പ്രീമിയർ ലീഗിൽ ട്രാസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കയെ ആഴ്‌സണലിന് കളത്തിനു അകത്ത് എന്ന പോലെ പുറത്തും പേടിസ്വപ്നമായി പ്രതിരോധം. കഴിഞ്ഞ സീസണിൽ ന്യൂ കാസ്റ്റിൽ അടക്കമുളള ടീമുകളെക്കാൾ ഗോൾ വഴങ്ങിയ ആഴ്സണൽ യൂറോപ്പിലെ മുൻ നിര ക്ലബുകളിൽ ഏറ്റവും മോശം പ്രതിരോധം ഉള്ള ടീമുകളിൽ ഒന്നാണ് ഇതിനിടയിൽ ക്ലബുമായി കലഹിച്ചു ടീം വിടുകയാണ് ക്ലബ് ക്യാപ്റ്റനും പ്രതിരോധനിരയിലെ ഒഴിവാക്കാൻ ആവാത്ത താരവുമായ ലോറന്റ് കൊഷ്യലിനി. ക്ലബിലെ വിശ്വസ്ഥ സേവകനായിരുന്ന അദ്ദേഹം ക്ലബുമായി കലഹിച്ചു പരസ്യപ്രതികരണം നടത്തിയത് ആഴ്സണൽ ആരാധകരെയും ഞെട്ടിച്ചിരിക്കുന്നു. ജന്മനാടായ ഫ്രാൻസിലേക്ക് മടങ്ങാൻ ആണ് താരത്തിന്റെ തീരുമാനം.
ഇതിനിടയിൽ യുവ പ്രതിരോധനിരകാരെ വച്ച് ക്ലബിന് ആദ്യ നാലിൽ എത്താൻ ആവുമോ എന്ന ചോദ്യം സജീവമായിരുന്നു. ഒപ്പം ക്ലബിന് ഭാരമായി മാറിയ മുസ്താഫി തുടങ്ങിയ താരങ്ങളെ വിൽക്കാൻ പറ്റിയ ക്ലബ് കണ്ടത്താനും ക്ലബ് ബുദ്ധിമുട്ടുകയാണ്. മുസ്താഫിക്കായി ഇത് വരെ ഒരു ക്ലബും രംഗത്ത് വന്നിട്ടില്ല. മുസ്താഫിയെ വിറ്റോ അല്ലാതെയോ ഒന്നോ രണ്ടോ താരങ്ങളെ ടീമിലെത്തിക്കാൻ ഊർജിത ശ്രമങ്ങൾ ക്ലബ് നടത്തുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കുറച്ച് നാളുകൾക്ക് മുമ്പ് ഇടത് ബാക്ക് ആയി കെൽറ്റിക്ക് താരം ടിയെർനിയെ ആഴ്സണൽ ഉടൻ സ്വന്തമാക്കും എന്ന സൂചനകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ പരിക്കിലുള്ള താരത്തെ സ്വന്തമാക്കാൻ ക്ലബ് മടിക്കുന്നു എന്ന സൂചനകൾ ആണ് പിന്നീട് പുറത്ത് വന്നത്. ഇപ്പോൾ കൊഷ്യലിനി കൂടി പോകുന്നതോടെ ഒരു സെന്റർ ബാക്കിനെ ടീമിൽ എന്ത് വിലകൊടുത്തും എത്തിക്കാനുള്ള ശ്രമത്തിലാണ് ആഴ്സണൽ.
യുവന്റസിന്റെ യുവ ഇറ്റാലിയൻ പ്രതിരോധതാരം റുഗാനിക്കായും ആഴ്‌സണൽ രംഗത്ത് എത്തിയിരുന്നു. വോൾവ്സും റുഗാനിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒപ്പം ജർമ്മൻ ക്ലബ് ആർ.ബി ലെപ്സിഗിന്റെ യുവ ഫ്രാൻസ് പ്രതിരോധനിര താരം ഡയോട്ട് ഉപമെക്കാനോക്കായും ആഴ്സണൽ ശ്രമിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇതൊക്കെ വെറും ഊഹാപോഹങ്ങൾ ആവുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ട്. എന്നാൽ പ്രതിരോധം ശക്തമാക്കേണ്ടത് നിലനിൽപ്പിന്റെ പ്രശ്നമായതിൽ തന്നെ എന്ത് വില കൊടുത്തും ഒന്നോ അല്ലെങ്കിൽ രണ്ട് പ്രതിരോധനിരക്കാരെ ആഴ്സണൽ ടീമിലെത്തിക്കും എന്ന സൂചനകൾ സജീവം തന്നെയാണ്. ഒപ്പം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ക്ലബിൽ വലിയ അവസരങ്ങൾ ഒന്നുമില്ലാതെ ടീമിനൊപ്പം തുടരുന്ന കാർൽ ജെങ്കിൻസൻ ഒക്കെ ക്ലബിന്റെ പുറത്തോട്ടുള്ള വഴിയിൽ ആണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.