ലുകാകുവിന്റെ അരങ്ങേറ്റം കസറി, ഇന്റർ മിലാന് വൻ വിജയം

സീരി എയിലെ റൊമേലു ലുകാകുവിന്റെ അരങ്ങേറ്റത്തിൽ താരവും ഇന്റൽ മിലാനും കസറി. ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലെചെയെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അന്റോണിയോ കോണ്ടെയുടെ ഇറ്റലിയിലേക്കുള്ള വരവ് വെറുതെ ആയിരിക്കില്ല എന്നത് കൂടെ ഫലം സൂചിപ്പിക്കുന്നു.

അരങ്ങേറ്റക്കാരൻ ലുകാകു ഉൾപ്പെടെ ഇന്റർ മിലാൻ ഒന്നാകെ മികച്ച പ്രകടനം ആണ് ഇന്ന് നടത്തിയത്. കളി ആരംഭിച്ച് 21ആം മിനുട്ടിൽ തന്നെ ഇന്റർ മുന്നിൽ എത്തി. ബ്രൊസോവിചിന്റെ വകയായിരുന്നു ഗോൾ. പിന്നാലെ സെൻസിയിലൂടെ ഇന്റർ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ആയിരുന്നു ലുകാകുവിന്റെ ഗോൾ വന്നത്. 80 മില്യൺ നൽകി ലുകാകുവിനെ എത്തിച്ചതിനെ ന്യായീകരിക്കുന്ന പ്രകടനമാണ് ലുകാകു ഇന്ന് നടത്തിയത്.

കളിയുടെ 84ആം മിനുട്ടിൽ ഒരു മനോഹര സ്ട്രൈക്കിലൂടെ കാൻഡ്രേവ ആണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഈ വിജയത്തോടെ ഇന്റർ മിലാൻ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.

Previous articleഎതിരാളികളെ തകർത്ത് ദ്യോക്കോവിച്ചും വീനസും രണ്ടാം റൗണ്ടിൽ
Next articleപ്രീ സീസണുള്ള മുംബൈ ടീമിൽ അർജുൻ ടെണ്ടുൽക്കറും