മിക്സഡ് ഡബിൾസിൽ വീനസ്-നിക് സഖ്യം രണ്ടാം റൗണ്ടിൽ, ദിവിജ് ശരൺ സഖ്യവും രണ്ടാം റൗണ്ടിൽ

20210703 011907

വിംബിൾഡൺ മിക്സഡ് ഡബിൾസിൽ ആരാധകർ കാത്തിരുന്ന മത്സരത്തിൽ ജയം കണ്ടു ഇതിഹാസ താരം വീനസ് വില്യംസും ഓസ്‌ട്രേലിയൻ വിവാദ നായകൻ നിക് ക്യൂരിയോസും അടങ്ങിയ സഖ്യം. അമേരിക്കൻ സഖ്യം ആയ ഓസ്റ്റിൻ – സബ്‌റിന സഖ്യത്തെയാണ് അമേരിക്കൻ, ഓസ്‌ട്രേലിയൻ സഖ്യം മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയത്. മത്സരം തുടങ്ങിയത് മുതൽ ആരാധകരെ രസിപ്പിക്കാൻ മറക്കാതിരുന്ന ക്യൂരിയോസിനൊപ്പം വീനസ് മത്സരം ആസ്വദിച്ചു. ആദ്യ സെറ്റ് 6-3 നു വീനസ് – നിക് സഖ്യം നേടി. എന്നാൽ 6-3 നു രണ്ടാം സെറ്റ് കൈവിട്ടതോടെ മത്സരം മൂന്നാം സെറ്റിലേക്ക്. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടത്തിൽ ഒടുവിൽ 7-5 നു സെറ്റ് നേടി വീനസ്-നിക് സഖ്യം രണ്ടാം റൗണ്ട് ഉറപ്പിച്ചു.

മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ഇന്ത്യൻ താരം ദിവിജ് ശരണും ബ്രിട്ടീഷ് താരം സമാന്ത മറെയും അടങ്ങിയ സഖ്യം ആദ്യ റൗണ്ടിൽ ജയം കണ്ടത്. ഏരിയൽ ബെഹർ, ഗലിന സഖ്യത്തിന് എതിരെ ഇന്ത്യാ-ബ്രിട്ടീഷ് സഖ്യം ആദ്യ സെറ്റ് 6-3 നു നേടി. എന്നാൽ കടുത്ത പോരാട്ടത്തിൽ രണ്ടാം സെറ്റ് 7-5 നു നഷ്ടമായി. എന്നാൽ മൂന്നാം സെറ്റ് 6-4 നു നേടി ദിവിജ് ശരൺ സഖ്യം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം വനിത വിഭാഗത്തിൽ 13 സീഡ് ബെൽജിയം താരം എൽസി മെർട്ടൻസിനെ 23 സീഡ് അമേരിക്കൻ താരം മാഡിസൺ കീയ്സ് അട്ടിമറിച്ചു. 7-5, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു അമേരിക്കൻ താരത്തിന്റെ ജയം.

Previous articleഫോഗ്നിനിയെ വീഴ്‌ത്തി റൂബ്ലേവ് ആദ്യമായി വിംബിൾഡൺ നാലാം റൗണ്ടിൽ, അഗ്യുറ്റും മുന്നോട്ട്
Next articleബുകായോ സാകയ്ക്ക് പരിക്ക്, ഇന്ന് കളിക്കാൻ സാധ്യതയില്ല