കരിയറിൽ ആദ്യമായി വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറി അഞ്ചാം സീഡ് റഷ്യൻ യുവ താരം ആന്ദ്ര റൂബ്ലേവ്. പരിചയസമ്പന്നനായ ഇറ്റാലിയൻ താരവും 26 സീഡും ആയ ഫാബിയോ ഫോഗ്നിനിയെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയാണ് റൂബ്ലേവ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. നാലാം റൗണ്ടിൽ ഷ്വാർട്ട്സ്മാനെ അട്ടിമറിച്ചു വരുന്ന ഫുസ്കോവിക്സ് ആണ് റൂബ്ലേവിന്റെ എതിരാളി. ആദ്യ സെറ്റ് 6-3 നു അനായാസം നേടിയ റൂബ്ലേവ് പക്ഷെ രണ്ടാം സെറ്റ് 7-5 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റ് 6-4 നു നേടി തിരിച്ചു വന്ന റൂബ്ലേവ് നാലാം സെറ്റിൽ കൂടുതൽ ആധികാരികമായി സെറ്റ് 6-2 ജയിച്ചു മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത റഷ്യൻ താരം 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.
ജർമ്മൻ താരം ഡൊമിനിക് കോപ്ഫറെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് എട്ടാം സീഡ് സ്പാനിഷ് താരം ബാറ്റിസ്റ്റ റോബർട്ടോ അഗ്യുറ്റ് മൂന്നാം റൗണ്ടിൽ മറികടന്നത്. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ 5 തവണയാണ് സ്പാനിഷ് താരം ബ്രൈക്ക് വഴങ്ങിയത്. എന്നാൽ എട്ട് തവണ ബ്രൈക്ക് കണ്ടത്താൻ അഗ്യുറ്റിന് ആയി. ആദ്യ സെറ്റ് പോരാട്ടത്തിനു ഒടുവിൽ 7-5 നു ജയിച്ച അഗ്യുറ്റ് രണ്ടാം സെറ്റ് ആധികാരികമായി 6-1 നു നേടി. എന്നാൽ മൂന്നാം സെറ്റിൽ മത്സരത്തിൽ തുടരാൻ കടുത്ത പോരാട്ടം ആണ് ജർമ്മൻ താരം നടത്തിയത്. എന്നാൽ ടൈബ്രേക്കറിലൂടെ അഗ്യുറ്റ് സെറ്റ് കയ്യിലാക്കി നാലാം റൗണ്ടിലേക്ക് മുന്നേറി. നാലാം റൗണ്ടിൽ മറെയെ വീഴ്ത്തി വരുന്ന പത്താം സീഡ് ഡെന്നിസ് ഷപവലോവ് ആണ് അഗ്യുറ്റിന്റെ എതിരാളി.