ഒരു പ്രവചനങ്ങൾക്കും ഇട നൽകുന്നില്ല എന്നത് തന്നെയാണ് വിംബിൾഡൺ വനിത വിഭാഗം മത്സരങ്ങളെ ഇത്തവണ കൂടുതൽ സുന്ദരമാക്കുന്നത്. സമീപകാലത്ത് സെറീന വില്യംസിന്റെ ആധിപത്യത്തിനുണ്ടായ മങ്ങൽ തന്നെയാണ് വനിത ടെന്നീസിലെ ഈ പുതിയ വിപ്ലവത്തിന്റെ പ്രധാനകാരണം. 2017 നു ശേഷം നടന്ന 10 ഗ്രാന്റ് സ്‌ലാമുകളിൽ 9 വ്യത്യസ്ത വിജയികളെയാണ് വനിത ടെന്നീസിൽ കണ്ടത്. ഇതിൽ 2 പ്രാവശ്യം ഗ്രാന്റ് സ്‌ലാം ഉയർത്താനായത് ജപ്പാന്റെ നയോമി ഒസാക്കക്ക് മാത്രം.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ പരാജയത്തിന് ശേഷം ടെന്നീസ് കളത്തിൽ ഇറങ്ങിയിട്ടില്ല എങ്കിലും ഒരാൾക്കും അമേരിക്കൻ താരവും ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ ടെന്നീസ് താരവുമായ സെറീന വില്യംസിനെ എഴുതി തള്ളാനാവില്ല പ്രത്യേകിച്ച് വിംബിൾഡൺ പുൽ മൈതാനത്ത്. 2018 യു.എസ് ഓപ്പൺ വിംബിൾഡൺ ഫൈനലുകളുടെ തോൽവിക്ക് പ്രതികാരം കാണാനാവും സെറീനയുടെ ശ്രമം. മാർഗരറ്റ് കോർട്ടിന്റെ സർവ്വകാല റെക്കോർഡ് ആയ 24 ഗ്രാന്റ് സ്‌ലാം എന്ന റെക്കോർഡ് ലക്ഷ്യമിടുന്ന സെറീനക്കു പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ല. 7 തവണ വിംബിൾഡൺ ജേതാവായ സെറീനക്കു സെമി പ്രവേശനം സാധ്യമാകണമെങ്കിൽ കറുപ്പമേറിയ എതിരാളികളെ ആദ്യ റൗണ്ടുകളിൽ മറികടക്കേണ്ടതുണ്ട്. നാലാം റൗണ്ടിൽ 2016,2018 വിംബിൾഡൺ ഫൈനലുകളുടെ ആവർത്തനമായ സെറീന – കെർബർ പോരാട്ടം വന്നേക്കും എന്നത് ആരാധകരെ ഇപ്പഴെ ആവേശത്തിലാക്കുന്നുണ്ട്. ഒപ്പം ഒന്നാം സീഡ് ആഷ്ലി ബാർട്ടിയാവും മിക്കവാറും സെറീനയുടെ ക്വാട്ടർ ഫൈനൽ എതിരാളി എന്നതും കാര്യങ്ങൾ ദുഷ്കരമാക്കുന്നുണ്ട്. എന്നാൽ സെറീന എല്ലാം മറികടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ലോകഒന്നാം നമ്പറും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവുമായ ഓസ്‌ട്രേലിയയുടെ ആഷ്ലി ബാർട്ടിയാണ് വനിതകളിൽ ഒന്നാം സീഡ്. 23 കാരിയായ ബാർട്ടി മികച്ച ഫോമിൽ തന്നെയാണ്. എന്നാൽ ഇത് വരെ മൂന്നാം റൗണ്ടിനപ്പുറം ബാർട്ടിക്ക് വിംബിൾഡനിൽ മുന്നേറാൻ ആയിട്ടില്ല. സെമിയിലെത്തണമെങ്കിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ഫ്രാൻസിന്റെ മുഗുരെസെ, നിലവിലെ വിംബിൾഡൺ ജേതാവും 5 സീഡുമായ ജർമ്മനിയുടെ ആഞ്ചലി കെർബർ, 23 ഗ്രാന്റ് സ്‌ലാം നേടിയ സെറീന വില്യംസ് എന്നിവരെ മറികടക്കണം എന്നത് കാര്യങ്ങൾ ആവേശകരമാക്കുന്നുണ്ട്. സെറീന, ബാർട്ടി, കെർബർ ഇവരിലാര് സെമിയിൽ എത്തുമെന്ന് കണ്ടു തന്നെ അറിയണം. ഇവർക്ക് സെമിയിൽ എതിരാളിയായി ആഥിതേയ താരം ജൊഹാന കോന്റ എത്തുമെന്നാണ് പ്രതീക്ഷ. 2 തവണ വിംബിൾഡൺ നേടിയ പെട്രോ ക്വിവിറ്റോവ പൂർണ്ണമായും ശാരീരികശമത വീണ്ടെടുക്കാത്തത് കോന്റക്കു മുൻതൂക്കം നൽകുന്നു. പരിക്കിനെ തുടർന്ന് ക്വിവിറ്റോവ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ 2017 ലെ വിംബിൾഡൺ സെമി പ്രവേശനം ആവർത്തിക്കാൻ കോന്റക്കു നാലാം സീഡ് കിക്കി ബെർട്ടൻസിനെ മറികടക്കേണ്ടതുണ്ട്.
തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന മൂന്നാം സീഡ് കരോലിന പ്ലിസ്കോവക്കു വിംബിൾഡൺ സെമിയിൽ എത്താൻ ഇതിലും വലിയ അവസരം കിട്ടാനില്ല എന്നു തന്നെ പറയാം. 4 മത്തെ റൗണ്ടിൽ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ സെമി കളിച്ച മാർക്കറ്റയെ നേരിട്ടേക്കാം എന്നതൊഴിച്ചാൽ താരതമ്യേന ദുർപാലരായ എതിരാളികൾ ആണ് പ്ലിസ്കോവക്കു ആദ്യ റൗണ്ടുകളിൽ. ഒന്നാം സീഡ് അല്ല എന്ന സമ്മർദ്ദമില്ലാതെ കളിക്കാം എന്നത് നയോമി ഒസാക്കക്ക് ഏറെ സാധ്യതകൾ നൽകുന്നു. എന്നാൽ രണ്ടാം സീഡായ ഒസാക്കക്ക് ആദ്യ റൗണ്ട് മുതൽ കടമ്പകൾ ഏറെയാണ്. ഒസാക്കയെ ഇപ്രാവശ്യത്തെ ബ്രിൻങിംഹാം ഓപ്പണിൽ തോൽപ്പിച്ച ലിയ പുറ്റ്നെറ്റ്സേവയാണ് ഒന്നാം റൗണ്ടിൽ ഒസാക്കയുടെ എതിരാളി. സിമോന ഹാലപ്പ്, വീനസ് വില്യംസ്, മാഡിസൺ കീയ്‌സ്, വിക്ടോറിയ അസരങ്ക, കരോലിന വോസിനിയാക്കി ഇങ്ങനെ പ്രമുഖരുടെ ഒരു നിരയെ തന്നെ മറികടന്നു വേണം ഒസാക്കക്ക് സെമിയിൽ എത്താൻ. ഒസാക്കക്ക് ഒപ്പം ഹാലപ്പ്, കീയ്‌സ് എന്നിവർക്കാണ് സെമിയിൽ എത്താൻ പലരും സാധ്യത കൽപ്പിക്കുന്നത്.
ആദ്യറൗണ്ടിൽ ചരിത്രം കാത്തിരിക്കുന്ന മത്സരം ഉണ്ടെന്നുള്ളതും വനിത വിഭാഗം വിംബിൾഡനെ ശ്രദ്ധേയമാകുന്നു. 5 തവണ വിംബിൾഡൺ ജേതാവായ വീനസ് വില്യംസ് ഓപ്പൺ ഇറയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ അമേരിക്കയുടെ തന്നെ ഭാവി സൂപ്പർ താരം എന്നറിയപ്പെടുന്ന കോരി ഗോഫിനെ നേരിടുമ്പോൾ തലമുറകൾ തമ്മിലുള്ള പോരാട്ടത്തിനാവും ഓൾ ഇംഗ്ലണ്ട് ക്ലബ് സാക്ഷ്യം വഹിക്കുക. സെറീന, കെർബർ ഇങ്ങനെ പരിചിത മുഖങ്ങളോ അല്ല ഏതെങ്കിലും പുതിയ മുഖമോ ആരാവും വിംബിൾഡൺ ഉയർത്തുക എന്നത് നാം ജൂലൈ 13 നറിയും. ആർക്കും പ്രവചിക്കാനാവാത്ത വിധം ആവേശകരമാവും വിംബിൾഡനിൽ വനിത വിഭാഗം എന്ന് ഉറപ്പാണ്.