വിംബിൾഡണിൽ അമേരിക്കയുടെ 23 സീഡ് ഫ്രാൻസസ് ടിയഫോയെ 5 സെറ്റ് ത്രില്ലറിൽ വീഴ്ത്തി സീഡ് ചെയ്യാത്ത ബെൽജിയം താരം ഡേവിഡ് ഗോഫിൻ ക്വാർട്ടർ ഫൈനലിൽ. അതുഗ്രൻ പോരാട്ടം കണ്ട മത്സരത്തിൽ മികച്ച പോരാട്ട വീര്യം ആണ് ഇരു താരങ്ങളും നാലു മണിക്കൂർ 36 മിനിറ്റുകൾ നീണ്ട മാരത്തോണിൽ പുറത്ത് എടുത്തത്. മത്സരത്തിൽ ഗോഫിൻ 18 ഏസുകൾ ഉതിർത്തപ്പോൾ 16 ഏസുകൾ ആണ് ടിയഫോ അടിച്ചത്. അതേസമയം ഇരു താരങ്ങളും 6 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു. ആദ്യ സെറ്റ് ടൈബ്രൈക്കറിലൂടെ ഗോഫിൻ സ്വന്തമാക്കിയപ്പോൾ അമേരിക്കൻ താരം തിരിച്ചു അടിക്കുന്നത് ആണ് പിന്നീട് കണ്ടത്.
രണ്ടും മൂന്നും സെറ്റുകളിൽ ഗോഫിന്റെ അവസാന സർവീസിൽ നിർണായക ബ്രൈക്ക് നേടിയ ടിയഫോ ഇരു സെറ്റുകളും 7-5, 7-5 എന്ന സ്കോറിന് നേടി മത്സരത്തിൽ മുൻതൂക്കം നേടി. നാലാം സെറ്റിൽ കടുത്ത സമ്മർദ്ദം ആണ് ഗോഫിൻ അതിജീവിച്ചത്. 2 തവണ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു ടിയഫോയിൽ നിന്നു മത്സരം തട്ടിയെടുത്തു ഗോഫിൻ. ബ്രൈക്ക് വഴങ്ങിയിരുന്നു എങ്കിൽ ടിയഫോ മത്സരത്തിന് ആയി സർവീസ് ചെയ്യുമായിരുന്നു. ഒടുവിൽ ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടിയ ഗോഫിൻ മത്സരം അഞ്ചാം സെറ്റിലേക്കും നീട്ടി. അഞ്ചാം സെറ്റിലും കടുത്ത പോരാട്ടം ആണ് ഇരു താരങ്ങളിൽ നിന്നും ഉണ്ടായത്. ഒടുവിൽ അമേരിക്കൻ താരത്തിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത ഗോഫിൻ സെറ്റ് 7-5 നു നേടി മാരത്തോൺ പോരാട്ടം ജയിക്കുക ആയിരുന്നു. 2022 ലെ ഏറ്റവും നീളം ഏറിയ മത്സരം ആണ് ഇത്. ഇത് കരിയറിൽ രണ്ടാം തവണയാണ് ഡേവിഡ് ഗോഫിൻ വിംബിൾഡൺ അവസാന എട്ടിൽ എത്തുന്നത്.