്പ് അറിയിക്കുകയും ചെയ്തു. ലോകത്താകമാനം മുഴുവൻ ആൾക്കാരും കൊറോണ വൈറസ് ബാധക്കെതിരെ പൊരുതുമ്പോൾ പൊതു ശത്രുവായ കൊറോണ വൈറസിനെതിരെ ഒരുമിച്ച് പോരാടണമെന്നും ഈ ഘട്ടത്തിൽ ഇത്തരം നെഗറ്റീവ് കമെന്റുകൾ നല്ലതല്ലെന്നും അഫ്രീദി പറഞ്ഞു. കായിക വിനോദങ്ങൾ ജനങ്ങളെ ഒരുമിപ്പിക്കാൻ ഉള്ളതാവണമെന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ നിരാശ ഉണ്ടാക്കുന്നതാണെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

Exit mobile version