ഡോൺ കാർലോയുടെ പകരക്കാരുടെ മികവിൽ സെവിയ്യയെ വീഴ്ത്തി റയൽ മാഡ്രിഡ്

Wasim Akram

സ്പാനിഷ് ലാ ലീഗയിൽ ജയം തുടർന്ന് റയൽ മാഡ്രിഡ്. മോശം ഫോമിലുള്ള സെവിയ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് റയൽ തോൽപ്പിച്ചത്. പരിക്കേറ്റ കരീം ബെൻസീമ ഇല്ലാതെയാണ് റയൽ ഇറങ്ങിയത്. കളിക്ക് മുമ്പ് ബാലൻ ഡി യോർ ജേതാവ് ആയ ബെൻസീമ തന്റെ അവാർഡ് ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച തുടക്കം ആണ് റയലിന് ലഭിച്ചത്. അഞ്ചാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്നു ലൂക മോഡ്രിച് റയലിന് മുൻതൂക്കം നൽകി. എന്നാൽ ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് മാത്രം ലക്ഷ്യത്തിലേക്ക് ഉതിർത്ത റയൽ അതിനു വില നൽകേണ്ടി വരുന്നത് ആണ് പിന്നീട് കണ്ടത്.രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ഗോൺസാലോ മോണ്ടിയലിന്റെ ത്രൂ ബോളിൽ നിന്നു എറിക് ലമേല സെവിയ്യക്ക് സമനില സമ്മാനിച്ചു.

റയൽ മാഡ്രിഡ്

അവസാന നിമിഷങ്ങളിൽ ആഞ്ചലോട്ടി വരുത്തിയ മാറ്റങ്ങൾ കളി റയലിന് അനുകൂലമാക്കുന്നത് ആണ് പിന്നീട് കണ്ടത്. 79 മത്തെ മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ലൂകാസ് വാസ്ക്വസ് റയലിന് ഒരിക്കൽ കൂടി മുൻതൂക്കം നൽകി. തുടർന്ന് രണ്ട് മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ മാർകോ അസൻസിയോയുടെ ബോക്സിന് പാസിൽ നിന്നു പുറത്ത് നിന്ന് ഒരു അതുഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ ഫെഡറിക്കോ വാൽവെർഡെ റയൽ ജയം ഉറപ്പിക്കുക ആയിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ഉറുഗ്വേ താരം ഗോൾ നേടുന്നത്. എന്നാൽ മത്സരശേഷം പപ ഗോമസും ആയി കൂട്ടിയിടിച്ച വാൽവെർഡെ പരിക്കേറ്റു പുറത്ത് പോയത് റയലിന് ആശങ്കയായി. നിലവിൽ ലീഗിൽ റയൽ ഒന്നാമത് തുടരുമ്പോൾ 14 സ്ഥാനത്ത് ആണ് സെവിയ്യ.