സൂപ്പർ ഹ്യൂമൻ! തുടർച്ചയായ മൂന്നാം മത്സരവും 5 സെറ്റ് പോരാട്ടത്തിൽ ജയിച്ചു അൽകാരസ്! 19 മത്തെ വയസ്സിൽ യു.എസ് ഓപ്പൺ ഫൈനലിൽ!!!

Wasim Akram

20220910 093711

യു.എസ് ഓപ്പൺ കിരീടം നേടിയാൽ അൽകാരസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമാവും

അവിശ്വസനീയ പ്രകടനവും ആയി യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി 19 കാരൻ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ്. തുടർച്ചയായ മൂന്നാം മത്സരത്തിലും അഞ്ചു സെറ്റ് പോരാട്ടം അതിജീവിച്ചു ആണ് മൂന്നാം സീഡ് ആയ അൽകാരസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നാലു മണിക്കൂർ 18 മിനിറ്റ് നീണ്ട പോരാട്ടത്തിൽ സ്വന്തം കാണികളുടെ മികച്ച പിന്തുണയും ആയി കളിച്ച 22 സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയെഫോ മികച്ച പോരാട്ടം ആണ് അൽകാരസിന് നൽകിയത്. എല്ലാ അർത്ഥത്തിലും ആവേശം നൽകുന്ന സെമിഫൈനൽ ആയിരുന്നു ഇത്.

ഇരു താരങ്ങളും സർവീസ് നിലനിർത്തുന്ന ആദ്യ സെറ്റ് ആണ് കാണാൻ ആയത്. ഇടക്ക് വഴങ്ങിയ ബ്രേക്ക് പോയിന്റുകൾ ടിയെഫോ രക്ഷിച്ചു. തുടർന്ന് സെറ്റ് ടൈബ്രേക്കറിൽ മികച്ച പോരാട്ടം അതിജീവിച്ചു അമേരിക്കൻ താരം 7-6(8-6) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ അൽകാരസ് കൂടുതൽ ശക്തൻ ആവുന്നത് ആണ് കാണാൻ ആയത്. ആദ്യമായി എതിരാളിയുടെ സർവീസ് അൽകാരസ് ബ്രേക്ക് ചെയ്തു. തുടർന്ന് 2 ബ്രേക്ക് പോയിന്റുകൾ രക്ഷിച്ചു സർവീസ് നിലനിർത്തിയ താരം 6-3 നു രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ഒപ്പം എത്തി.

മൂന്നാം സെറ്റിൽ അൽകാരസിന്റെ സമ്പൂർണ ആധിപത്യം ആണ് കാണാൻ ആയത്. ടിയെഫോയുടെ ആദ്യ സെറ്റ് ബ്രേക്ക് ചെയ്ത അൽകാരസ് ഇരട്ട സർവീസ് ബ്രേക്ക് നേടിയ ശേഷം സെറ്റ് 6-1 നു സ്വന്തം പേരിൽ കുറിച്ചു. തന്റെ കളിയിൽ പിറകോട്ട് പോയ ടിയെഫോ മത്സരം ഉടൻ കൈവിടും എന്നാണ് തോന്നിയത്. അത്രക്ക് ഉഗ്രമായി ഈ സമയത്ത് അൽകാരസ് കളിച്ചു. നാലാം സെറ്റിൽ തുടക്കത്തിൽ തന്നെ അൽകാരസ് ബ്രേക്ക് കണ്ടതിയതോടെ മത്സരം നാലാം സെറ്റിൽ തീരും എന്നു തോന്നി. എന്നാൽ അവിശ്വസനീയം ആയ ബാക്ക് ഹാന്റ് റിട്ടേൺ തൊടുത്ത ടിയെഫോ ബ്രേക്ക് അടുത്ത സർവീസിൽ തന്നെ തിരിച്ചു പിടിച്ചു. അടുത്ത ടിയെഫോയുടെ സർവീസിൽ വീണ്ടും അൽകാരസ് ബ്രേക്ക് പോയിന്റുകൾ സൃഷ്ടിച്ചു. ഇതിൽ രണ്ട് എണ്ണം രക്ഷിക്കാൻ ആയി എങ്കിലും അമേരിക്കൻ താരം ഒരിക്കൽ കൂടി ബ്രേക്ക് വഴങ്ങി.

എന്നാൽ തൊട്ടടുത്ത സർവീസിൽ ടിയെഫോ ബ്രേക്ക് തിരിച്ചു പിടിക്കുന്നത് ആണ് വീണ്ടും കാണാൻ ആയത്. തുടർന്ന് സെറ്റിൽ സർവീസ് നിലനിർത്തി അമേരിക്കൻ താരം. എന്നാൽ തുടർന്ന് ടിയെഫോയുടെ സർവീസിൽ മാച്ച് പോയിന്റ് സൃഷ്ടിച്ചു അൽകാരസ്. എന്നാൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ അവിശ്വസനീയം എന്നു പറയാവുന്ന ഷോട്ടിലൂടെ അമേരിക്കൻ താരം അത് രക്ഷിച്ചു സർവീസ് നിലനിർത്തി. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ഇത്തവണയും ടൈബ്രേക്കറിൽ സെറ്റ് 7-6(7-5) എന്ന സ്കോറിന് ടിയെഫോ നേടി. ഈ യു.എസ് ഓപ്പണിൽ ടിയെഫോ ജയിക്കുന്ന ഒമ്പതാം ടൈബ്രേക്കർ ആയിരുന്നു ഇത്. ഇതോടെ ഒരു യു.എസ് ഓപ്പണിൽ ഏറ്റവും കൂടുതൽ ടൈബ്രേക്കറുകൾ ജയിക്കുന്ന റെക്കോർഡ് സാക്ഷാൽ പീറ്റ് സാമ്പ്രസിൽ നിന്നു അമേരിക്കൻ താരം സ്വന്തം പേരിൽ കുറിച്ചു.

യു.എസ് ഓപ്പൺ

അഞ്ചാം സെറ്റിൽ തുടക്കത്തിൽ തന്നെ അൽകാരസ് ഒരിക്കൽ കൂടി ടിയെഫോയെ ബ്രേക്ക് ചെയ്തു. എന്നാൽ തൊട്ടടുത്ത സർവീസിൽ ടിയെഫോ ബ്രേക്ക് തിരിച്ചു പിടിച്ചു. എന്നാൽ ലേശം തളർന്ന ടിയെഫോയെ ഒരിക്കൽ കൂടി അൽകാരസ് അടുത്ത സർവീസിൽ തന്നെ ബ്രേക്ക് ചെയ്തു. അവിശ്വസനീയവും മനോഹരവുമായ ഒരു ലോബിലൂടെ ആണ് അൽകാരസ് ബ്രേക്ക് പോയിന്റ് സൃഷ്ടിച്ചത്. നിർണായക സമയത്ത് ടിയെഫോ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത് താരത്തിന് വിനയായി. തുടർന്ന് ഇരു താരങ്ങളും സർവീസ് നിലനിർത്തി. അതിമനോഹരവും സുന്ദരവും ആയ ഷോട്ടുകളിലൂടെ അൽകാരസ് മാച്ച് പോയിന്റുകൾ ഒരിക്കൽ കൂടി സൃഷ്ടിച്ചു. 2 മാച്ച് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും ഒടുവിൽ അഞ്ചാം സെറ്റ് 6-3 നു അടിയറവ് പറഞ്ഞ ടിയെഫോ അൽകാരസിന്റെ മികവിന് മുന്നിൽ തോൽവി സമ്മതിച്ചു.

മത്സരത്തിൽ 15 ഏസുകളും 6 സർവീസ് ഇരട്ടപ്പിഴവുകളും വരുത്തിയ ടിയെഫോയുടെ സർവീസ് 9 തവണയാണ് അൽകാരസ് ബ്രേക്ക് ചെയ്തത്. ജയത്തോടെ 19 മത്തെ വയസ്സിൽ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് അൽകാരസ് യോഗ്യത നേടി. ഓപ്പൺ യുഗത്തിൽ യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ മാത്രം ടീനേജർ ആണ് അൽകാരസ്. ഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ് ആണ് അൽകാരസിന്റെ എതിരാളി. ആരു ജയിച്ചാലും അവർ ലോക ഒന്നാം നമ്പർ ആവും എന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ട്. ജയിച്ചാൽ യു.എസ് ഓപ്പൺ കിരീടത്തിനു ഒപ്പം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഒന്നാം നമ്പർ താരമായും കാർലോസ് അൽകാരസ് മാറും.

യു.എസ് ഓപ്പൺ

നദാലിനെയും റൂബ്ലേവിനെയും അട്ടിമറിച്ചു മത്സരത്തിന് എത്തിയ ടിയെഫോ മത്സരത്തിൽ എല്ലാം നൽകി. മത്സരത്തിന് ശേഷം വികാരപരമായും താരം കാണപ്പെട്ടു. എന്നാൽ അൽകാരസിന്റെ അമാനുഷിക മികവിന് മുമ്പിൽ അമേരിക്കൻ താരത്തിന് തോൽവി സമ്മതിക്കേണ്ടി വന്നു. മനോഹരമായ ഷോട്ടുകളും കളം നിറഞ്ഞു കളിക്കുന്ന മികവും കൊണ്ട് മൈതാനം അൽകാരസ് ഭരിക്കുക തന്നെയായിരുന്നു ഇന്ന്. ഇതിനകം തന്നെ രണ്ടാം റാങ്ക് ഉറപ്പിച്ചു ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ രണ്ടാം റാങ്കുകാരൻ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഫൈനലിൽ വളരെ മികവോടെ കളിക്കുന്ന റൂഡ് വലിയ വെല്ലുവിളി ആവും എന്നു അൽകാരസ് മത്സരശേഷം പറഞ്ഞു. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടത്തിനും ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരൻ എന്ന ചരിത്രവും തേടി ഇറങ്ങുന്ന അൽകാരസിന് എതിരെ റൂഡിന് കാര്യങ്ങൾ എളുപ്പം ആവില്ല എന്നുറപ്പാണ്.