വിംബിൾഡണിൽ വമ്പൻ അട്ടിമറികൾ, എമ്മയും കോണ്ടവെയിറ്റും മുഗുരുസയും അടക്കമുള്ള പ്രമുഖർ പുറത്ത്

വിംബിൾഡൺ വനിത വിഭാഗത്തിൽ മൂന്നാം ദിനം വമ്പൻ അട്ടിമറികൾ. വിംബിൾഡണിൽ രണ്ടാം റൗണ്ടിൽ പുറത്തായി പത്താം സീഡും യു.എസ് ഓപ്പൺ ജേതാവും ആയ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു. സെന്റർ കോർട്ടിൽ നടന്ന മത്സരത്തിൽ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കരോളിന ഗാർസിയ ആണ് എമ്മയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്. അത്ര മികച്ച ഫോമിൽ അല്ലാത്ത ഫ്രഞ്ച് താരത്തിന് എതിരെ 6-3, 6-3 എന്ന സ്കോറിന് എമ്മ പരാജയം സമ്മതിക്കുക ആയിരുന്നു. 2 തവണ ബ്രൈക്ക് വഴങ്ങിയ മുൻ ലോക പത്താം നമ്പർ ആയ ഗാർസിയ 5 തവണയാണ് എമ്മയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. യു.എസ് ഓപ്പൺ കിരീട നേട്ടത്തിന് ശേഷം ആ മികവിലേക്ക് ഉയരാൻ എമ്മക്ക് ഇത് വരെ ആയിട്ടില്ല. രണ്ടാം സീഡ് എസ്റ്റോണിയൻ താരം അന്നറ്റ് കോണ്ടവെയിറ്റും രണ്ടാം റൗണ്ടിൽ പുറത്തായി. സീഡ് ചെയ്യാത്ത ജർമ്മൻ താരം ജൂൾ നയിമെയിറിനു എതിരെ 6-4, 6-0 എന്ന സ്കോറിന് ആണ് കോണ്ടവെയിറ്റ് പരാജയം സമ്മാനിച്ചത്. നാലു തവണ എസ്റ്റോണിയൻ താരത്തിന്റെ സർവീസ് ജർമ്മൻ താരം ബ്രൈക്ക് ചെയ്തു.

Screenshot 20220630 000154

ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസയും രണ്ടാം റൗണ്ടിൽ പുറത്തായി. ബെൽജിയം താരം ഗ്രീറ്റ് മിനനിനു എതിരെ 6-4, 6-0 എന്ന നേരിട്ടുള്ള സ്കോറിന് മുഗുരുസ പരാജയം സമ്മതിക്കുക ആയിരുന്നു. 1 തവണ ബ്രൈക്ക് കണ്ടത്തിയ മുഗുരുസ 5 തവണ ബ്രൈക്ക് വഴങ്ങുക ആയിരുന്നു. അതേസമയം നാട്ടുകാരിയായ തെരേസ മാർട്ടിൻകോവയെ 7-6, 7-5 എന്ന സ്കോറിന് തോൽപ്പിച്ചു ആറാം സീഡും ചെക് താരവും ആയ കരോളിന പ്ലിസ്കോവ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഡോണ വെകിച്ചിനെ 6-3, 7-6 എന്ന സ്കോറിന് വീഴ്ത്തി എട്ടാം സീഡും അമേരിക്കൻ താരവും ആയ ജെസിക്ക പെഗ്യുലയും മൂന്നാം റൗണ്ടിൽ എത്തി. യനിന വിക്മയറിനെ 6-2, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തകർത്തു 12 സീഡ് യേലേന ഒസ്റ്റപെൻകോയും മാഗ്ദ ലിനറ്റയെ 6-3, 6-3 എന്ന സ്കോറിന് തകർത്തു മുൻ ജേതാവും പതിനഞ്ചാം സീഡും ആയ ആഞ്ചലി കെർബറും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.