ആറു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സമനിലയിൽ പിറഞ്ഞു മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനമും. ഫോഡൻ, ഗ്രീലിഷ് എന്നിവർ സിറ്റിക്കായി വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയി രേഖപ്പെടുത്തി. സോൺ, ലോ സെൽസോ, കുലുസെവ്സ്കി എന്നിവർ ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. ഇതോടെ മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ലിവർപൂൾ രണ്ടാമതും ആഴ്സനൽ ഒന്നാമതും തുടരുന്നു. ടോട്ടനം അഞ്ചാമതാണ്.
ആറാം മിനിറ്റിൽ തന്നെ സിറ്റിയെ ഞെട്ടിച്ചു കൊണ്ട് ടോട്ടനം ലീഡ് എടുത്തു. സിറ്റിയുടെ കോർണറിന് പിറകെ ആരംഭിച്ച കൗണ്ടർ നീക്കത്തിനോടുവിൽ സോണാണ് വല കുലുക്കിയത്. എന്നാൽ മൂന്ന് മിനിറ്റിനു ശേഷം സ്വന്തം വലയിലും സോൺ പന്തെത്തിക്കുന്നതിന് മത്സരം സാക്ഷിയായി. അൽവാരസിന്റെ ഫ്രീകിക്ക് ഗോളിലേക്ക് തിരിച്ചു വിടാനുള്ള ഹാലണ്ടിന്റെ ശ്രമം സോണിന്റെ ദേഹത്ത് തട്ടി വലയിലേക്ക് പതിക്കുകയായിരുന്നു. 13ആം മിനിറ്റിൽ ഹാലണ്ടിന് സുവർണാവസരം ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ബോക്സിനുള്ളിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞു ഡോകു ഉതിർത്ത ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. 32ആം മിനിറ്റിൽ സിറ്റി തങ്ങളുടെ മനോഹരമായ പാസുകൾ കോർത്തിണക്കി സൃഷ്ടിച്ച അവസരത്തിൽ ഫോടൻ വല കുലുക്കി. അൽവാരസ് തന്നെ ആയിരുന്നു അസിസ്റ്റ് നൽകിയത്.
രണ്ടാം പകുതിയിൽ പരിക്കിന്റെ ഭീഷണി ഉയർന്ന ഡോകുവിന് പിൻവലിച്ച് പകരം പെപ്പ്, ഗ്രീലിഷിനെ കളത്തിൽ ഇറക്കി. 69ആം മിനിറ്റിൽ ലോ സെൽസോ സ്കോർ നില വീണ്ടും സമനിലയിൽ എത്തിച്ചു. സോണിൽ നിന്നും പന്ത് സ്വീകരിച്ചു കുതിച്ച താരം, ബോക്സിന് തൊട്ടു വെളിയിൽ നിന്നും തൊടുത്ത ഒന്നാന്തരമൊരു ഷോട്ട് എഡേഴ്സന്റെ കൈകളിൽ തട്ടി വലയിലേക്ക് തന്നെ പതിച്ചു. ടോട്ടനം മത്സരത്തിൽ പിടിമുറുക്കുന്നതിനിടെ സിറ്റി വീണ്ടും വല കുലുക്കി. 81ആം മിനിറ്റിലാണ് ഗോൾ പിറന്നത്. ബിസോമയിൽ നിന്നും റോഡ്രി റാഞ്ചിയെടുത്ത പന്ത് ഹാലണ്ടിലൂടെ ഗ്രീലിഷിൽ എത്തിയപ്പോൾ താരം അനായാസം വല കുലുക്കുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ 90ആം മിനിറ്റിൽ നിർണായക ഗോളുമായി വീണ്ടും ടോട്ടനം മത്സരത്തിലേക്ക് തിരികെ വന്നു. ഇടത് വിങ്ങിൽ നിന്നും ജോൺസന്റെ ക്രോസിൽ ഒന്നാന്തരമൊരു ഹെഡർ ഉതിർത്ത കുലുസേവ്സ്കിയാണ് സമനില ഗോൾ കണ്ടെത്തിയത്. അവസാന നിമിഷം സിറ്റിയുടെ കൗണ്ടർ നീക്കത്തിൽ റഫറി ഇടപെട്ടത് വിവാദമായി.