“റസ്സൽ നേരത്തെ എത്തിയിരുന്നെങ്കിൽ കൊൽക്കത്ത കൂടുതൽ ഐ.പി.എൽ കിരീടങ്ങൾ നേടുമായിരുന്നു”

വെസ്റ്റിൻഡീസ് താരം ആൻഡ്രെ റസ്സൽ കുറച്ച് നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ എത്തിയിരുന്നെങ്കിൽ കൂടുതൽ കിരീടം കൊൽക്കത്ത നെടുമായിരുന്നെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ. 2012ലാണ് ആൻഡ്രെ റസ്സൽ കൊൽക്കത്തക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.

താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായിരിക്കുന്ന സമയത്ത് തന്നെ റസ്സൽ കൊൽക്കത്ത ടീമിൽ ഉണ്ടായിരുന്നെങ്കിൽ കൊൽക്കത്ത 2-3 കിരീടങ്ങൾ കൂടി നെടുമായിരുന്നെന്നും ഗംഭീർ പറഞ്ഞു. 2012ലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യമായി ഐ.പി.എൽ കിരീടം നേടിയത്. അന്ന് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചാണ് കൊൽക്കത്ത കിരീടം നേടിയത്. തുടർന്ന് 2014ൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ തോല്പിച്ചും കൊൽക്കത്ത കിരീടം സ്വന്തമാക്കിയിരുന്നു.

ആൻഡ്രെ റസ്സൽ ഐ.പി.എല്ലിൽ 64 മത്സരങ്ങളിൽ നിന്ന് 1400 റൺസും 55 വിക്കറ്റും നേടിയിട്ടുണ്ട്.

2016ലെ ഐ.പി.എൽ കിരീടം ഏറ്റവും പ്രിയപ്പെട്ടത്: ഡേവിഡ് വാർണർ

2016ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കൂടെ നേടിയ ഐ.പി.എൽ കിരീടം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ജീവിതകാലം മുഴുവൻ മികച്ച ഓർമ്മയായി തന്നോടൊപ്പം ഉണ്ടാവുമെന്നും ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. 2016ൽ ഡേവിഡ് വാർണർ ക്യാപ്റ്റനായിരിക്കെയാണ് സൺറൈസേഴ്‌സ് ഐ.പി.എൽ കിരീടം സ്വന്തമാക്കിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ട്വിറ്റെർ അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് 2016ലെ വിജയത്തെ കുറിച്ച് വാർണർ മനസ്സ് തുറന്നത്.

2016ലെ വിജയമായിരുന്നു തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐ.പി.എൽ ഓർമയെന്നും ടൂർണമെന്റ് മൊത്തം ടീമിന് നല്ലൊരു ടൂർണമെന്റായിരുന്നുവെന്നും വാർണർ പറഞ്ഞു. ആ സീസണിൽ ഒരുപാട് മത്സരങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സൺറൈസേഴ്‌സ് ജയിച്ചുവെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും വാർണർ പറഞ്ഞു. 2016ലെ വിജയം ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവുന്ന മികച്ചൊരു ഓർമയാണെന്നും ഡേവിഡ് വാർണർ പറഞ്ഞു.

“രാഹുൽ ദ്രാവിഡിനെക്കാൾ മികച്ച ബാറ്റ്സ്മാനെ കണ്ടിട്ടില്ല”

മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെക്കാൾ മികച്ച ബാറ്റ്സ്മാനെ താൻ കണ്ടിട്ടിട്ടില്ലെന്ന് മുൻ ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ഗ്രെയിം സ്വാൻ. 2000ൽ കൗണ്ടിയിൽ തനിക്കെതിരെ രാഹുൽ ദ്രാവിഡ് കളിച്ചതിന്റെ അനുഭവത്തിലാണ് സ്വാൻ മുൻ ഇന്ത്യൻ മധ്യ നിര ബാറ്റ്സ്മാനായ രാഹുൽ ദ്രാവിഡിനെ പ്രകീർത്തിച്ചത്.

“രാഹുൽ ദ്രാവിഡ് വളരെ വലിയ താരമായിരുന്നു. കെന്റിൽ ആയിരുന്നപ്പോൾ ദ്രാവിഡിനെതിരെ താൻ പന്തെറിയുകയും അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. ഒരു താരം ഇത്രയും മികച്ച രീതിയിൽ കളിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. രാഹുൽ ദ്രാവിഡ് കൗണ്ടിയിലെ ഒരു മത്സരത്തിലും പുറത്താക്കാൻ കഴിയുമായിരുന്നില്ല. രാഹുൽ ദ്രാവിഡ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ദ്രാവിഡിന്റെ പ്രകടനം തന്നെ ഒരു 11 വയസ്സുള്ള സ്പിന്നറാക്കി” ഗ്രെയിം സ്വാൻ പറഞ്ഞു.

താൻ ഒരിക്കൽ രാഹുൽ ദ്രാവിഡിനെ പുറത്താക്കിയെങ്കിലും സാധാരണ ഗതിയിൽ അത് രാഹുൽ ദ്രാവിഡ് പുറത്താവുന്ന ഒരു പന്ത് ആയിരുന്നില്ലെന്നും സ്വാൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 163 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രാഹുൽ ദ്രാവിഡ് 13265 റൺസും നേടിയിട്ടുണ്ട്.

ടി20 ലോകകപ്പിന്റെ കാര്യത്തിൽ തിരക്കിട്ട് തീരുമാനം എടുക്കില്ലെന്ന് ഐ.സി.സി

കൊറോണ വൈറസ് ലോകത്താകമാനം പടരുന്ന സാഹചര്യത്തിൽ ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന്റെ കാര്യത്തിൽ തിരക്കിട്ട് ഒരു തീരുമാനം എടുക്കുന്നില്ലെന്ന് ഐ.സി.സി. ഈ വരുന്ന ഒക്ടോബർ 18 മുതൽ നവംബർ 15വരെയാണ് ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടക്കുക.

നിലവിൽ ഐ.സി.സി എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും സാഹചര്യങ്ങൾക്ക് അനുസരിച്ച് ടി20 ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും ഐ.സി.സി അറിയിച്ചു. ലോകോത്തകമാനം കായിക മത്സരങ്ങൾ കൊറോണ വൈറസ് ബാധ മൂലം മാറ്റിവച്ചിരുന്നു. ഇതിന്റെ പാശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പും മാറ്റിവെക്കാനുള്ള സാധ്യതകളും ഐ.സി.സി പരിശോധിക്കുന്നുണ്ട്.

ടൂർണമെന്റ് നടക്കാൻ ആറ് മാസം ഇനിയും ബാക്കിയിരിക്കെ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് അടക്കമുള്ളവരുമായി ആലോചിച്ച് ടി20 ലോകകപ്പിന്റെ ഭാവി തീരുമാനിക്കുമെന്നും ഐ.സി.സി. വ്യക്തമാക്കി. നിലവിൽ നേരത്തെ തീരുമാനിച്ച തിയ്യതിക്ക് തന്നെ ടൂർണമെന്റ് നടത്താനുള്ള ഒരുക്കങ്ങളുമായിട്ടാണ് മുന്നോട്ട് പോവുന്നതെന്നും ഐ.സി.സി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ സ്ഥിരം ഡയറക്ടറായി സ്മിത്തിന് നിയമനം

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് ഗ്രെയിം സ്മിത്തിന് സ്ഥിരം നിയമനം. നേരത്തെ കഴിഞ്ഞ ഡിസംബറിലാണ് സ്മിത്തിന്റെ ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി നിയമിച്ചത്. അന്നത്തെ താത്കാലിക നിയമനം ഇന്ന് സ്ഥിരപ്പെടുത്തുകയായിരുന്നു. രണ്ട വർഷത്തെ കരാറിലാണ് മുൻ ക്യാപ്റ്റൻ കൂടിയായ സ്മിത്തിന്റെ നിയമനം.

ഇത് പ്രകാരം സ്മിത്ത് 2022 മാർച്ച് വരെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഡയറക്ടറായി തുടരും. തന്റെ 22മത്തെ വയസ്സിൽ ക്യാപ്റ്റനായ സ്മിത്ത് ക്യാപ്റ്റനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരമാണ്.  2014ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് സ്മിത്ത് 177 ടെസ്റ്റ് മത്സരങ്ങളും 197 ഏകദിന മത്സരങ്ങളും 33 ടി20 ഇന്റർനാഷണൽ മത്സരങ്ങളും ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ലെന്ന് ബി.സി.സി.ഐ

ശ്രീലങ്കയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ബി.സി.സി.ഐ. കഴിഞ്ഞ ദിവസം ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവ ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ നിലവിൽ കൊറോണ വൈറസ് മഹാമാരി പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു കാര്യം ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.  നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതിനെ പറ്റിയുള്ള ഔദ്യോഗിക അറിയിപ്പുകൾ ഒന്നും കിട്ടിയില്ലെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.

നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 15ലേക്കും തുടർന്ന് കേന്ദ്ര സർക്കാർ ലോക് ഡൗൺ നീട്ടിയതോടെ അനിശ്ചിതമായും ഐ.പി.എൽ നീട്ടിവെച്ചിരുന്നു. തുടർന്നാണ് ഇന്ത്യയേക്കാൾ വേഗത്തിൽ ശ്രീലങ്കയിൽ കൊറോണ വൈറസ് പടരുന്നത് തടയാനാവുമെന്നും അത് കൊണ്ട് ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന നിർദേശവുമായി ഷമ്മി സിൽവ രംഗത്തെത്തിയത്.

ഇന്ത്യൻ ടീം പരമ്പര കളിച്ചില്ല, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നഷ്ട്ടം 90 മില്യൺ ഡോളർ

ഇന്ത്യൻ ടീം പാകിസ്ഥാനിൽ പരമ്പര കളിക്കാതിരുന്നതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് 90 മില്യൺ അമേരിക്കൻ ഡോളറിന്റെ നഷ്ട്ടം. 2008 മുതൽ രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് ഇന്ത്യ പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. ഇതിന് ശേഷം ഇന്ത്യ ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ മാത്രമാണ് പാകിസ്ഥാനെതിരെ കളിക്കുന്നത്. പാകിസ്ഥാനിൽ വെസ്റ്റിൻഡീസ് പര്യടനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ടെലിവിഷൻ കമ്പനികളും തമ്മിൽ ഉണ്ടായിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ടെലിവിഷൻ സംപ്രേഷണം നടത്തുന്ന കമ്പനികളായ ടെൻ സ്പോർട്സ്, പി.ടി.വി എന്നിവരുമായി നടത്തിയ കരാറിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നഷ്ട്ടം സംഭവിച്ചത്. ടെലിവിഷൻ സംപ്രേഷകരുമായുള്ള കരാർ പ്രകാരം ഇന്ത്യ രണ്ട് തവണ പാകിസ്ഥാനിൽ പര്യടനം നടത്തേണ്ടതായിരുന്നു. ഇന്ത്യയുടെ പര്യടനമടക്കം 149 മില്യൺ ഡോളറിനാണ് ടെലിവിഷൻ കമ്പനികൾക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കരാർ നൽകിയത്.

ഐ.പി.എൽ വിദേശത്ത് നടത്തുന്നതിനെ പിന്തുണച്ച് ആർ.സി.ബി പരിശീലകൻ

അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഐ.പി.എൽ വിദേശത്ത് നടക്കുന്നതിനെ പിന്തുണച്ച് ആർ.സി.ബി പരിശീലകൻ സൈമൺ കാറ്റിച്. ഐ.പി.എൽ ഈ വർഷം നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റോയൽ ചലഞ്ചേഴ്‌സ് പരിശീലകൻ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ആർ.സി.ബിയുടെ പരിശീലകനായി ഗാരി ക്രിസ്റ്റന് പകരം സൈമൺ കാറ്റിച് നിയമിതനായത്.

ഐ.പി.എൽ ഓസ്ട്രേലിയയിലോ മറ്റു രാജ്യങ്ങളിൽ വെച്ച് നടക്കുന്നതിന്റെ ആർ.സി.ബി പിന്തുണക്കുന്നുണ്ടെന്നും കാറ്റിച് പറഞ്ഞു. ആർ.സി.ബി പോലെയുള്ള കുറച്ച് ടീമുകൾ ഐ.പി.എൽ വിദേശത്ത് കളിക്കുന്നതിനെ പിന്തുണക്കുന്നുണ്ടെന്നും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ താരങ്ങൾ ഓസ്ട്രേലിയയിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കാറ്റിച് പറഞ്ഞു.

നേരത്തെ 2009ൽ ഇന്ത്യയിൽ ഇലക്ഷൻ നടന്നതിനെ തുടർന്ന് ഐ.പി.എൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടത്തിയിരുന്നു. കൂടാതെ 2014ലും ഐ.പി.എല്ലിന്റെ കുറച്ച ഭാഗം യു.എ.എയിൽ വെച്ച് നടന്നിരുന്നു.

ഐ.പി‌.എല്ലിന് ആതിഥേയത്വം വഹിക്കാൻ ശ്രീലങ്ക തയ്യാർ

ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാമെന്ന വാഗ്ദാനവുമായി ശ്രീലങ്ക. ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവയാണ് ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാൻ ശ്രീലങ്ക തയ്യാറാണെന്ന് അറിയിച്ചത്.

ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം നിൽക്കുന്നതിന് മുൻപ് തന്നെ ശ്രീലങ്കയിൽ വ്യാപനം നിൽക്കുമെന്നും അത്കൊണ്ട് ശ്രീലങ്കയിൽ വെച്ച് ടൂർണമെന്റ് നടത്താമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി വ്യക്തമാക്കി. ഈ കാര്യം അറിയിച്ച് ബി.സി.സി.ഐക്ക് കത്ത് എഴുതുമെന്നും ഷമ്മി സിൽവ അറിയിച്ചു.

നേരത്തെ മാർച്ച് 29ന് നടക്കേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 15ലേക്കും തുടർന്ന് ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് അനിശ്ചിതമായും നീട്ടിവെച്ചിരുന്നു.

ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ച് ബി.സി.സി.ഐ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച് ബി.സി.സി.ഐ. നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ കൊറോണ വൈറസ് നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തിൽ ഐ.പി.എല്ലിന്റെ 13മത്തെ പതിപ്പ് അനിശ്ചിതമായി നീട്ടിവെക്കാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ ഐ.പി.എൽ മാറ്റിവെക്കുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

നിലവിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കുമാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ഐ.പി.എൽ നടത്താൻ മതിയായ സാഹചര്യം ഒരുങ്ങുന്ന സമയത്ത് ഐ.പി.എൽ നടത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ബി.സി.സി.ഐ ഇന്ത്യയിലെ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ തുടർന്നും വിലയിരുത്തുമെന്നും തുടർന്ന് സാഹചര്യങ്ങൾ അനുകൂലമാവുന്ന ഘട്ടത്തിൽ ഐ.പി.എൽ നടത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

സർക്കാരിന്റെ അനുവാദമില്ലാതെ പാകിസ്ഥാനിൽ കളിക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ

കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ ഇന്ത്യക്ക് പാകിസ്ഥാനിൽ കളിക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ.  പാകിസ്ഥാൻ വനിതൾക്കെതിരെ ഏകദിന ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക് പോയിരുന്നില്ല. ഇതിനെതിരെ പാകിസ്ഥാൻ ഐ.സി.സിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യക്കെതിരെ ഐ.സി.സിയെ സമീപിച്ചെങ്കിലും ഇന്ത്യയുടെ വാദം ഐ.സി.സി അംഗീകരിക്കുകയും ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകുകയും ചെയ്യുകയായിരുന്നു.

പാക്കിസ്ഥാൻ വനിതകൾക്കെതിരായ ഏകദിന ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര സർക്കാർ അനുവാദം നൽകിയില്ലെന്ന് ബി.സി.സി.ഐ ഐ.സി.സിയെ അറിയിക്കുകയായിരുന്നു.  ഓരോ പരമ്പരക്കും ഇന്ത്യൻ ടീം കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം വാങ്ങണമെന്നും ഇത് പാകിസ്ഥാനിൽ കളിക്കുന്ന കാര്യത്തിന് മാത്രമല്ലെന്നും ബി.സി.സി.ഐ  ഐ.സി.സിയെ അറിയിച്ചു. കഴിഞ്ഞ ജൂലൈ – നവംബർ മാസത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ അന്ന് ഇരു രാജ്യങ്ങളുടെയും ബോർഡുകൾ ശ്രമം നടത്തിയെങ്കിലും മത്സരം നടത്താനായിരുന്നില്ല.

യു.എ.ഇയെ പങ്കാളികളാക്കി ഐ.സി.സി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ പാകിസ്ഥാൻ ശ്രമം

യു.എ.ഇയെ പങ്കാളികളാക്കി ഐ.സി.സി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ശ്രമം നടത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. 2023 മുതൽ 2031 വരെയുള്ള സൈക്കിളിൽ ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ അഞ്ചോ ആറോ ടൂർണമെന്റുകൾക്ക് അപേക്ഷ നൽകാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം.

അഞ്ചോ ആറോ ടൂർണമെന്റുകൾക്ക് പാകിസ്ഥാൻ അപേക്ഷ നൽകുമെന്നും അതിൽ നിന്ന് ഒന്നോ രണ്ടോ ടൂർണമെന്റുകൾക്ക് അനുമതി ലഭിക്കുമെന്നാണ് കരുതപെടുന്നതെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഇഹ്‌സാൻ മാനി പറഞ്ഞു. കൂടാതെ മറ്റൊരു രാജ്യവുമായി ചേർന്ന് ടൂർണമെന്റ് നടത്താനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി പറഞ്ഞു.

16 മത്സരങ്ങൾ ഉള്ള ടൂര്ണമെന്റുകളും 30 മുതൽ 40 വരെ മത്സരങ്ങളുള്ള ടൂർണമെന്റുകളും ഐ.സി.സി നടത്തുന്നുണ്ടെന്നും വലുപ്പത്തിന് അനുസരിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ മത്സരങ്ങൾ വിഭജിച്ചു നൽകുമെന്നും ഇഹ്‌സാൻ മാനി പറഞ്ഞു.

Exit mobile version