ലോക രണ്ടാം നമ്പർ താരമായ ജപ്പാന്റെ നയോമി ഒസാക്ക ഈ വർഷത്തെ വിംബിൾഡണിൽ നിന്നു പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ കുടുബതത്തോടും സുഹൃത്തുക്കളോടും കൂടുതൽ സമയം ചിലവഴിക്കുന്നതിനു വേണ്ടിയാണ് ഒസാക്കയുടെ പിന്മാറ്റം എന്നാണ് അവരുടെ ടീം അറിയിച്ചത്. അതേസമയം വിംബിൾഡൺ കളിക്കില്ലെങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സ് നാട്ടുകാർക്ക് മുന്നിൽ കളിക്കാൻ താരം ഭയങ്കര ആവേശത്തിൽ ആണെന്നും ഒളിമ്പിക്സ് കളിക്കും എന്നും അവർ അറിയിച്ചു.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ കളി കഴിഞ്ഞ ഉടനെ നൽകുന്ന വാർത്ത സമ്മേളത്തിൽ പങ്കെടുക്കില്ല എന്ന നിലപാട് എടുത്ത ഒസാക്ക ആദ്യം പിഴ ശിക്ഷ നേരിടുകയും പിന്നീട് ടൂർണമെന്റിൽ നിന്നു പിന്മാറുകയും ചെയ്തിരുന്നു. ജൂൺ 28 നു ആണ് വിംബിൾഡൺ തുടങ്ങുക അതേസമയം ഏതാണ്ട് ഒരു മാസത്തിനുള്ളിൽ ജൂലൈ 24 നു ഒളിമ്പിക്സ് കൂടി തുടങ്ങും. വിംബിൾഡൺ, ഒളിമ്പിക്സ് എന്നിവയിൽ നിന്നു നദാൽ പിന്മാറിയ വാർത്തക്ക് പിറകെയാണ് ഒസാക്കയുടെ വാർത്ത വരുന്നത്.