രണ്ടാം സീഡ് കെനിനെ വീഴ്‌ത്തി മെർട്ടൻസും അട്ടിമറിയും ആയി അസരങ്കയും ക്വാർട്ടർ ഫൈനലിൽ

സമീപകാലത്ത് എന്ന പോലെ വനിതാ ടെന്നീസിലെ അപ്രതീക്ഷിത സ്വഭാവം ഈ യു.എസ് ഓപ്പണിലും തുടരുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവും രണ്ടാം സീഡുമായ അമേരിക്കൻ താരം സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പതിനാറാം സീഡ് ബെൽജിയം താരം എൽസി മെർട്ടൻസ് അട്ടിമറിച്ചത്. മത്സരത്തിൽ സകല നിലക്കും ആധിപത്യം നേടിയ മെർട്ടൻസ് ഇരു സെറ്റുകളിലും ആയി നാലു തവണയാണ് കെനിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്. മത്സരത്തിൽ 7 ഏസുകളും ഉതിർത്ത ബെൽജിയം താരം 6-3, 6-3 എന്ന സ്കോറിന് ആണ് അവസാന എട്ടിലേക്ക് മുന്നേറിയത്.

അവസാന എട്ടിൽ ഇരുപതാം സീഡ് ചെക് താരം കരോളിന മുച്ചോവയെ അട്ടിമറിച്ച് എത്തുന്ന മുൻ ലോക ഒന്നാം നമ്പർ ആയ വിക്ടോറിയ അസരങ്ക ആണ് മെർട്ടൻസിന്റെ എതിരാളി. മുച്ചോവക്ക് എതിരെ ആദ്യ സെറ്റ് 7-5 നു നഷ്ടമായ ശേഷം ആയിരുന്നു ബെലാറസ് താരമായ അസരങ്കയുടെ ജയം. ഇതോടെ ഈ വർഷം യു.എസ് ഓപ്പൺ അവസാന എട്ടിൽ എത്തുന്ന മൂന്നാമത്തെ അമ്മയായി അസരങ്ക. നേരത്തെ സെറീന, പിരങ്കോവ എന്നിവരും അവസാന എട്ടിൽ എത്തിയിരുന്നു. 4 തവണ ബ്രൈക്ക് വഴങ്ങി എങ്കിലും 6 തവണ മുച്ചോവയുടെ സർവീസ് ഭേദിച്ച അസരങ്ക 6-1 നു രണ്ടാം സെറ്റും 6-4 നു മൂന്നാം സെറ്റും നേടിയാണ് മത്സരത്തിൽ ജയം കണ്ടത്. പരിചയസമ്പന്നരായ എതിരാളികൾ തമ്മിലുള്ള മികച്ച പോരാട്ടം തന്നെ ക്വാർട്ടർ ഫൈനലിൽ പ്രതീക്ഷിക്കാം.

Previous articleയു.എസ് ഓപ്പണിൽ നിന്നു സെമിഫൈനൽ കാണാതെ ബോപ്പണ്ണ സഖ്യം പുറത്ത്
Next articleആരാധകർ അതിരു വിടുന്നു, ലൈൻ റഫറിക്ക് ആരാധകരുടെ പിന്തുണ തേടി ജ്യോക്കോവിച്ച്