ഏഴാം മത്സരത്തിലും ഡെൽഹിക്ക് ജയമില്ല

ഡെൽഹി ഡൈനാമോസ് ലീഗിലെ ഏഴാം മത്സരം കഴിഞ്ഞിട്ടും വിജയമില്ല. ഇന്ന് സ്വന്തം കാണികളുടെ മുന്നിൽ ജംഷദ്പൂരിനെ നേരിട്ട ഡെൽഹി 2-2 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു എങ്കിലും അത് മതിയായിരുന്നില്ല ജയം ഉറപ്പിക്കാൻ.

ഇന്ന് കളിയുടെ നാൽപ്പതാം മിനുട്ടിൽ ജംഷദ്പൂരിന്റെ സിഡോഞ്ചയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ജംഷദ്പൂരിന്റെ ഗോൾ. ഡെൽഹിക്ക് കിട്ടിയ ഒരു അറ്റാക്കിംഗ് ഫ്രീകിക്ക് നിമിഷ നേരം കൊണ്ട് ജംഷദ്പൂരിന്റെ ഗോളായി മാറുകയായിരുന്നു. ഗൗരവ് മുഖിയുടെ പാസിൽ നിന്നായിരുന്നു സിഡോഞ്ച പന്ത് ഡെൽഹി വലയിൽ എത്തിച്ചത്. സിഡോഞ്ചയുടെ ലീഗിലെ മൂന്നാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ഡെൽഹി 55ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. ജംഷദ്പൂർ ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ചാങ്തെയാണ് ഡെൽഹിക്ക് സമനില നേടിക്കൊടുത്തത്. നാലു മിനുട്ടുകൾക്കകം ഒരു ഹെഡറിലൂടെ‌ കാർമോണ ഡെൽഹിയെ 2-1ന് മുന്നിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ ഡെൽഹിയെ ആദ്യ ജയത്തിലേക്ക് വിടാൻ ജംഷദ്പൂർ തയ്യാറായില്ല. കളിയുടെ 72ആം മിനുട്ടിൽ തിരി ഒരു കോർണറിൽ നിന്ന് ജംഷദ്പൂരിന് സമനില നേടിക്കൊടുത്തു. ഇന്നത്തെ സമനിലയോടെ ജംഷദ്പൂർ ലീഗിൽ ഒന്നാമത് എത്തി. ഏഴു മത്സരങ്ങളിൽ നിന്ന് 11 പോയന്റാണ് ജംഷദ്പൂരിന് ഉള്ളത്. ഡെൽഹിക്ക് ഏഴു മത്സരങ്ങളിൽ നിന്ന് 3 പോയന്റെ ഉള്ളൂ.