ലോകത്തിലെ ഏറ്റവും മനോഹരവും ചരിത്ര പ്രാധാന്യവും ഉള്ള ടെന്നീസ് ടൂർണമെന്റ് ആയ വിംബിൾഡണിനു ഇന്ന് തുടക്കം. നീണ്ട 23 വർഷങ്ങൾക്ക് ശേഷം റോജർ ഫെഡറർ ഇല്ലാതെയാണ് വിംബിൾഡൺ മത്സരങ്ങൾ നടക്കുന്നത്. ഒപ്പം ഉക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ റഷ്യൻ, ബെലാറസ് താരങ്ങൾക്ക് വിലക്കും ടൂർണമെന്റിൽ ഉണ്ട്. ഇതിനാൽ തന്നെ എ.ടി.പി, ഡബ്യു.ടി.എ എന്നിവർ റാങ്കിങ് പോയിന്റുകൾ വിംബിൾഡണിൽ അനുവദിക്കുന്നില്ല.
എങ്കിലും പുരുഷ വിഭാഗത്തിൽ നൊവാക് ജ്യോക്കോവിച്, റാഫേൽ നദാൽ, ആന്റി മറെ എന്നീ ഇതിഹാസ താരങ്ങളുടെ സാന്നിധ്യവും വനിത വിഭാഗത്തിൽ ഇതിഹാസ താരം സെറീന വില്യംസിന്റെ തിരിച്ചു വരവും വിംബിൾഡണിനു മാറ്റ് കൂട്ടുന്നുണ്ട്. എന്നാൽ ആദ്യ ദിനം രാവിലത്തെ സെക്ഷനിന് തുടക്കം ആയ ശേഷം ആണ് മഴ മത്സരങ്ങൾ തടസ്സപ്പെടുത്തിയത്. മഴ മാറിയ ശേഷം മത്സരങ്ങൾ ഉടൻ തുടങ്ങും എന്ന പ്രതീക്ഷ ആണ് ആരാധകർക്ക് നിലവിൽ ഉള്ളത്.