അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡ് സബലങ്ക

Wasim Akram

വിംബിൾഡണിൽ ആദ്യ മത്സരത്തിൽ അനായാസ ജയവുമായി രണ്ടാം സീഡ് ബെലാറസ് താരം ആര്യാന സബലങ്ക. സീഡ് ചെയ്യാത്ത റൊമാനിയൻ താരം മോണിക നിക്ലൈസ്കുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തകർത്തത്. മത്സരത്തിൽ ആദ്യ സെറ്റിൽ വെറും 18 മിനിറ്റുകൾക്ക് അകം 5-0 നു മുന്നിലെത്തിയ സബലങ്ക സെറ്റ് 6-1 നു പെട്ടെന്ന് നേടി മത്സരത്തിൽ ആധിപത്യം പിടിച്ചു.

രണ്ടാം സെറ്റിൽ കൂടുതൽ പൊരുതിയ റൊമാനിയൻ താരത്തിന് പക്ഷെ 6-3 നു സെറ്റ് അടിയറവ് പറയേണ്ടി വന്നു മത്സരം കൈവിടേണ്ടി വന്നു. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് സബലങ്ക എതിരാളിയെ ബ്രൈക്ക് ചെയ്തത്. നിലവിലെ ജേതാവ് ആയ സിമോണ ഹാലപ്പ്, നയോമി ഒസാക്ക എന്നിവർ പിന്മാറിയതോടെ രണ്ടാം സീഡ് ആയ ലോക നാലാം നമ്പർ താരത്തിന് മികച്ച അവസരം ആണ് ഈ വിംബിൾഡൺ.