അത്ഭുതം ഒന്നും ഉണ്ടായില്ല എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ എന്നും ഷറപ്പോവയുടെ മേലുള്ള തന്റെ ആധിപത്യം സെറീന വില്യംസ് തുടർന്നപ്പോൾ ആർതർ ആഷ് മൈതാനത്ത് 2006 ലെ ചാമ്പ്യനു മറുപടി ഉണ്ടായില്ല. അധികം വിയർക്കേണ്ട ആവശ്യം ഇല്ലായിരുന്നു തന്റെ 24 മത്തെ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന സെറീനക്കു. രണ്ട് സെറ്റുകളും 6-1,6-1 എന്ന സ്കോറിന് എടുത്ത 8 സീഡ് സെറീന ഒരിക്കൽ കൂടി യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക്. കഴിഞ്ഞ 14 വർഷത്തിൽ ഒരിക്കൽ പോലും സെറീന വില്യംസിനെ മറികടക്കാൻ മുൻ ലോകഒന്നാം നമ്പർ ആയ റഷ്യൻ താരത്തിന് ആയിട്ടില്ല. അതേസമയം അട്ടിമറികൾ തുടരുകയാണ് പുരുഷവിഭാഗത്തിൽ ഒന്നാം ദിനം.
11 സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ 4 സീറ്റുകൾ(6-3,6-4,6-7,6-3) നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ച സീഡ് ചെയ്യാത്ത അമേരിക്കയുടെ റെയ്‌ലി ഒപെൽക്ക തുടങ്ങിയപ്പോൾ തുടർന്നും കണ്ടു ചെറിയ അട്ടിമറികൾ. അർജന്റീനയുടെ 19 സീഡ് ഗെഡോ പെല്ലയും അമേരിക്കയുടെ 26 സീഡ് ടെയ്‌ലർ ഫ്രിറ്റ്സും സീഡ് ചെയ്യാത്ത സ്പാനിഷ് താരങ്ങൾ ആയ പാബ്ലോ ബുസ്റ്റക്കും ഫെലിസിയാനോ ലോപ്പസിനും മുന്നിൽ ആദ്യറൗണ്ടിൽ തന്നെ വീണു. അർജന്റീനയുടെ ലോണ്ടറോയോട് തോറ്റ് അമേരിക്കൻ താരം സാം ക്യൂറെയും പുറത്താകുന്നത് ഇന്ന് കണ്ടു. അതേസമയം നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യൻ താരത്തെ മറികടന്നു 12 സീഡ് ബോർണ കോരിക്, ഫ്രഞ്ച് താരത്തെ മറികടന്നു അനുഭവസമ്പന്നനായ 15 സീഡ് ഡേവിഡ് ഗോഫിൻ, ഇറ്റാലിയൻ താരം ആന്ദ്രസ് സെപ്പിയെ വീഴ്ത്തി ഗ്രിഗോർ ദിമിത്രോവ് എന്നിവർ യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.