യു.എസ് ഓപ്പണിൽ ലോക ഒന്നാം നമ്പറും നിലവിലെ ജേതാവുമായ നൊവാക് ദ്യോക്കോവിച്ചിനു മികച്ച തുടക്കം. യുവ സ്പാനിഷ് താരം റോബർട്ടോ ബയേനയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത സെർബിയൻ താരം തന്റെ മികച്ച ഫോമിൽ തന്നെയായിരുന്നു ഇന്ന്. ആദ്യ സെറ്റിൽ സ്പാനിഷ് താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്ത് 6-4 നു സെറ്റ് സ്വന്തമാക്കിയ നൊവാക് രണ്ടാം സെറ്റിൽ തന്റെ വിശ്വരൂപം പൂണ്ടു. 6-1 നു രണ്ടാം സെറ്റ് നേടിയ താരം സീഡ് ചെയ്യാത്ത സ്പാനിഷ് താരത്തിന് മേൽ സമ്പൂർണ്ണ ആധിപത്യം നേടി. മൂന്നാം സെറ്റിൽ 6-4 നു ജയം കണ്ട നൊവാക് രണ്ടാം റൗണ്ടിലേക്ക് വേഗത്തിൽ മാർച്ച് ചെയ്തു.
സീഡ് ചെയ്യാത്ത ചൈനീസ് താരത്തിനെതിരെ വെറും ഓരൊറ്റ ഗെയിം മാത്രം വിട്ടുകൊടുത്തായിരുന്നു മുൻ ജേതാവ് വീനസ് വില്യംസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സെങ് സയിസയ്ക്കെതിരെ 6-1 നു ആദ്യ സെറ്റ് നേടിയ വീനസ് പലപ്പോഴും തന്റെ നല്ല ദിവസങ്ങളെ ഓർമ്മിപ്പിക്കുന്ന ഷോട്ടുകൾ ഉതിർത്തു. ഈ പ്രായത്തിലും ശാരീരികമായും മത്സരത്തിൽ ചൈനീസ് താരത്തിന് മേൽ മുൻതൂക്കം നേടിയ വീനസ് രണ്ടാം സെറ്റിൽ ഒരു ഗെയിം പോലും വിട്ടുകൊടുത്തില്ല. 6-0 ത്തിനു രണ്ടാം സെറ്റും മത്സരവും അമേരിക്കൻ താരത്തിന് സ്വന്തം.