വിംബിൾഡൺ രണ്ടാം റൗണ്ടിൽ അനായാസ ജയവും ആയി അഞ്ചാം സീഡ് സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ. ആദ്യ റൗണ്ടിനെക്കാൾ ഒരുപാട് മികച്ചു നിന്ന അൽകാരസ് അപകടകാരിയായ ടാലൻ ഗ്രീകസ്പൂരിനെ ആണ് നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തത്. 9 ഏസുകൾ മത്സരത്തിൽ ഉതിർത്ത അൽകാരസ് 3 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ആദ്യ സെറ്റ് 6-4 നു നേടിയ അൽകാരസ് രണ്ടാം സെറ്റ് ടൈബ്രൈക്കറിലൂടെ ആണ് നേടിയത്. തുടർന്ന് 6-3 നു മൂന്നാം സെറ്റും നേടിയ താരം മൂന്നാം റൗണ്ട് ഉറപ്പിച്ചു. കരിയറിൽ ആദ്യമായാണ് അൽകാരസ് വിംബിൾഡൺ മൂന്നാം റൗണ്ടിൽ എത്തുന്നത്. മൂന്നാം റൗണ്ടിൽ ഓസ്‌കാർ ഓട്ടയെ ആണ് അൽകാരസ് നേരിടുക.
സീഡ് ചെയ്യാത്ത സ്വീഡിഷ് താരം മിഖായേൽ യെമറിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് പത്താം സീഡ് ഇറ്റാലിയൻ താരം യാനിക് ഡിന്നർ രണ്ടാം റൗണ്ടിൽ മറികടന്നത്. 3 തവണ ബ്രൈക്ക് വഴങ്ങിയ സിന്നർ 6 തവണയാണ് എതിരാളിയുടെ സർവീസ് ഭേദിച്ചത്. ആദ്യ സെറ്റ് 6-4 നും രണ്ടാം സെറ്റ് 6-3 നും നേടിയ സിന്നർ പക്ഷെ മൂന്നാം സെറ്റ് 7-5 നു കൈവിട്ടു. എന്നാൽ നാലാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന സിന്നർ സെറ്റ് 6-2 നു ജയിച്ചു മൂന്നാം റൗണ്ട് ഉറപ്പിച്ചു. അട്ടിമറിയും ആയി വന്ന ഫോകിനയെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന ചെക് റിപ്പബ്ലിക് താരം ജിരി വെസ്ലിയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അഡ്രിയാൻ മന്നാരിയോയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയ അമേരിക്കൻ താരവും മുപ്പതാം സീഡും ആയ ടോമി പോളും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.