വിംബിൾഡൺ മൂന്നാം റൗണ്ടിൽ യുവ അമേരിക്കൻ താരവും 31 സീഡുമായ ടൈയിലർ ഫ്രിറ്റ്സിനെ മറികടന്നു നാലാം സീഡ് അലക്‌സാണ്ടർ സാഷ സെരവ് നാലാം റൗണ്ടിലേക്ക് മുന്നേറി. രണ്ടു ടൈബ്രേക്കറുകൾ കണ്ട നാലു സെറ്റ് പോരാട്ടത്തിൽ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ട ശേഷമാണ് സാഷ തിരിച്ചു വന്നു ജയം കണ്ടത്. രണ്ടാം സെറ്റ് 6-4 നും മൂന്നാം സെറ്റ് 6-3 നും നേടി തിരിച്ചടിച്ച സാഷ നാലാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. ഫ്രിറ്റ്സ് 13 ഏസുകൾ അടിച്ച മത്സരത്തിൽ 18 ഏസുകൾ ആണ് സാഷ അടിച്ചത്. നാലാം റൗണ്ടിൽ മികച്ച ഫോമിലുള്ള സാഷ 16 സീഡ് കനേഡിയൻ യുവ താരം ഫെലിക്‌സ് ആഗർ അലിയാസ്‌മെയെ ആണ് നേരിടുക. മൂന്നാം റൗണ്ടിൽ ഓസ്‌ട്രേലിയൻ താരം നിക് ക്യൂരിയോസ് പരിക്കേറ്റു പിന്മാറിയതോടെയാണ് ആദ്യമായി ഫെലിക്‌സ് വിംബിൾഡൺ അവസാന പതിനാറിൽ എത്തിയത്.
6-2 നു നിക് ആദ്യ സെറ്റും 6-1 നു ഫെലിക്‌സ് രണ്ടാം സെറ്റും നേടിയ മത്സരത്തിൽ മൂന്നാം സെറ്റിലാണ് നിക് പരിക്ക് കാരണം മത്സരത്തിൽ നിന്നു പിന്മാറിയത്. അതേസമയം ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനി മൂന്നാം റൗണ്ടിൽ ബഡനെക്ക് മേൽ ഏകപക്ഷീയമായ ജയവുമായി നാലാം റൗണ്ടിൽ എത്തി. ഇത് വരെ ഒരു സെറ്റ് പോലും കൈവിടാതെ നാലാം റൗണ്ടിൽ എത്തിയ ഇറ്റാലിയൻ ഒന്നാം നമ്പർ 6-4, 6-4, 6-4 എന്ന സ്കോറിന് ആണ് എതിരാളിക്ക് മേൽ ജയം കണ്ടത്. മത്സരത്തിൽ 20 ഏസുകൾ ഉതിർത്ത ഇറ്റാലിയൻ താരം ഓരോ സെറ്റിലും നിർണായക ബ്രൈക്കും കണ്ടത്തി. അതേസമയം ഓസ്‌ട്രേലിയൻ താരം ജോർദൻ തോംപ്സനെ സമാനമായ സ്കോറിന് തകർത്തു വരുന്ന ഇലിയ ഇവഷ്കയാണ് നാലാം റൗണ്ടിൽ ബരെറ്റിനിയുടെ എതിരാളി.