പതിഞ്ഞ തുടക്കമായിരുന്നുവെങ്കിലും ഹോങ്കോംഗിനെതിരെ 193 റൺസ് നേടി പാക്കിസ്ഥാന്‍. മുഹമ്മദ് റിസ്വാനും ഫകര്‍ സമനും രണ്ടാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ചാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. 2 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന്‍ പുറത്താകാതെ 57 പന്തിൽ 78 റൺസ് നേടിയപ്പോള്‍ ഖുഷ്ദിൽ ഷാ 15 പന്തിൽ 35 റൺസ് നേടി.
ബാബര്‍ വേഗത്തിൽ പുറത്തായ ശേഷം ഫകര്‍ സമനും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 64 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ ഇവര്‍ നേടിയത്. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ 116 റൺസ് കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.
ഫകര്‍ സമന്‍ 38 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ റിസ്വാന്‍ 42 പന്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 53 റൺസ് നേടിയ ഫകര്‍ സമാനെ പുറത്താക്കിയാണ് ഹോങ്കോംഗ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ബാബര്‍ അസമിനെ പുറത്താക്കിയ എഹ്സാന്‍ ഖാന് തന്നെയാണ് ഈ വിക്കറ്റും ലഭിച്ചത്.
അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത്തിലാക്കിയപ്പോള്‍ പാക്കിസ്ഥാന്‍ 193/2 എന്ന സ്കോറിലേക്ക് എത്തി. ഖുഷ്ദിൽ ഷാ 15 പന്തിൽ 35 റൺസ് നേടിയപ്പോള്‍ അവസാന ഓവറിലെ 4 സിക്സ് അടക്കം 5 സിക്സാണ് താരം നേടിയത്. റിസ്വാനോടൊപ്പം ചേര്‍ന്ന് 23 പന്തിൽ നിന്ന് 63 റൺസാണ് ഖുഷ്ദിൽ മൂന്നാം വിക്കറ്റിൽ നേടിയത്.