വാവറിങ്കയെയും കാണികളേയും തോൽപ്പിച്ച് മെദ്വദേവ്‌ യു.എസ് ഓപ്പൺ സെമിഫൈനലിൽ

23 സീഡും മുൻ ജേതാവും ആയ സ്റ്റാൻ വാവറിങ്കയെയും തനിക്കെതിരെ തിരിഞ്ഞ യു.എസ് ഓപ്പൺ ആരാധകരെയും തോൽപ്പിച്ച് റഷ്യയുടെ അഞ്ചാം സീഡ് ഡാനിൽ മെദ്വദേവ്‌ യു.എസ് ഓപ്പൺ സെമിഫൈനലിൽ കടന്നു. ആദ്യ സെറ്റിൽ അലട്ടിയ പരിക്ക് അതിജീവിച്ചാണ് സിൻസിനാറ്റി ജേതാവ് കൂടിയായ മെദ്വദേവ്‌ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ വാവറിങ്കയെ മറികടന്നത്. ദ്യോക്കോവിച്ചിനെ മറികടന്ന് ക്വാട്ടർ ഫൈനലിൽ എത്തിയ വാവറിങ്കക്ക് എതിരെ മിന്നും പ്രകടനം ആണ് റഷ്യൻ താരം പുറത്ത് എടുത്തത്. ആദ്യത്തെ സെറ്റിൽ പുറത്തെടുത്ത ആധിപത്യം മെദ്വദേവിനു തുടരാൻ സാധിക്കാത്തതോടെ സെറ്റ് ടൈബ്രേക്കറിലേക്ക്. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് നേടിയ മെദ്വദേവ്‌ മത്സരത്തിൽ മുൻതൂക്കം നേടി.

രണ്ടാം സെറ്റിൽ തന്റെ കളി കൂടുതൽ നന്നാക്കിയ റഷ്യൻ താരം സ്വിസ് താരത്തിന്റെ വെല്ലുവിളിയെ അനായാസം അതിജീവിച്ചു. 6-3 നു രണ്ടാം സെറ്റും അഞ്ചാം സീഡിന് സ്വന്തം. എന്നാൽ മൂന്നാം സെറ്റിൽ മത്സരത്തിൽ തുടരാൻ സെറ്റ് നേടേണ്ടിയിരുന്ന സ്വിസ് താരം സകലകഴിവും എടുത്ത് പൊരുതി. പലപ്പോഴും വിട്ടകൊടുക്കാൻ തയ്യാറാകാതെ പൊരുതിയ മെദ്വദേവിനെ 6-3 നു മറികടന്ന വാവറിങ്ക മത്സരത്തിൽ തിരിച്ചെത്തി. എന്നാൽ നാലാം സെറ്റിൽ വാവറിങ്കക്ക് ഒരവസരവും നൽകാൻ റഷ്യൻ താരം തയ്യാറായില്ല. 6-1 നു നാലാം സെറ്റും മത്സരവും റഷ്യൻ താരത്തിന് സ്വന്തം. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന മെദ്വദേവ്‌ ഇന്നത്തെ പ്രകടത്തിലൂടെ വലിയ മുന്നറിയിപ്പ് ആണ് എതിരാളികൾക്ക് നൽകിയത്. കന്നി ഗ്രാന്റ്‌ സ്‌ലാം നേടാൻ റഷ്യൻ താരത്തിന് ആവുമോ എന്നു കണ്ട് തന്നെ അറിയണം.