പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയം കൊയ്ത് ഗയാന

കരീബിയന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫുകള്‍ക്കായി ഒരുറങ്ങുമ്പോള്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഗയാനയ്ക്ക് ജയം. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയത്ത് നടന്ന മത്സരത്തില്‍ 6 വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 20 ഓവറില്‍ നിന്ന് 154/7 എന്ന സ്കോര്‍ നേടിയപ്പോള്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 14.1 ഓവറില്‍ വിജയം ഗയാന സ്വന്തമാക്കി. 13 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ് ആണ് ഗയാനയുടെ താരമായി മാറിയത്.

കാമറൂണ്‍ ഡെല്‍പോര്‍ട്ട്(37), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(59) എന്നിവരും വിജയികള്‍ക്കായി തിളങ്ങി. ട്രിന്‍ബാഗോയ്ക്കായി ഫവദ് അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഡാരെന്‍ ബ്രാവോ 42 റണ്‍സുമായി പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി. കെവണ്‍ കൂപ്പര്‍ 14 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ദിനേശ് രാംദിന്‍ 32 റണ്‍സ് നേടി. സൊഹൈല്‍ തന്‍വീര്‍, റയാദ് എമ്രിറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി ഗയാന ബൗളര്‍മാരില്‍ തിളങ്ങി.