ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഒന്നാം സീഡ് കൂടിയായ നദാൽ തന്റെ മികവിന്റെ പാരമ്യത്തിൽ ആയിരുന്നു ഇന്ന്. എതിരാളിയായ ഹൂഗേ ഡെല്ലിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ മറികടന്നത്. ആദ്യ സെറ്റ് 6-2 നു നേടി തന്റെ നയം വ്യക്തമാക്കിയ നദാൽ രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരം കൈ എത്തും ദൂരെയാക്കി. അരമണിക്കൂർ പോലും നീണ്ടു നിൽക്കാത്ത മൂന്നാം സെറ്റിൽ എതിരാളിക്ക് ഒരു ഗെയിം പോലും നൽകാതെ ജയം കണ്ട നദാൽ മത്സരം സ്വന്തം പേരിൽ കുറിച്ചു. തന്റെ 20 മത്തെ ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് താരത്തിനു ഇത് മികച്ച തുടക്കം തന്നെയാണ്. കിരീടപോരാട്ടത്തിൽ എതിരാളികൾക്ക് വ്യക്തമായ സൂചനയാണ് ഈ പ്രകടനത്തിലൂടെ നദാൽ നൽകിയത്.
ഇന്നലെ മഴ മൂലം മുടങ്ങി ഇന്ന് പുനരാരംഭിച്ച മത്സരത്തിൽ ജയം കണ്ട് 12 സീഡും ഇറ്റാലിയൻ താരവുമായ ഫാബിയോ ഫോഗിനിനി. അമേരിക്കൻ താരം റെയ്ലി ഒപെൽക്കക്ക് എതിരെ ആദ്യ രണ്ട് സെറ്റുകൾ പിന്നിൽ നിന്ന ശേഷം ആണ് ഇറ്റാലിയൻ താരം ജയം കണ്ടത്. മത്സരത്തിൽ 35 ഏസുകൾ ഉതിർത്ത വലിയ സർവീസുകൾക്ക് പേര് കേട്ട ഒപെൽക്കക്ക് എതിരെ 3-6,6-7,6-4,6-3,7-6 എന്ന സ്കോറിന് ആയിരുന്നു ഇറ്റാലിയൻ താരത്തിന്റെ ജയം. ഇത് എട്ടാം തവണയാണ് ഫോഗിനിനി ആദ്യ രണ്ട് സെറ്റുകൾ നഷ്ടമാക്കിയ ശേഷം ജയം കാണുന്നത്. അതേസമയം 5 സെറ്റ് നീണ്ട മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് താരം 21 സീഡ് ബെനോയിറ്റ് പൈര ജർമ്മൻ താരം സെഡറിക് സ്റ്റെബെയെ മറികടന്നു. സ്കോർ – 6-4, 3-6, 6-3, 6-7, 6-0.