പുരുഷ ഡബിൾസിൽ യു.എസ് ഓപ്പണിൽ ചരിത്രം എഴുതി ഒന്നാം സീഡും കൊളംബിയൻ സഖ്യവുമായ യുവാൻ സെബാസ്റ്റ്യൻ, റോബർട്ട് ഫറാ സഖ്യം. 30 ഗ്രാന്റ് സ്ലാമുകൾക്ക് ശേഷം കഴിഞ്ഞ വിംബിൾഡൺ കിരീടനേട്ടത്തോടെ ഗ്രാന്റ് സ്ലാം ജയം കുറിച്ച സഖ്യം ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ യു.എസ് ഓപ്പൺ ജേതാക്കൾ ആയി. വിംബിൾഡനും യു.എസ് ഓപ്പണും ഒരുമിച്ച് സ്വന്തമാക്കുന്ന അപൂർവ നേട്ടവും കൊളംബിയൻ സഖ്യം കൈവരിച്ചു.
മാർസൽ ഗ്രനോളേർസ്, ഹൊറോസിയോ സെബലോസ് സഖ്യത്തെ റൂഫിന് കീഴിൽ ആർതർ ആഷേ സ്റ്റേഡിയത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് കൊളംബിയൻ സഖ്യം ജയം കണ്ടത്. ആദ്യ സെറ്റ് 6-4 നു നേടിയ കൊളംബിയൻ താരങ്ങൾ നീണ്ട റാലികൾ ജയിച്ച് കാണികളിൽ ആവേശവും വിതറി. രണ്ടാം സെറ്റിൽ കടുത്ത വെല്ലുവിളി അതിജീവിച്ച അവർ 7-5 നു സെറ്റും മത്സരവും കൈക്കലാക്കി യു.എസ് ഓപ്പൺ കിരീടത്തിൽ ചുംബനം നൽകി.