ഞെട്ടിച്ച് തുടങ്ങിയ ഹാരിസിനെ പാഠം പഠിപ്പിച്ച് ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ

ഹാരിസിന് മുമ്പിൽ ആദ്യമൊന്ന് പകച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ഹാരിസിനെ തോൽപ്പിച്ച് റോജർ ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ഫെഡററിന്റെ ജയം. സെന്റർ കോർട്ടിൽ കളിക്കുന്നതിന്റേതോ ഫെഡററിന്റെ വലിപ്പമോ വകവെക്കാതെ കൂസലില്ലാതെയായിരുന്നു 87 റാങ്കുകാരൻ ഹാരിസ് കളി തുടങ്ങിയത്. ചെറിയ സമ്മർദ്ദം മുഖത്ത് പ്രകടമാക്കിയ ഫെഡറർ ആദ്യ സെറ്റിൽ ഒന്നിന് പിറകെ ഒന്നായി പിഴവുകൾ വരുത്തിയപ്പോൾ മികച്ച സർവ്വീസുകളുമായി ഹാരിസ് കളം നിറഞ്ഞു. ഫെഡററിന്റെ മൂന്നാം സർവ്വീസ് ബ്രൈക്ക് ചെയ്ത ഹാരിസ് 28 മിനിറ്റ് നീണ്ടു നിന്ന ആദ്യ സെറ്റ് പിടിച്ചു. ഹാരിസിന്റെ പ്രതിഭ ലോകവും ഫെഡററും കണ്ടു.

എന്നാൽ രണ്ടാം സെറ്റിൽ ഈ 37 വയസ്സിലും താൻ എന്തിനാണ് രണ്ടാം സീഡ് ആയിരിക്കുന്നത് എന്നു ലോകത്തിനും ഹാരിസിനും ഫെഡറർ കാണിച്ചു കൊടുക്കുകയായിരുന്നു. ഹാരിസിന്റെ രണ്ടും മൂന്നും സർവ്വീസുകൾ ബ്രൈക്ക് ചെയ്ത ഫെഡറർ രണ്ടാം സെറ്റിൽ പൂർണ്ണ ആധിപത്യം പ്രകടമാക്കി. രണ്ടാം സെറ്റിൽ മത്സരത്തിലേക്ക് തിരിച്ച് വന്ന ഫെഡറർ ഒന്നാം സെറ്റിന് രണ്ടാം സെറ്റ് 6-1 നു നേടി മറുപടി കൊടുത്തു. ആദ്യ സെറ്റിൽ നിന്ന് വ്യത്യസ്തമായി നന്നായി സർവ്വീസ് ചെയ്ത ഫെഡറർ 22 നീണ്ട രണ്ടാം സെറ്റിൽ ഹാരിസിനു ഒരവസരവും നൽകിയില്ല.

തന്റെ മികച്ച പ്രകടനം മൂന്നാം സെറ്റിലേക്കും ഫെഡറർ പകർന്നാടിയപ്പോൾ രണ്ടാം സെറ്റിൽ എന്ന പോലെ ഹാരിസിന്റെ രണ്ടാം സർവ്വീസ് ഫെഡറർ ബ്രൈക്ക് ചെയ്തു. ഹാരിസിനെ നിഷ്പ്രഭമാക്കുന്ന സർവ്വീസുകൾ ചെയ്‌ത ഫെഡറർ മികച്ച വിന്നറുകളും മനോഹര ഷോട്ടുകളുമായി കളം പിടിച്ചു. ഫെഡററിലെ പ്രതിഭ ഉയർന്നപ്പോൾ ഹാരിസിന്റെ യുവത്വം അതിനു മുന്നിൽ അക്ഷരാർത്ഥത്തിൽ പകച്ചു നിന്നു. 29 മിനിറ്റ് നീണ്ട മൂന്നാം സെറ്റിൽ ഒരിക്കൽ കൂടി ഹാരിസിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ 6-2 നു സെറ്റ് കയ്യിലാക്കി.

നാലാം സെറ്റിന് മുമ്പ് മെഡിക്കൽ ടൈംഔട്ട്‌ എടുത്ത ഹാരിസ് പിന്നീട് ഇടത് കാലിലെ വേദന വകവെക്കാതെയാണ് കളത്തിൽ ഇറങ്ങിയത്. എന്നാൽ ഈ ഇടവേള ഫെഡററിന്റെ താളത്തെ വലുതായൊന്നും ബാധിച്ചില്ല. നാലാം സെറ്റിലും ഹാരീസിന്റെ രണ്ടാം സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ ഒരു ഏസിലൂടെ 6-2 നു നാലാം സെറ്റും മത്സരവും കയ്യിലാക്കി. തുടക്കത്തിലെ ഞെട്ടൽ ഒഴിച്ച് നിർത്തിയാൽ വളരെ നല്ലൊരു പ്രകടനം തന്നെയാണ് ഫെഡററിൽ നിന്നുണ്ടായത്. എന്നാൽ ഈ പ്രകടനം മാത്രം മതിയോ മുന്നോട്ടുള്ള ഫെഡററിന്റെ പ്രയാണത്തിന് എന്നുള്ള ഉത്തരം ഉടനെ നമുക്ക്‌ ലഭിക്കും.

Previous article“മെസ്സിയെ തടയാൻ ആകില്ല” ബ്രസീൽ പരിശീലകൻ
Next articleഇന്ത്യയെ വിറപ്പിച്ച് മുഹമ്മദ് സൈഫുദ്ദീന്‍, രക്ഷകനായി വീണ്ടും ജസ്പ്രീത് ബുംറ, ഇന്ത്യ സെമിയില്‍ ബംഗ്ലാദേശ് പുറത്ത്