ജോക്കോവിച്ച് സംപ്രാസിനൊപ്പം

suhas

Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ രണ്ട് ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തോടെ നൊവാക് ജോക്കോവിച്ച് പിസ്റ്റൾ പീറ്റിന്റെ 14 ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിനൊപ്പം എത്തി. നേരത്തേ വിംബിൾഡണിൽ ജേതാവായ നൊവാക് എതിരാളികൾക്ക് ഒരു പഴുതും നൽകാതെയാണ് യുഎസ് ഓപ്പണിൽ മുത്തമിട്ടത്. ചൂട് ദുഷ്കരമാക്കിയ ഈ വർഷത്തെ യുഎസ് ഓപ്പണിൽ മാനസികമായും, ശാരീരികമായും മികച്ച് നിന്ന ജോക്കോവിച്ച് അർജന്റീനയുടെ ഡെൽപോട്രോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കിരീടം നേടിയത്. സ്‌കോർ 6-3,7-6,6-3. യുഎസ് ഓപ്പൺ വിജയത്തോടെ റാങ്കിങ്ങിൽ രണ്ടാമത് എത്തിയ നൊവാക് നദാലുമായുള്ള പോയിന്റ് വ്യത്യാസം 1000 ൽ താഴെയാക്കി കുറച്ചു. ഇതോടെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം മുറുകി.

ആദ്യ സെറ്റിൽ നിറം മങ്ങിയ ഡെൽപോട്രോയ്ക്ക് രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും മുതലാക്കുന്നതിൽ പരാജയപ്പെട്ടു. ഡെൽപോട്രോയുടെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ ആയിരുന്നു ഇത്. 2009 ൽ റോജർ ഫെഡറർക്കെതിരെ നാടകീയ വിജയത്തോടെ ഡെൽപോട്രോ യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്. ഗ്രാൻഡ്സ്ലാമുകളിൽ ഫെഡറർ, നദാൽ, ജോക്കോവിച്ച് വിജയത്തോടെയാണ് ഈ വർഷവും സമാപിക്കുന്നത്. യുവതാരങ്ങൾക്ക് വലിയ മത്സരങ്ങളിൽ മികവ് കണ്ടെത്താൻ കഴിയുന്നില്ല എന്നത് ടെന്നീസിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തയല്ല.