നാലാം റൗണ്ടിൽ പോരാട്ടം ഫ്രഞ്ച് ഓപ്പൺ ജേതാക്കൾ തമ്മിൽ, ബാർട്ടിക്ക് ക്രജികോവ എതിരാളി

Collagemaker 20210704 035350559

വിംബിൾഡൺ നാലാം റൗണ്ടിൽ മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും ഒന്നാം സീഡും ആയ ആഷ് ബാർട്ടിയും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും പതിനാലാം സീഡും ആയ ബാർബറ ക്രജികോവയും തമ്മിൽ ഏറ്റുമുട്ടും. ഒന്നാം സീഡ് ആയ ഓസ്‌ട്രേലിയൻ താരം ബാർട്ടി ക്രജികോവയുടെ ഡബിൾസ്‌ പങ്കാളിയായ ചെക് താരം കതറീന സിനിയകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. തന്റെ ആദ്യ വിംബിൾഡൺ ലക്ഷ്യം വക്കുന്ന ബാർട്ടി 6-3, 7-5 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. ആറു ഏസുകൾ മത്സരത്തിൽ ഉതിർത്ത ബാർട്ടി 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ നാലു തവണ ബ്രൈക്ക് ചെയ്തു.

അതേസമയം അതസ്തയേഷ സെവസ്റ്റോവയിൽ നിന്നു കടുത്ത പോരാട്ടം ആണ് ക്രജികോവ നേരിട്ടത്. മൂന്നു സെറ്റ് പോരാട്ടം കണ്ട മത്സരത്തിൽ ഇരുതാരങ്ങളും നാലു വീതം ഏസുകളും 4 വീതം ബ്രൈക്ക് പോയിന്റുകളും നേടി. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ ടൈബ്രേക്കറിൽ ഉജ്ജ്വലമായി കളിച്ച ക്രജികോവ സെറ്റ് കയ്യിലാക്കി മുന്നിലെത്തി. എന്നാൽ രണ്ടാം സെറ്റിൽ അടിപതറിയ ചെക് റിപ്പബ്ലിക് താരം സെറ്റ് 6-3 നു കൈവിട്ടതോടെ മത്സരം മൂന്നാം സെറ്റിലേക്ക് നീണ്ടു. കടുത്ത പോരാട്ടം കണ്ട മൂന്നാം സെറ്റിൽ എതിരാളിയുടെ അവസാന സർവീസിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ക്രജികോവ സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ക്വാർട്ടർ ഫൈനലിൽ എത്താൻ വമ്പൻ പോരാട്ടം തന്നെയാവും ബാർട്ടിയും ക്രജികോവയും തമ്മിൽ നടക്കുക.