യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഒൻസ്, അമേരിക്കൻ പോരാട്ടം ജയിച്ചു കൊക്കോ ഗോഫും നാലാം റൗണ്ടിൽ

Wasim Akram

Screenshot 20220903 040700 01

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ടുണീഷ്യൻ താരവും അഞ്ചാം സീഡും ആയ ഒൻസ് യാബ്യുർ. കരിയറിൽ ഇത് ആദ്യമായാണ് ഒൻസ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ എത്തുന്നത്. അമേരിക്കൻ താരം ഷെൽബി റോജേഴ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ഒൻസ് മറികടന്നത്. മത്സരത്തിൽ നാലു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്തു ഒൻസ്. ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷം തിരിച്ചു വന്ന ആഫ്രിക്കൻ താരം രണ്ടും മൂന്നും സെറ്റുകൾ 6-4, 6-3 എന്ന സ്കോറിന് സ്വന്തമാക്കി അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു. ദൽമ ഗാൽഫിയെ 6-2, 6-0 എന്ന സ്കോറിന് തകർത്തു വരുന്ന റഷ്യയുടെ 18 സീഡ് വെറോണിക കുണ്ടർമെറ്റോവയാണ് ഒൻസിന്റെ നാലാം റൗണ്ടിലെ എതിരാളി.

യു.എസ് ഓപ്പൺ

അമേരിക്കൻ പോരാട്ടത്തിൽ 20 സീഡ് മാഡിസൺ കീയ്സിനെ 6-2, 6-3 എന്ന സ്കോറിന് തകർത്ത 12 സീഡ് കൊക്കോ ഗോഫും അവസാന പതിനാറിൽ സ്ഥാനം പിടിച്ചു. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗോഫ് തീർത്തും ആധികാരിക ജയം ആണ് നേടിയത്. കരിയറിൽ ആദ്യമായാണ് യു.എസ് ഓപ്പൺ അവസാന എട്ടിൽ ഗോഫ് എത്തുന്നത്. ഇതോടെ 1998 നു ശേഷം നാലു ഗ്രാന്റ് സ്‌ലാമുകളിലും നാലാം റൗണ്ടിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗോഫ് മാറി. കനേഡിയൻ താരം റബേക്കയെ 6-2, 6-4 എന്ന സ്കോറിന് തകർത്തു വരുന്ന ഷാങ് ഷു ആണ് ഗോഫിന്റെ നാലാം റൗണ്ടിലെ എതിരാളി.