ഡീപെയ്ക്ക് വേണ്ടിയും ഓഫറുകൾ കേൾക്കാൻ സന്നദ്ധരായി ബാഴ്‌സ

ലിയോണിൽ നിന്നും കരാർ അവസാനിച്ച ശേഷം കോമാന്റെ പ്രത്യേക താൽപര്യ പ്രകാരം ബാഴ്‌സ ടീമിലെത്തിച്ചതായിരുന്നു മെംഫിസ് ഡീപെയെ. കോമാൻ സീസണിന് ഇടക്ക് വെച്ചു ടീം വിട്ടെങ്കിലും ടീമിനായി നല്ല പ്രകടനം തന്നെയായിരുന്നു ഡീപെയ് നടത്തിയിരുന്നത്. 12 ഗോളുകളും ടീമിനായി നേടി.എന്നാൽ രണ്ടു വർഷത്തെ കരാറിൽ ടീമിൽ എത്തിയ താരത്തിന്റെ പുതിയ കരാർ ചർച്ചകൾ ഇപ്പോൾ എങ്ങുമെത്താതെ നിൽക്കുകയാണ്.

മറ്റ് ടീമുകളിൽ നിന്നും മികച്ച ഓഫറുകൾ ഉണ്ടായിട്ടും കുറഞ്ഞ സാലറിയിൽ ബാഴ്‌സയിൽ എത്തിയ ഡീപെയ്ക്ക് തുടർന്നും ടീമിന്റെ ഭാഗമായി തുടരാൻ തന്നെയാണ് താല്പര്യം.താരം ബാഴ്‌സയിൽ പൂർണമായും സന്തോഷവാനാണ്. കോച്ച് സാവിയും താരത്തിൽ സംതൃപ്തനാണ്. എന്നാൽ മികച്ച ഓഫറുകളുമായി ക്ലബ്ബുകൾ സമീപിക്കുന്ന പക്ഷം താരത്തെ കൈമാറാൻ ബാഴ്‌സ സന്നദ്ധമായേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അടുത്ത വർഷത്തോടെ കരാർ അവസാനിക്കുന്ന താരത്തിന് വേണ്ടി ഇതുവരെ ബാഴ്‌സ പുതിയ കരാർ ഒന്നും സമർപ്പിച്ചിട്ടില്ല. താരകൈമാറ്റത്തിലൂടെ ടീമിനായി കൂടുതൽ തുക സമാഹരിക്കാൻ കഴിയുന്ന ചുരുക്കം താരങ്ങളിൽ ഒരാളായാണ് ഡീപെയെ ടീം കാണുന്നത്. എങ്കിലും ഉദ്ദേശിച്ച തുക ലഭിച്ചില്ലെങ്കിൽ ഡച്ച് താരത്തെ കൈമാറാൻ ബാഴ്‌സ തയ്യാറാവുകയും ഇല്ല. ടീമിൽ തുടർന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്ന പക്ഷം കരാർ നീട്ടി കൊടുക്കാനും ബാഴ്‌സക്ക് ബുദ്ധിമുട്ടുണ്ടാവില്ല. നിലവിൽ ഒരു ടീമും ഔദ്യോഗികമായി ഡീപെയ്ക്ക് വേണ്ടി ബാഴ്‌സയെ സമീപിച്ചിട്ടില്ല.

താരത്തിന്റെ ഏജന്റും ബാഴ്‌സയും തമ്മിൽ സംസാരിച്ചിരുന്നു എങ്കിലും കരാർ നീട്ടി കൊടുക്കുന്നത് സംബന്ധിച്ച് യാതൊരു തുടർ ചർച്ചകളും ഉണ്ടായില്ലെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.