2017 ൽ ആന്റി മറെ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയതിനു ശേഷം ആദ്യമായി ആ നേട്ടം കൈവരിച്ച ബ്രിട്ടീഷ് താരമായി ഒമ്പതാം സീഡ് കാമറൂൺ നോറി. ഓപ്പൺ യുഗത്തിൽ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന അഞ്ചാമത്തെ ബ്രിട്ടീഷ് താരമായി ഇതോടെ നോറി. മുപ്പതാം സീഡ് ആയ അമേരിക്കൻ താരം ടോമി പോളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് നോറി ബ്രിട്ടീഷ് പ്രതീക്ഷ കാത്തത്. മത്സരത്തിൽ ഉടനീളം ബ്രിട്ടീഷ് താരം ആധിപത്യം പുലർത്തി.
ആദ്യ സെറ്റ് 6-4 നു നേടിയ നോറി രണ്ടാം സെറ്റിൽ പക്ഷെ കുറച്ചു കൂടി പോരാട്ടം നേരിട്ടു. എന്നാൽ സെറ്റ് 7-5 നു നേടിയ ബ്രിട്ടീഷ് താരം മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. തുടർന്ന് മൂന്നാം സെറ്റ് 6-4 നു നേടിയ ബ്രിട്ടീഷ് താരം അവസാന എട്ടിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ ഒരിക്കൽ ബ്രൈക്ക് വഴങ്ങിയെങ്കിലും നാലു തവണയാണ് എതിരാളിയെ നോറി ബ്രൈക്ക് ചെയ്തത്. ക്വാർട്ടർ ഫൈനലിൽ ബെൽജിയം താരം ഡേവിഡ് ഗോഫിൻ ആണ് ആദ്യ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ കളിക്കുന്ന നോറിയുടെ എതിരാളി.