യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ 13 സീഡ് മറ്റെയോ ബരെറ്റിനിയോട് പൊരുതി കീഴടങ്ങി ഇതിഹാസതാരം ആന്റി മറെ. നാലു സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആണ് മറെ പരാജയം സമ്മാനിച്ചത്. ആദ്യ സെറ്റിൽ ബ്രൈക്ക് പോയിന്റ് കണ്ടത്താൻ ആയെങ്കിലും ഇത് മുതലെടുക്കാൻ മറെക്ക് ആവാതിരുന്നതോടെ ബ്രൈക്ക് കണ്ടത്തിയ ബരെറ്റിനി സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റും ഇറ്റാലിയൻ താരം 6-4 നു നേടിയതോടെ മറെ പ്രതിസന്ധിയിലായി. എന്നാൽ മൂന്നാം സെറ്റ് ടൈബ്രൈക്കറിലേക്ക് നീട്ടിയ ബ്രിട്ടീഷ് താരം ആ സെറ്റ് ടൈബ്രൈക്കറിൽ സ്വന്തമാക്കി മത്സരം നാലാം സെറ്റിലേക്ക് നീട്ടി.
നാലാം സെറ്റിലും പൊരുതി നോക്കിയെങ്കിലും സെറ്റ് 6-3 നു നേടിയ ഇറ്റാലിയൻ താരം മറെയുടെ പോരാട്ടം അതിജീവിക്കുക ആയിരുന്നു. 18 ഏസുകൾ ഉതിർത്ത ബരെറ്റിനിയുടെ സർവീസ് 2 തവണ ബ്രൈക്ക് ചെയ്യാൻ മറെക്ക് ആയെങ്കിലും 5 തവണ സർവീസ് ബ്രൈക്ക് മറെ വഴങ്ങി. നാലാം റൗണ്ടിൽ ഡേവിഡോവിച് ഫോകിന ആണ് ബരെറ്റിനിയുടെ എതിരാളി. 27 സീഡ് കാരൻ ഖാചനോവും നാലാം റൗണ്ടിലേക്ക് മുന്നേറി. ബ്രിട്ടീഷ് താരം ജാക് ഡ്രേപ്പർ പരിക്കേറ്റു പിന്മാറിയതോടെയാണ് ഖാചനോവ് നാലാം റൗണ്ടിൽ എത്തിയത്. 6-3, 4-6, 6-5 എന്ന നിലയിൽ മൂന്നാം സെറ്റിൽ ഖാചനോവ് മുന്നിട്ട് നിൽക്കുമ്പോൾ ആണ് ബ്രിട്ടീഷ് താരം മത്സരത്തിൽ നിന്നു പിന്മാറിയത്.