വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ കനേഡിയൻ യുവതാരം 16 സീഡ് ഫെലിക്‌സ് ആഗർ അലിയാസ്‌മെയെ മറികടന്നു ഏഴാം സീഡ് മറ്റെയോ ബെരെറ്റിനി സെമിഫൈനലിൽ എത്തി. നാലു സെറ്റ് പോരാട്ടത്തിനു ഒടുവിലാണ് ഇറ്റാലിയൻ ഒന്നാം നമ്പർ ആയ ബെരെറ്റിനി തന്റെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറിയത്. താരത്തിന്റെ രണ്ടാമത്തെ മാത്രം ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ആണിത്. പുൽ മൈതാനത്ത് തുടർച്ചയായ പത്താം ജയം ആണ് ഇറ്റാലിയൻ താരത്തിന് ഇത്. ഫെലിക്‌സ് 13 ഏസുകൾ അടിച്ച മത്സരത്തിൽ 12 ഏസുകൾ ആയിരുന്നു ബെരെറ്റിനിയുടെ മറുപടി. ലഭിച്ച 12 ബ്രൈക്ക് പോയിന്റുകളിൽ 3 എണ്ണം മാത്രമാണ് ഫെലിക്‌സിന് മുതലാക്കാൻ ആയത് അതേസമയം ലഭിച്ച 14 ബ്രൈക്ക് പോയിന്റുകളിൽ 6 എണ്ണം ഇറ്റാലിയൻ താരം പോയിന്റുകൾ ആക്കി.
ആദ്യ സെറ്റ് നിർണായക ബ്രൈക്ക് കണ്ടത്തിയ ബെരെറ്റിനി സെറ്റ് 6-3 നു നേടി മത്സരത്തിൽ ആധിപത്യം നേടി. കടുത്ത പോരാട്ടം ആണ് രണ്ടും മൂന്നും സെറ്റുകളിൽ കണ്ടത്. രണ്ടാം സെറ്റ് 7-5 നു ഫെലിക്‌സ് നേടിയപ്പോൾ 7-5 നു തന്നെ മൂന്നാം സെറ്റ് നേടി ബെരെറ്റിനി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. അവസാന സെറ്റിൽ ഫെലിക്‌സിന്റെ ആദ്യത്തെ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ബെരെറ്റിനി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. തുടർന്ന് സർവീസുകൾ നിലനിർത്തിയ ഇറ്റാലിയൻ താരം സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. സെമിഫൈനലിൽ സാക്ഷാൽ റോജർ ഫെഡററെ അട്ടിമറിച്ചു ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ കളിക്കാൻ വരുന്ന 14 സീഡ് പോളണ്ട് താരം ഉമ്പർട്ട് ഹുർകാഷ് ആണ് ബെരെറ്റിനിയുടെ എതിരാളി.