യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ അവിശ്വസനീയ തിരിച്ചു വരവ് നടത്തി ആറാം സീഡ് ആര്യാന സബലങ്ക. കയിയ കനെപിക്ക് എതിരെ ആദ്യ സെറ്റ് 6-2 നു കൈവിട്ട സബലങ്ക രണ്ടാം സെറ്റിൽ 5-1 നു പിറകിൽ ആയിരുന്നു. തുടർന്ന് രണ്ടു മാച്ച് പോയിന്റ് രക്ഷിച്ചു സെറ്റ് ടൈബ്രൈക്കറിൽ നേടിയ താരം മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റ് 6-4 നു നേടി തിരിച്ചു വരവ് പൂർത്തിയാക്കി സബലങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ക്ലാര ബുരൽ ആണ് സബലങ്കയുടെ എതിരാളി. നാട്ടുകാരിയായ മേരി ബൗസ്കോവയെ 6-3, 6-2 എന്ന സ്കോറിന് മറികടന്ന ചെക് താരവും 22 സീഡും ആയ കരോളിന പ്ലിസ്കോവയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
ചെക് താരം ലിന്റയെ 6-0, 6-4 എന്ന സ്കോറിന് തകർത്താണ് ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസ മൂന്നാം റൗണ്ടിൽ എത്തിയത്. മത്സരത്തിൽ 5 തവണ എതിരാളിയുടെ സർവീസ് സ്പാനിഷ് താരം ബ്രൈക്ക് ചെയ്തു. മൂന്നാം റൗണ്ടിൽ 21 സീഡ് ചെക് താരം പെട്ര ക്വിറ്റോവയാണ് മുഗുരുസയുടെ എതിരാളി. എതിരാളി പരിക്കേറ്റു പിന്മാറിയതോടെയാണ് ക്വിറ്റോവ മൂന്നാം റൗണ്ടിൽ എത്തിയത്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം ക്രിസ്റ്റീനയെ 6-2, 7-5 എന്ന സ്കോറിന് തകർത്തു അമേരിക്കൻ താരവും 19 സീഡും ആയ ഡാനിയേല കോളിൻസും മൂന്നാം റൗണ്ടിൽ എത്തി. ആദ്യ റൗണ്ടിൽ ഒസാക്കയെ വീഴ്ത്തി ആയിരുന്നു താരം രണ്ടാം റൗണ്ടിൽ എത്തിയത്.