അമേരിക്കൻ താരം ടെന്നിസ് സാൻഡ്ഗ്രനെ 70 മിനിറ്റിനുള്ളിൽ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ജർമ്മൻ താരവും നാലാം സീഡും ആയ അലക്‌സാണ്ടർ സാഷ സെരവ്. ആദ്യ മത്സരത്തിൽ എന്ന പോലെ വലിയ ആത്മവിശ്വാസം കളത്തിൽ പ്രകടമാക്കിയ സാഷ ആധികാരിക പ്രകടനം ആണ് പുറത്ത് എടുത്തത്. 13 ഏസുകൾ അടിച്ച സാഷ 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ആദ്യ സെറ്റിൽ ചെറിയ വെല്ലുവിളി നേരിട്ടെങ്കിലും 7-5 നു സെറ്റ് നേടിയ സാഷ 6-2, 6-3 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. മൂന്നാം റൗണ്ടിൽ 31 സീഡ് അമേരിക്കൻ താരം ടൈയിലർ ഫ്രിറ്റ്സ് ആണ് സാഷയുടെ എതിരാളി. അതേസമയം 18 സീഡ് ഗ്രിഗോർ ദിമിത്രോവിനെ അലക്‌സാണ്ടർ ബുബ്‌ലിക് അട്ടിമറിച്ചു. രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ 6-4, 7-6, 7-6 എന്ന സ്കോറിന് ആയിരുന്നു ദിമിത്രോവിന്റെ പരാജയം.
സീഡ് ചെയ്യാത്ത സ്പാനിഷ് താരം പെട്രൊ മാർട്ടിനസ് ആണ് 13 സീഡ് ഫ്രഞ്ച് താരം ഗയൽ മോൻഫിൽസിനെ അട്ടിമറിച്ചത്. നാലാം സെറ്റിൽ ടൈബ്രേക്കർ കണ്ട മത്സരത്തിൽ 6-3, 6-4, 4-6, 7-6 എന്ന സ്കോറിന് ആയിരുന്നു മോൻഫിൽസിന്റെ പരാജയം. മോൻഫിൽസിന്റെ പങ്കാളി എലീന സ്വിറ്റോലീനയും ഇന്ന് വിംബിൾഡൺ രണ്ടാം റൗണ്ടിൽ നിന്നു പുറത്ത് പോയിരുന്നു. സ്വീഡിഷ് താരം മൈക്കൾ യെമറിന്റെ വെല്ലുവിളി അതിജീവിച്ച 16 സീഡ് ഫെലിക്‌സ് ആഗർ അലിയാസ്മെയും മൂന്നാം റൗണ്ടിൽ എത്തി. 6-4, 4-6, 7-6, 6-1 എന്ന സ്കോറിന് നാലു സെറ്റ് പോരാട്ടത്തിൽ ആണ് കനേഡിയൻ യുവതാരം ജയം കണ്ടത്. പോളണ്ടിന്റെ 14 സീഡ് ഉമ്പർട്ട് ഹുർകാസ്, 17 സീഡ് ക്രിസ്റ്റ്യൻ ഗാരൻ, 23 സീഡ് ഫ്രഞ്ച് താരം ലോറൻസോ സൊനെഗ എന്നിവരും മൂന്നാം റൗണ്ടിൽ എത്തി.