സ്റ്റാൻ ദ മാൻ! ദ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നിന്ന് പരിക്കേറ്റു പുറത്ത്

നൊവാക് ദ്യോക്കോവിച്ചിന്റെ മറ്റൊരു സമഗ്രാധിപത്യം ഈ യു.എസ് ഓപ്പണിൽ കാണുകയില്ലെന്നു ഉറപ്പായി. നാലാം റൗണ്ടിൽ സ്റ്റാൻ വാവറിങ്കക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റു പിന്മാറിയതോടെയാണ് ഒന്നാം സീഡും നിലവിലെ ജേതാവും ആയ സെർബിയൻ താരം പുറത്തേക്കുള്ള വഴി കണ്ടത്. 2016 ലെ ഫൈനലിൽ ഏറ്റ തോൽവിക്ക് പ്രതികാരം തേടിയാണ് നൊവാക് സ്വിസ് താരവും 23 സീഡുമായ വാവറിങ്കക്ക് എതിരായ മത്സരത്തിനു ഇറങ്ങിയത്. എന്നാൽ മുമ്പേ പരിക്ക് അലട്ടിയ നൊവാക് പൂർണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ല എന്ന സംശയം ആദ്യമേ ഉണ്ടായിരുന്നു.

ആദ്യ സെറ്റ് 6-4 നേടിയ സ്റ്റാൻ ദ്യോക്കോവിച്ച് ആരാധകർക്ക് ആദ്യ ഞെട്ടൽ സമ്മാനിച്ചു. രണ്ടാം സെറ്റിൽ തനിക്ക് ആവും വിധം പൊരുതുന്ന ദ്യോക്കോവിച്ചിനെ കണ്ടു. എന്നാൽ വിട്ട് കൊടുക്കാൻ വാവറിങ്ക തയ്യാറായിരുന്നില്ല.7-5 നു രണ്ടാം സെറ്റും സ്വിസ് താരത്തിന് സ്വന്തം. ഇതോടെ മത്സരത്തിൽ തിരിച്ചു വരിക പ്രയാസം ആണെന്ന് സെർബിയൻ താരം തിരിച്ചറിഞ്ഞു. മൂന്നാം സെറ്റിൽ 2-1 നു പിന്നിൽ നിൽക്കുമ്പോൾ പരിക്ക് ഒരിക്കൽ കൂടി അലട്ടിയതോടെ പിന്മാറാൻ സെർബിയൻ താരം നിർബന്ധിതനായി. ഇതോടെ വർഷത്തെ മൂന്നാം ഗ്രാന്റ്‌ സ്‌ലാം എന്ന ലക്ഷ്യം ആണ് നോവാക്കിന്‌ നഷ്ടമാവുന്നത്.

താരത്തിന്റെ പുറത്താകൽ വലിയ സാധ്യത ആണ് മറ്റ് താരങ്ങൾക്ക് നൽകുക. 2016 ആവർത്തിക്കാൻ ആവും വാവറിങ്കയുടെ ശ്രമം. അതേസമയം ജർമ്മനിയുടെ ഡൊമനിക് കോപ്ഫറെ ആദ്യ സെറ്റിൽ പിറകെ നിന്ന ശേഷം മറികടന്ന റഷ്യയുടെ അഞ്ചാം സീഡ് ഡാനി മെദ്വദേവും ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷം അടുത്ത രണ്ടു സെറ്റും നേടിയ റഷ്യൻ താരം നാലാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് മത്സരം സ്വന്തമാക്കിയത്. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന മെദ്വദേവ്‌ വാവറിങ്ക ക്വാട്ടർ ഫൈനൽ തീപാറും എന്നുറപ്പാണ്. സ്‌കോർ 3-6,6-3,6-2,7-6