അട്ടിമറികൾ കണ്ട ദിനത്തിൽ സെറീന വില്യംസ്‌ ക്വാട്ടർ ഫൈനലിലേക്ക്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം സീഡും മൂന്നാം സീഡും മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുറത്താവുന്ന കാഴ്ച ആണ് ഇന്ന് യു.എസ് ഓപ്പൺ വനിത വിഭാഗത്തിൽ കണ്ടത്. എന്നാൽ 8 സീഡ് സെറീന വില്യംസിനെ ഇതൊന്നും വലച്ചില്ല. 22 സീഡ് ക്രൊയേഷ്യയുടെ പെട്ര മാർട്ടിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു അമേരിക്കൻ താരം ക്വാട്ടർ ഫൈനലിൽ. ആദ്യ സെറ്റിൽ ബ്രൈക്ക് വഴങ്ങി തുടങ്ങിയ സെറീന തന്റെ വിശ്വരൂപം പൂണ്ടപ്പോൾ മറുപടി നൽകാൻ എതിരാളിക്ക് ആയില്ല. ആദ്യ സെറ്റ് 6-3 നും 6-4 നു രണ്ടാം സെറ്റും നേടിയ സെറീന തന്റെ 24 ഗ്രാന്റ്‌ സ്‌ലാം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറി. 2014 നു ശേഷം ആദ്യമായി ഗ്രാന്റ്‌ സ്‌ലാം ക്വാട്ടറിൽ എത്തുന്ന ചൈനീസ് താരമായ ഖാങ് വാങ് ആണ് ക്വാട്ടറിൽ സെറീനയുടെ എതിരാളി. രണ്ടാം സീഡ് ആഷ്ലി ബാർട്ടിയെ അട്ടിമറിച്ചാണ് ചൈനീസ് താരം ക്വാട്ടറിൽ കടന്നത് എന്നതിനാൽ മത്സരം എളുപ്പമായി കാണാൻ സെറീനക്കു ആവില്ല.

അതേസമയം 10 സീഡും അമേരിക്കൻ താരവുമായ മാഡിസൺ കീയ്സിനെ മറികടന്ന അഞ്ചാം സീഡ് എലീന സ്വിവിറ്റോലീനയും യു.എസ് ഓപ്പൺ ക്വാട്ടറിൽ കടന്നു. നേരിട്ടുള്ള സെറ്റുകൾക്ക് കീഴടങ്ങിയ കീയ്സിന് പ്രതീക്ഷകൾ കാക്കാൻ ആയില്ല. ആദ്യ സെറ്റ് 7-5 നും രണ്ടാം സെറ്റ് 6-4 നും സ്വന്തമാക്കിയ സ്വിവിറ്റോലീന തന്റെ യു.എസ് ഓപ്പൺ പ്രയാണം ക്വാട്ടറിലേക്ക് നീട്ടി. ക്വാട്ടറിൽ 1983 നു ശേഷം യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ എത്തിയ ആദ്യ ബ്രിട്ടീഷ് വനിത താരമായ യൊഹാന കോന്റയാണ് സ്വിവിറ്റോലീനയുടെ എതിരാളി. 16 സീഡ് ആയ കോന്റ മൂന്നാം സീഡ് കരോളിന പ്ലിസ്കോവയെ മറികടന്നാണ് ക്വാട്ടർ ഫൈനലിൽ എത്തിയത്.