യു.എസ് ഓപ്പൺ കളത്തിലെ കാമുകനും കാമുകിയും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

‘ഞാൻ സെമിഫൈനലിൽ എത്തി, ഇനി നിങ്ങളുടെ ഊഴം’ യു.എസ് ഓപ്പൺ സെമിഫൈനലിൽ പ്രേവേശിച്ച ശേഷം തന്റെ ടീം ബോക്‌സിൽ ഇരുന്ന കാമുകനെ നോക്കി ഉക്രൈൻ താരം എലീന സ്വിവിറ്റോലീന പറഞ്ഞ വാക്കുകൾ ആണ്. ആദ്യമായി ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിൽ എത്തിയ സ്വിവിറ്റോലീനയുടെ കാമുകൻ അത്ര ചില്ലറക്കാരനല്ല. ടെന്നീസിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണത്, ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസ്. പലപ്പോഴും വമ്പൻ താരങ്ങൾക്ക് വലിയ ഭീഷണി ആവാറുള്ള, അപാരമായ ടെന്നീസ് കഴിവുകൾ ഉള്ള പലപ്പോഴും ആ കഴിവുകൾ ശരിയായി വിനിയോഗിക്കാറില്ല എന്ന വിമർശനം കേൾക്കാറുള്ള അതേ മോൻഫിൽസ്. ഈ യു.എസ് ഓപ്പണിൽ 13 സീഡ് ആയാണ് മോൻഫിൽസ് എത്തിയതെങ്കിൽ അഞ്ചാം സീഡ് ആയിരുന്നു കാമുകി സ്വിവിറ്റോലീന.

ഇപ്പോൾ സെമിഫൈനൽ പ്രവേശനം ഉക്രൈൻ താരം പൂർത്തിയാക്കിയതിനാൽ തന്നെ സ്വിവിറ്റോലീന പറഞ്ഞ പോലെ ഇനി അവസരം ഫ്രഞ്ച് താരത്തിന്റെതാണ്. ക്വാട്ടർ ഫൈനലിൽ 24 സീഡ് ഇറ്റലിയുടെ മറ്റിയോ ബരേറ്റിനിയെ നേരിടാൻ ഇറങ്ങുമ്പോൾ നാലാം റൗണ്ടിൽ അടക്കം പുറത്തെടുത്ത മികച്ച പ്രകടനം ആവർത്തിക്കാൻ ആവും ഫ്രഞ്ച് താരത്തിന്റെ ശ്രമം. എന്നും തങ്ങൾ ഇരുവരും ഇരു താരങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായി പറഞ്ഞ സ്വിവിറ്റോലീന തങ്ങൾക്കിടയിൽ ചെറിയ രീതിയിൽ മത്സരം ഉണ്ടെന്നും പറഞ്ഞിരുന്നു. അതിനാൽ തന്നെ കാമുകിയുമായുള്ള മത്സരത്തിൽ ഒപ്പമെത്താൻ ആവും ഫ്രഞ്ച്‌ താരത്തിന്റെ ശ്രമം. യു.എസ് ഓപ്പൺ കിരീടവുമായി ഇരുവരും ടൂർണമെന്റിന്റെ അവസാനം നിൽക്കുകയാണെങ്കിൽ ടെന്നീസിലെ എന്നല്ല കായിക രംഗത്തിലെ തന്നെ ഏറ്റവും അപൂർവ്വം ആയ കാഴ്ചകളിൽ ഒന്നാവും അത്.